ഇറാൻ വഴങ്ങിയില്ലെങ്കിൽ യുദ്ധം തുടരുമെന്ന് ട്രംപ്; വിട്ടുവീഴ്ചക്കില്ലെന്ന് ഇറാൻ

ഇറാൻ വിഷയത്തിൽ രാജ്യം സ്വീകരിക്കുന്ന നിർണായക നിലപാടുകൾ വിശദീകരിക്കാൻ ട്രംപ് ഇന്ന് വൈകുന്നേരം അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യും

Update: 2026-04-01 02:44 GMT

വാഷിംഗ്ടൺ: ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിലും സൈനിക നടപടി തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ വിഷയത്തിൽ രാജ്യം സ്വീകരിക്കുന്ന നിർണായക നിലപാടുകൾ വിശദീകരിക്കാൻ ട്രംപ് ഇന്ന് വൈകുന്നേരം അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യും. വരും ദിവസങ്ങൾ യുദ്ധത്തിൽ അതീവ നിർണായകമാണെന്നും പശ്ചിമേഷ്യയിൽ നിന്ന് സൈന്യത്തെ തൽക്കാലം പിൻവലിക്കില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. അമേരിക്കയുടെ അജണ്ടയിൽ നയതന്ത്രത്തിന് സ്ഥാനമില്ലെന്നും കരയുദ്ധത്തെ തങ്ങൾ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിൽ നിന്ന് സന്ദശം ലഭിച്ചതായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചെങ്കിലും, അമേരിക്ക സമർപ്പിച്ച 15 ഇന നിർദേശങ്ങൾക്ക് ഇറാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. വെറും വെടിനിർത്തലല്ല, മറിച്ച് പശ്ചിമേഷ്യയിൽ പൂർണമായ സമാധാനമാണ് വേണ്ടതെന്നും, തങ്ങളെ ആക്രമിക്കില്ലെന്ന് ഉറപ്പ് വേണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം.

Advertising
Advertising

യുദ്ധം ആഗോള തലത്തിൽ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ ചൈനയും പാകിസ്താനും ചേർന്ന് പ്രശ്നപരിഹാരത്തിനായി അഞ്ചിന നിർദേശങ്ങൾ സമർപ്പിച്ചു. റഷ്യയും മധ്യസ്ഥ ചർച്ചകൾക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ മാർപാപ്പ, ഏപ്രിൽ 5 ഈസ്റ്ററിന് മുൻപ് യുദ്ധം അവസാനിക്കുമെന്നും ട്രംപ് സമാധാനത്തിനുള്ള വഴി കണ്ടെത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇറാനെ സൈനികമായി തളച്ചതോടെ ഇസ്രായേലിന് നേരിട്ടിരുന്ന പ്രധാന ഭീഷണി ഒഴിഞ്ഞതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. മേഖലയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഇസ്രായേൽ ഒരു സൂപ്പർ പവറായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, പശ്ചിമേഷ്യയിലെ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയത് പുതിയൊരു പോർമുഖം തുറന്നിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ വിലക്കേർപ്പെടുത്തുകയും ചെയ്തു.

അമേരിക്കയിൽ ട്രംപിന്റെ യുദ്ധനയത്തിനെതിരെ ആഭ്യന്തര പ്രതിഷേധവും ശക്തമാകുന്നുണ്ട്. ഇറാൻ യുദ്ധം സാധാരണക്കാരായ അമേരിക്കക്കാരുടെ ജീവിതച്ചെലവ് വൻതോതിൽ വർധിപ്പിച്ചതായി ഡെമോക്രാറ്റ് പ്രതിനിധികൾ കുറ്റപ്പെടുത്തി. ട്രംപിന്റെ അന്യായമായ യുദ്ധത്തിന് അമേരിക്കൻ കുടുംബങ്ങൾ വലിയ വില നൽകേണ്ടി വരികയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News