'അയാളുടെ കഴുത്തിൽ നിന്നും രക്തം ചീറ്റുന്നുണ്ടായിരുന്നു, എന്‍റെ കൈകളിൽ കിടന്നാണ് മരിച്ചത്'; ബോണ്ടി ബീച്ച് ആക്രമണത്തിൽ രക്ഷകനായ മുഹമ്മദ് റഹ്മത്ത് പാഷ

ആക്രമണത്തിൽ പരിക്കേറ്റവരുടെ കൈകൾ പിടിച്ച് ആശ്വസിപ്പിച്ചും അവരെ സ്ട്രച്ചറുകളിലേക്കും ആംബുലൻസിലേക്ക് മാറ്റുന്നതിനും പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും പാഷ സഹായിച്ചു

Update: 2025-12-20 09:00 GMT
Editor : Jaisy Thomas | By : Web Desk

സിഡ്നി: കാലമെത്രെ കഴിഞ്ഞാലും ആസ്ട്രേലിയയിലെ ബോണ്ടി ബീച്ച് ആക്രമണം മുഹമ്മദ് റഹ്മത്ത് പാഷയുടെ മനസിൽ ഒരിക്കലും മായാത്ത മുറിവായി അവശേഷിക്കും. സ്വന്തം ജീവന് ഭീഷണി ഉണ്ടായിരുന്നിട്ടും വെടിവെപ്പിനിരയായവര്‍ക്ക് സഹായവുമായെത്തിയ 37 കാരനായ ഈ തെലങ്കാന സ്വദേശി ബോണ്ടി ബീച്ച് ഹീറോയായി മാറിയിരിക്കുകയാണ്.

ആക്രമണത്തിൽ പരിക്കേറ്റവരുടെ കൈകൾ പിടിച്ച് ആശ്വസിപ്പിച്ചും അവരെ സ്ട്രച്ചറുകളിലേക്കും ആംബുലൻസിലേക്ക് മാറ്റുന്നതിനും പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും പാഷ സഹായിച്ചു. ''വെടിയുതിര്‍ത്ത നവീദ് അക്രത്തിന്‍റെ പിതാവ് സജ്ജാദ് മുന്നോട്ട് നീങ്ങുന്നത് ഞാൻ കണ്ടിരുന്നു. അയാൾ എന്നിൽ നിന്ന് വളരെ അകലെയായിരുന്നില്ല, എനിക്ക് അദ്ദേഹത്തെ വ്യക്തമായി കാണാൻ കഴിഞ്ഞു. അപ്പോഴാണ് കാലുകളിൽ വെടിയേറ്റ വൃദ്ധയായ ഒരു സ്ത്രീ സഹായത്തിനായി നിലവിളിക്കുന്നത് കണ്ടത്. എന്‍റെ സുരക്ഷയെക്കുറിച്ചോര്‍ത്ത് തീര്‍ച്ചയായും എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷെ അവര്‍ക്കരികിലെത്തി ആശ്വസിപ്പിക്കാതിരിക്കാൻ എനിക്ക് തോന്നിയില്ല'' അദ്ദേഹം ദ ഹിന്ദുവിനോട് പറഞ്ഞു. തെലങ്കാനയിലെ വികാരാബാദ് സ്വദേശിയാണ് റഹ്മത്ത് പാഷ.

Advertising
Advertising

രാവിലെ ഏഴ് മണിക്ക് പാഷ ബോണ്ടി ബീച്ചിലൂടെ നടക്കുമ്പോഴായിരുന്നു വെടിവെപ്പുണ്ടായത്. ആദ്യം പടക്കം പൊട്ടുന്നതുപോലെയാണ് തോന്നിയത്. ആളുകൾ ചിതറിത്തെറിച്ച് നിലത്തുവീഴുന്നത് കണ്ടപ്പോഴാണ് സാഹചര്യം അത്ര പന്തിയല്ലെന്ന് മനസിലായത്. '' ആ വൃദ്ധ വേദന കൊണ്ട് പുളയുകയായിരുന്നു. താനൊന്നും ചെയ്തിട്ടില്ലെന്നും ഒരു പാട്ട് മൂളുക മാത്രമായിരുന്നുവെന്നും അവര്‍ എന്നോട് പറഞ്ഞു. അവര്‍ക്ക് കുഴപ്പമൊന്നുമില്ലെന്നും ക്രിസ്മസിന് അതേ പാട്ട് അതേ സ്ഥലത്ത് പാടാൻ തിരിച്ചുവരുമെന്നും ഞാൻ അവർക്ക് ഉറപ്പുനൽകി. അപ്പോഴും അവര്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു.

