റഷ്യക്കെതിരെ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് ബോറിസ് ജോണ്‍സണ്‍

റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ലോകം അപലപിച്ചു കഴിഞ്ഞെന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

Update: 2022-02-24 17:43 GMT
Editor : abs | By : Web Desk
Advertising

യുക്രൈൻ ജനതയ്‌ക്കൊപ്പമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈനിൽ റഷ്യ നടപ്പാക്കുന്ന കാടന്‍ പദ്ധതികള്‍ അവസാനിപ്പിക്കുമെന്ന്  ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും റഷ്യയുടെ  അധിനിവേശത്തെ ലോകം അപലപിച്ചു കഴിഞ്ഞെന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

അതേസമയം, യുക്രൈനിൽ തലസ്ഥാനമായ കിയവിലേക്ക് കുതിച്ച് റഷ്യൻസൈന്യം. രാജ്യത്തിന്റെ മൂന്നുഭാഗത്തുനിന്നും കരമാർഗവും വ്യോമമാർഗവും സൈനികനീക്കം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. ഇന്നു പുലർച്ചെ ആരംഭിച്ച റഷ്യൻ ആക്രമണത്തിൽ ഇതുവരെ 50 യുക്രൈൻ പൗരന്മാർ കൊല്ലപ്പെട്ടെന്നാണ് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചത്. 10 സിവിലിയന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. നൂറുകണക്കിനുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഒഡേസയിലെ സൈനികക്യാംപിൽ കനത്ത വ്യോമാക്രമണം; കൊല്ലപ്പെട്ടത് 18 പേർ

യുക്രൈനിലെ കരിങ്കടൽ തീരനഗരമായ ഒഡേസയിൽ മാത്രം 18 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് തദ്ദേശ ഭരണകൂടം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടത്തെ സൈനിക ആസ്ഥാനത്ത് നടന്ന ആക്രമണത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ പത്ത് സ്ത്രീകളും എട്ട് പുരുഷന്മാരും ഉൾപ്പെടും. ആക്രമണത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർക്കായി തിരച്ചിലിലാണെന്നും അധികൃതർ പറയുന്നു. 

കിയവിലേക്ക് കുതിച്ച് സൈനികവാഹനങ്ങൾ

യുക്രൈൻ തലസ്ഥാനമായ കിയവ് ലക്ഷ്യമിട്ട് കുതിക്കുകയാണ് റഷ്യൻസൈനിക വാഹനങ്ങൾ. ബെലാറസ് അതിർത്തിയിലൂടെയാണ് സൈന്യം ഇവിടെയെത്തിയത്. ഇവിടെ യുക്രൈൻ-റഷ്യൻ സൈന്യങ്ങൾ തമ്മിൽ കടുത്ത ഏറ്റുമുട്ടൽ നടക്കുകയാണ്. റഷ്യൻ ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളുമെല്ലാം നഗരത്തിന്റെ ആകശത്തിലൂടെ പറന്നുകൊണ്ടിരിക്കുന്നത് കാണാമെന്ന് എ.എഫ്.പി ലേഖകൻ റിപ്പോർട്ട് ചെയ്തു. കിയവിനടുത്തുള്ള സൈനിക വിമാനത്താവളത്തിനുനേരെ റഷ്യൻ മിസൈൽ പതിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News