'റഷ്യക്ക് എണ്ണപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രമാണ് ഇന്ത്യ'; അധിക്ഷേപവുമായി ട്രംപിന്റെ ഉപദേശകൻ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അവരുടെ ജനാധിപത്യത്തെ റഷ്യക്ക് എണ്ണപ്പണം വെളുപ്പിച്ചെടുക്കാനുള്ള കേന്ദ്രമാക്കി മാറ്റിയെന്നാണ് ട്രംപിന്റെ ഉപദേഷ്ടാവിന്റെ ആരോപണം
വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്നാരോപിച്ച് അമിത താരിഫ് ചുമത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോ. റഷ്യക്ക് എണ്ണപ്പണം വെളുപ്പിക്കാനുള്ള ഒരു കേന്ദ്രമാണ് ഇന്ത്യയെന്നായിരുന്നു നവാരോയുടെ പരാമർശം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അവരുടെ ജനാധിപത്യത്തെ റഷ്യക്ക് എണ്ണപ്പണം വെളുപ്പിച്ചെടുക്കാനുള്ള കേന്ദ്രമാക്കി മാറ്റിയെന്നാണ് ട്രംപിന്റെ ഉപദേഷ്ടാവിന്റെ ആരോപണം. ഇന്ത്യയിലെ ഓയിൽ റിഫൈനറി കമ്പനികൾ പ്രതിദിനം റഷ്യയിൽ നിന്ന് ഒരു മില്യൺ ബാരൽ എണ്ണ വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് റഷ്യ ഒരു ദിവസം കയറ്റുമതി ചെയ്യുന്ന എണ്ണയുടെ പകുതിയോളം വരും.
ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്ക് അമിത താരിഫ് ചുമത്തുന്നു. അതോടൊപ്പം സെൻസിറ്റീവായ മിലിട്ടറി ടെക്നോളജികളും സൈനിക ഉപകരണങ്ങളും അവർക്ക് നൽകണമെന്നും ആവശ്യപ്പെടുന്നു. അതൊരു തരത്തിലുള്ള ഫ്രീ ലോഡിങ് ആണ്. ഇന്ത്യക്ക് അമേരിക്കയുടെ തന്ത്രപ്രധാനമായ ഒരു സഖ്യകക്ഷി ആകണമെന്നുണ്ടെങ്കിൽ അവർ അതുപോലെ തിരിച്ചും പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധമാണെന്ന് നവാരോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങൾ. ''ഇന്ത്യ ഞങ്ങളുടെ ഡോളറുകൾ ഉപയോഗിച്ചാണ് വിലക്കുറവിൽ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത്. ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകൾ അവരുടെ നിശബ്ദരായ റഷ്യൻ പങ്കാളികളുമായി ചേർന്ന് എണ്ണ ശുദ്ധീകരിച്ച് അവ കരിഞ്ചന്തകളിൽ വിറ്റ് വലിയ ലാഭം ഉണ്ടാക്കുന്നു. അങ്ങനെ റഷ്യക്ക് യുക്രൈൻ യുദ്ധത്തിൽ പണമിറക്കാനാവുന്നു''- നവാരോ പറഞ്ഞു.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് മുമ്പ് ഒരു ശതമാനത്തിൽ താഴെ എണ്ണ മാത്രമാണ് റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നതെന്നും എന്നാൽ യുദ്ധം ആരംഭിച്ചതോടെ ഇത് 30 ശതമാനമായി ഉയർന്നെന്നും നവാരോ പറഞ്ഞു. അമേരിക്ക യുക്രൈന് ആയുധം കൈമാറുമ്പോൾ യുഎസ് ഉത്പന്നങ്ങൾക്ക് ലോകത്തെങ്ങും ഇല്ലാത്തവിധം നികുതി ചുമത്തി അമേരിക്കൻ കയറ്റുമതിക്കാരെ ഇന്ത്യ ശിക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഇന്ത്യക്ക് അധിക തീരുവ ചുമത്തിയതിൽ ട്രംപിനെതിരെ ഡെമോക്രാറ്റുകളുടെ പ്രതിഷേധം ശക്തമാവുന്നുണ്ട്. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈനക്ക് തീരുവ ചുമത്താതെ ഇന്ത്യക്ക് തീരുവ ചുമത്തുന്നതിൽ ഡെമോക്രാറ്റ്സ് ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി ട്രംപിനെ വിമർശിച്ചിരുന്നു.