ഗസ്സയിൽ ഇസ്രായേൽ കൊന്നവരുടെ എണ്ണം 9000 കടന്നു

കൊല്ലപ്പെട്ടവരിൽ 3760 കുട്ടികളും 2326 സ്ത്രീകളും

Update: 2023-11-02 12:08 GMT

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ കൊന്നവരുടെ എണ്ണം 9061 ആയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 3760 കുട്ടികളും 2326 സ്ത്രീകളുമുണ്ടെന്നും അധികൃതർ പറഞ്ഞതായി അൽ ജസീറയും മിഡിൽ ഈസ്റ്റ് ഐയും റിപ്പോർട്ട് ചെയ്തു. 32,000 പേർക്ക് മുറിവേറ്റതായും റിപ്പോർട്ടിൽ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണമാണ് അധികൃതർ പുറത്തുവിട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നടന്ന കൂട്ടക്കൊലപാതകങ്ങളിൽ 256 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യം മന്ത്രാലയം അറിയിച്ചു. 1,100 കുട്ടികളടക്കം 2000ത്തോളം പേരെ ഗസ്സയിൽ നിന്ന് കാണാതായിരിക്കുന്നത്. ഇവർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട് അവിശിഷ്ടങ്ങളിൽ കിടക്കുകയാണെന്നാണ് ജനങ്ങൾ കരുതുന്നത്. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാൽ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കാൻ കഴിയാതെ കിടക്കുകയാണ്.

Advertising
Advertising

ഇതേ കാലയളവിൽ ഫലസ്തീന്റെ മറ്റൊരു ഭാഗമായ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം 131 ഫലസ്തീനികളെ കൊന്നതായാണ് വിവരം. 2000 പേരാണ് വെസ്റ്റ് ബാങ്കിൽ പരിക്കേറ്റവർ. ഒക്ടോബറിലെ കൊലപാതകങ്ങളോടെ വെസ്റ്റ് ബാങ്കിൽ ഈ വർഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 343 ആയതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

കടപ്പാട് അൽ ജസീറ

 

അതേസമയം, ഇസ്രായേലിൽ 1405 പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇവരിൽ 333 ഇസ്രായേലി പട്ടാളക്കാരും 58 പൊലീസ് ഓഫീസർമാരുമാണുള്ളതെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. 5431 പേർക്ക് പരിക്കേറ്റതായും പറഞ്ഞു. അതേസമയം, പട്ടാളക്കാരും സാധാരണക്കാരും 30 കുട്ടികളുമടക്കം 242 പേരെ ഹമാസ് ബന്ദിയാക്കിയെന്നും പറയുന്നു. ഗസ്സയിൽ 2030 പേരെയാണ് കാണാനില്ലാത്തതെന്നാണ് അൽ ജസീറ റിപ്പോർട്ട്. ഇവരിൽ 1020 കുട്ടികളുണ്ട്. 4000ത്തോളം ഗസ്സ നിവാസികളാണ് ഇസ്രായേൽ ജയിലിൽ കഴിയുന്നത്.

അതിനിടെ, ഗസ്സയിൽ ഇസ്രായേലി കമാൻഡറെ ഫലസ്തീൻ പോരാളികൾ കൊന്നതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ലഫ്റ്റനൻറ് കേണൽ സൽമാൻ ഹപബാകയാണ് കൊല്ലപ്പെട്ടതെന്നും രണ്ട് ദിവസത്തിനിടെ ഗസ്സയിൽ നടക്കുന്ന രൂക്ഷ പോരാട്ടത്തിൽ കൊല്ലപ്പെടുന്ന 18ാം സൈനികനാണ് ഇദ്ദേഹമെന്നും ഇസ്രായേൽ വ്യക്തമാക്കി. ചൊവ്വാഴ്ച കരയുദ്ധം തുടങ്ങിയ ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനുമാണ് ഇദ്ദേഹം.

Palestinian Ministry of Health announced that the number of people killed by Israel in Gaza has reached 9,061

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News