രണ്ട് ആൺകുട്ടികളും ഒരു മകളുമടങ്ങുന്നതാണ് പാഷയുടെ കുടുംബം. 2019ലാണ് ആസ്ട്രേലിയയിലെത്തുന്നത്. '' ആളുകൾ പ്രാണരക്ഷാര്‍ഥം ഓടുകയായിരുന്നു. വെടിവച്ചയാൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അയാൾ തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ, എന്ത് സംഭവിക്കുമായിരുന്നുവെന്ന് ചിന്തിക്കാൻ കൂടി കഴിയുന്നില്ല. ഒരുപക്ഷേ അയാൾ എന്നെ വെടിവെച്ചേനെ," ഊബര്‍ ഡ്രൈവറായ പാഷ പറയുന്നു. ''ആ ഭയാനകമായ ദിവസത്തിന് ശേഷം ഞാൻ ജോലിക്ക് കയറിയിട്ടില്ല. ഉറങ്ങാൻ പോലും സാധിക്കുന്നില്ല. മൂന്ന് മണിക്കൂറൊക്കെയാണ് കഷ്ടിച്ചു ഉറങ്ങുന്നത്. എന്‍റെ ജീവിതത്തിൽ ഇതുപോലൊന്ന് ഉണ്ടായിട്ടില്ല. ഒരാളുടെ കഴുത്തിൽ നിന്നും രക്തം ചീറ്റുന്നുണ്ടായിരുന്നു. എന്‍റെ കൈകളിൽ കിടന്നാണ് മരിച്ചത്'' പാഷ ഞെട്ടലോടെ ഓര്‍ക്കുന്നു.

സംഭവത്തിന് ശേഷം സോഷ്യൽമീഡിയയിൽ നിറഞ്ഞ വര്‍ഗീയ അധിക്ഷേപങ്ങളെയും കുടിയേറ്റ വിരുദ്ധ പ്രചാരണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. "ഒരു നിരപരാധിയെ കൊല്ലുന്നത് മുഴുവൻ മനുഷ്യരാശിയെയും കൊല്ലുന്നതിന് തുല്യമാണെന്നും ഒരു നിരപരാധിയെ രക്ഷിക്കുന്നത് മുഴുവൻ മനുഷ്യരാശിയെയും രക്ഷിക്കുന്നതിനു തുല്യമാണെന്നും ഞങ്ങളുടെ വിശ്വാസം പഠിപ്പിക്കുന്നു. മതത്തിനും ജാതിക്കും അതീതമായ മനുഷ്യത്വത്തിനാണ് ഒന്നാം സ്ഥാനം". റഹ്മത്ത് പാഷ കൂട്ടിച്ചേര്‍ക്കുന്നു.

ഡിസംബര്‍ 14നാണ് ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷത്തിനിടെ സാജിദ് അക്രം, നവീദ് അക്രം എന്നിവര്‍ ചേര്‍ത്തിയ നടത്തിയ വെടിവെപ്പിൽ 15 പേര്‍ കൊല്ലപ്പെട്ടത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സാജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. സാജിദ് ഹൈദരാബാദ് സ്വദേശിയാണെന്ന് തെലങ്കാന പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സാജിദിന്റെ മകന്‍ നവീദ് (24) ആശുപത്രിയില്‍ ചികിത്സയിലാണ്.

27 വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വിസയില്‍ ഹൈദരാബാദില്‍ നിന്ന് ആസ്ട്രേലിയയിലേക്ക് പോയതാണ് സാജിദ് അക്രം. ഹൈദരാബാദില്‍ ബി കോം ബിരുദം പൂര്‍ത്തിയാക്കിയ അക്രം 1998 നവംബറിലാണ് ആസ്ട്രേലിയയിലേക്ക് കുടിയേറിയത്. തുടര്‍ന്ന് യൂറോപ്യന്‍ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച് ആസ്ട്രേലിയയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News