Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: ഗസ്സയിൽ 94% ആശുപത്രികളെങ്കിലും പൂർണമായോ ഭാഗികമായോ തകർന്നുവെന്നും പകുതിയോളം ആശുപത്രികൾ പ്രവർത്തനരഹിതമാണെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞതായി അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 'ശത്രുതയുടെ തീവ്രത ഗസ്സയുടെ ദുർബലമായ ആരോഗ്യ സംവിധാനത്തെ തകർച്ചയുടെ വക്കിലേക്ക് തള്ളിവിട്ടിരിക്കുന്നു.' ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് യുഎൻ വക്താവ് ഫർഹാൻ ഹഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'2023 ഒക്ടോബർ മുതൽ ഗസ്സയിൽ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്ക് നേരെ നടന്ന ഏകദേശം 700 ആക്രമണങ്ങളിൽ 4% കഴിഞ്ഞ ആഴ്ചയിൽ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീനിലേക്ക് പ്രവേശിക്കുന്ന സഹായങ്ങൾ കൊള്ളയടിക്കുന്നതായി ഫർഹാൻ ഹഖ് സൂചിപ്പിച്ചു. 15 ട്രക്ക് ഭക്ഷ്യസഹായം ഒറ്റരാത്രികൊണ്ട് കൊള്ളയടിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ ഫർഹാൻ വിശപ്പിനെ കുറിച്ചുള്ള ഉത്കണ്ഠ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് ഊന്നിപ്പറഞ്ഞു.
വേഗത്തിലും, സ്ഥിരതയിലും, സുരക്ഷിതമായ വഴികളിലൂടെയും ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങൾ അനുവദിക്കാൻ അദ്ദേഹം ഇസ്രായേലി അധികൃതരോട് അഭ്യർഥിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ അക്രമം റാമല്ലയ്ക്ക് സമീപമുള്ള ഒരു മുഴുവൻ ബെഡൂയിൻ സമൂഹത്തെയും അവരുടെ വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ നിർബന്ധിതരാക്കിയതായി ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (OCHA) റിപ്പോർട്ട് ചെയ്തു.