ഗസ്സയിൽ അടിയന്തര വെടിനിർത്തല്‍; അമേരിക്കൻ പ്രമേയം യു.എൻ രക്ഷാസമിതി പാസാക്കി

ഇതാദ്യമായാണ്​ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാകുന്നത്​

Update: 2024-06-11 01:56 GMT
Editor : ലിസി. പി | By : Web Desk

ദുബൈ: ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ സമഗ്ര വെടിനിർത്തലിന്​ ആഹ്വാനം ചെയ്യുന്ന അമേരിക്കൻ പ്രമേയം യു.എൻ രക്ഷാസമിതി പാസാക്കി . ഇതാദ്യമായാണ്​ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാകുന്നത്​. പ്രമേയം ഹമാസ് ​സ്വാഗതം ചെയ്തു. പ്രമേയത്തെ പിന്തുണച്ച്​ ലോകരാജ്യങ്ങൾ രംഗത്തെത്തി.

പതിനഞ്ചംഗ രക്ഷാസമിതിയിൽ അമേരിക്കൻ പ്രമേയത്തെ പിന്തുണച്ച്​ ചൈന ഉൾപ്പെടെ 14 രാജ്യങ്ങൾ രംഗത്തുവന്നു. റഷ്യ വോ​ട്ടെടുപ്പിൽ നിന്ന്​ വിട്ടുനിന്നു. എട്ടു മാസം പിന്നിട്ട, 37,000ത്തിൽ അധികം പേരുടെ മരണത്തിനിടയാക്കിയ ഗസ്സ യുദ്ധം അടിയന്തരമായും ഉപാധികളില്ലാതെയും അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെടുന്നതാണ്​ അമേരിക്ക ​കൊണ്ടുവന്ന പ്രമേയം. അൾജീരിയ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയങ്ങൾ വീറ്റോ അധികാരം ഉപയോഗിച്ച്​ അമേരിക്ക ഇതുവരെയും പരാജയപ്പെടുത്തുകയായിരുന്നു.

Advertising
Advertising

സിവിലിയൻ കുരുതിക്ക്​ അറുതി വരുത്താൻ എല്ലാ ബന്ദികളെയും മോചിപ്പിച്ച്​ അടിയന്തര വെടിനിർത്തലിന്​ തയാറാകണമെന്ന്​ യു.എൻ രക്ഷാ സമിതിയിൽ അമേരിക്ക ആവശ്യപ്പെട്ടു. മൂന്നു ഘട്ടങ്ങളിലായി സമഗ്ര ​വെടിനിർത്തലിന്​ കളമൊരുക്കുന്ന നിർദേശം ഇസ്രായേൽ അംഗീകരിച്ചതായും അമേരിക്കൻ അംബാസഡർ വെളിപ്പെടുത്തി. സമഗ്ര വെടിനിർത്തൽ നിർദേശം സ്വാഗതം ചെയ്​ത ഹമാസ്​ മധ്യസ്​ഥ രാജ്യങ്ങളുമായി ചേർന്ന്​ നടപടിക്രമങ്ങൾ ചർച്ച ചെയ്യുമെന്നും അറിയിച്ചു. പ്രായോഗിക തലത്തിൽ വെടിനിർത്തൽ നിർദേശം നടപ്പാക്കുന്നത് സംബന്ധിച്ച്​ ഖത്തറും ഈജിപ്​തും ഹമാസ്​ നേതൃത്വവുമായി ഉടൻ ചർച്ച നടത്തും എന്നാണ്​ റിപ്പോർട്ട്​.

യൂറോപ്യൻ യൂനിയനും അറബ്​, മുസ്​ലിം രാജ്യങ്ങളും യു.എൻ രക്ഷാസമിതി പ്രമേയത്തെ സ്വാഗതം ചെയ്​തു. എത്രയും പെ​ട്ടെന്ന്​ വെടിനിർത്തൽ യാഥാർഥ്യമാക്കണമെന്ന്​ യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു. അതേസമയം, അമേരിക്കയുടെ വെടിനിർത്തൽ നിർദേശം സംബന്ധിച്ച്​ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാൻ വിസമ്മതിക്കുകയാണ്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. തെൽ അവീവിൽ എത്തിയ യു.എസ്​ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിൻകൻ നെതന്യാഹു ഉൾപ്പെടെ നേതാക്കളുമായി യു.എൻ പ്രമേയം നടപ്പാക്കുന്നതിനെക്കുറിച്ച്​ ഇന്ന്​ ചർച്ച നടത്തും.

ഇന്നലെ നെതന്യാഹുവുമായി ആൻറണി ബ്ലിൻകൻ യുദ്ധാനന്തര ഗസ്സയുടെ ഭാവിയെക്കുറിച്ച്​ പ്രത്യേകം ചർച്ച നടത്തി. ഹിസ്​ബുല്ലക്കെതിരെ വ്യാപക ആക്രമണം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ബ്ലിൻകൻ നിർദേശിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അതിനിടെ, ബെ​ന്നി ഗാ​ന്റ്സ്, ഗാ​ഡി ഐ​സ​ൻ​കോ​ട്ട് എ​ന്നീ മന്ത്രിമാരുടെ രാജി നെതന്യാഹു സർക്കാറിന്​ വൻതിരിച്ചടിയായി. സമവായനീക്കങ്ങൾ പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പിലേക്ക്​ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ആശങ്കയിലാണ്​ നെതന്യാഹു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News