ഗസ്സ വെടിനിർത്തൽ കരാർ; ഒന്നാംഘട്ട വെടിനിർത്തൽ സമയ പരിധി അവസാനിച്ചു, രണ്ടാം ഘട്ടത്തിൽ അനിശ്ചിതത്വം തുടരുന്നു

ഇസ്രായേലിന് മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ അമേരിക്ക കൈമാറും

Update: 2025-03-01 16:28 GMT
Editor : സനു ഹദീബ | By : Web Desk

ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടത്തെക്കുറിച്ച് വ്യക്തതയില്ലാതെ ഒന്നാം ഘട്ടവെടിനിർത്തൽ സമയ പരിധി അവസാനിച്ചു. ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളിൽ തീരുമാനമായില്ല. ഇസ്രായേൽ സംഘം കൈറോയിൽ നിന്ന് മടങ്ങി. നെതന്യാഹ അടിയന്തര സുരക്ഷാ യോഗം വിളിച്ചു. കരാർ തുടരണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രായേലിന് മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ അമേരിക്ക കൈമാറും.

ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടന്ന രണ്ടാംഘട്ട വെടിനിർത്തൽ കരാർ ചർച്ചകളിൽ തീരുമാനമായില്ല. യു.എസ്​ ഇടപെടലിനെ തുടർന്ന് ഇസ്രായേൽ ചർച്ചക്ക്​ തയാറായെങ്കിലും ആദ്യ ധാരണകളിൽ നിന്ന് പിന്നോട്ടുപോകാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് ഹമാസ് നിലപാടെടുത്തു. രണ്ടാം ഘട്ടത്തിൽ ഫിലഡൽഫി ഇടനാഴിയിൽ നിന്നടക്കം ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ സമ്പൂർണ്ണ പിൻമാറ്റം വ്യവസ്ഥയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി ഇസ്രായേൽ മുന്നോട്ടു പോയതും കരാർ അനിശ്ചിതത്വത്തിലാക്കി.

Advertising
Advertising

ചർച്ചയിൽ പങ്കെടുത്ത ഇസ്രായേൽ സംഘം കൈറോയിൽ നിന്ന് മടങ്ങി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ചർച്ചക്കിടെ ഇസ്രായേലിനെ ലക്ഷ്യം വെക്കുന്ന റോക്കറ്റുകൾ തങ്ങളുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിക്ക്​ കൈമാറണമെന്ന ഈജിപ്ത്​ നിർദേശവും ഹമാസ് തള്ളിയിരുന്നു. കരാർ നിലനിൽക്കാനായി എല്ലാവരും സഹകരിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

അതിനിടെ, ഇസ്രായേലിന് വൻതോതിൽ ആയുധങ്ങൾ നൽകാൻ അമേരിക്ക തീരുമാനിച്ചു. കവചിത ബുൾഡോസറുകൾ ഉൾപ്പെടെ മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ കൂടി ഇസ്രായേലിന് കൈമാറാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഇസ്രായേൽ അതിക്രമം തുടരുന്ന വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർഥി ക്യാമ്പിലെ വീടിന് സൈന്യം തീയി​ട്ടു. നിരവധി പേരെ സൈന്യം അറസ്റ്റ്​ ചെയ്തു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News