മക്കളുടെ മയ്യിത്ത് നിസ്‌ക്കരിക്കാൻ ഭാഗ്യമില്ലാത്ത ഉപ്പമാർ

ഇനിയൊരു പുലരി കാണാൻ തങ്ങളുണ്ടാകുമോ എന്നുറപ്പില്ലാതെ, ഒന്നുറങ്ങാൻ പേടിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് ഇസ്രായേൽ നരവേട്ട തുടരുന്ന ഗസ്സയിലുള്ളത്

Update: 2023-10-19 15:04 GMT
Advertising

തന്റെ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമെല്ലാം പ്രിയപ്പെട്ടവർക്ക് നൽകണമെന്ന് ഒസ്യത്ത് എഴുതിവെച്ച ഗസ്സയിലെ ഹയ എന്ന കുഞ്ഞുമാലഖ ലോകത്തിന്റെ നൊമ്പരമാവുകായാണ്. ഇനിയൊരു പുലരി കാണാൻ തങ്ങളുണ്ടാകുമോ എന്നുറപ്പില്ലാതെ, ഒന്നുറങ്ങാൻ പേടിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് ഇസ്രായേൽ നരവേട്ട തുടരുന്ന ഗസ്സയിലുള്ളത്. ഇന്നലെവരെ അന്തിയുറങ്ങിയ തങ്ങളുടെ കുഞ്ഞുമുറികൾ പുകപടലം മൂടിയ കേവലം കോൺക്രീറ്റ് കൂനകൾ മാത്രമായി മാറിയ കാഴച നിസ്സഹാതയോടെ അവർ നോക്കി നിന്നു.





പ്രിയപ്പെട്ടവർ കൺമുന്നിൽ ചിതറിത്തെറിക്കുമ്പോഴും ജീവിക്കാൻ മുന്നോട്ടിനി ഒരുവഴിയുമില്ലെന്ന് തിരിച്ചറിയുമ്പോഴും ഒന്നുറക്കെ കരയാൻ പോലും അവർ മറന്നുപോയിരിക്കുന്നു. തീഗോളങ്ങളായി മാറുന്ന കെട്ടിടങ്ങളും ചോര മണക്കുന്ന കോൺക്രീറ്റ് കുമ്പാരങ്ങളുമാണ് ചുറ്റും. ജനിച്ചുവീണ മണ്ണിൽ കാലുറപ്പിച്ചുനിർത്താൻ ജീവനും ജീവിതവും ബലികൊടുക്കേണ്ടിവന്ന ഹതഭാഗ്യരായ കുഞ്ഞുങ്ങളാണ് ഗസ്സയിലുള്ളത്.

Full View

ഓർമവെച്ച കാലം മുതൽ ഒരു തുറന്ന ജയിലിലാണ് അവർ ജീവിച്ച് പോരുന്നത്. സ്വന്തം നാട്ടിൽ ഒരിറ്റുവെള്ളത്തിനായി ഇസ്രായേലിന്റെ ഔദാര്യത്തിനായി കാത്തിരിക്കേണ്ട ദുരവസ്ഥ. ഭക്ഷണവും മരുന്നുമെല്ലാം റേഷൻ പോലെ. ബാല്യവും കൗമാരവും യവ്വനവും വാർധക്യവുമെല്ലാം അറുതിയില്ലാതെ പെയ്യുന്ന തീമഴയിൽ ഹോമിക്കാൻ വിധിക്കപ്പെട്ടവർ.




 


ഒക്ടോബർ ഏഴിനാണ് യുദ്ധം ആരംഭിച്ചത്. അതായത് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതി തുടങ്ങിയിട്ട് ഇന്ന് 12-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഔദ്യോഗികമായ അവസാന കണക്കുകൾ പ്രകാരം 3478 മനുഷ്യരാണ് ഫലസ്തീനിൽ മരിച്ചുവീണത്. 12,065 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 1200ൽ ഏറെ മനുഷ്യജീവനുകൾ ഇപ്പോഴും തകർന്ന കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിൽ പകുതിയിലേറെയും കുഞ്ഞുങ്ങളാണ്. ഇതെല്ലാം ഔദ്യോഗിക കണക്കുകൾ മാത്രമാണ്. കണക്കുകളിൽ ഉൾപ്പെടാൻ പോലും ബാക്കിയില്ലാതെ ചിതറിത്തെറിച്ചവർ അനവധിയാണ്. സകല യുദ്ധനിയമങ്ങളും ലംഘിച്ചാണ് ഇസ്രായേൽ ഗസ്സയിൽ നിസ്സഹായരായ മനുഷ്യരെ ഇല്ലാതാക്കുന്നത്. യുദ്ധഭൂമിയിലെ ഏറ്റവും ഒടുവിലെ ആശ്രയമായ ആശുപത്രികൾപോലും ഇസ്രയേലിന്റെ മിസൈലുകൾ തീഗോളമാക്കി.


 



ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഓടിത്തളർന്ന ഇരയെ കൂട്ടമായി ആക്രമിക്കുന്ന ചെന്നായ്ക്കളെ പോലെ ഒരു ജനതയെ ഇസ്രയേൽ കൊന്നു തീർക്കുകയാണ്. യുദ്ധഭൂമിയിൽ ഒരു രാജ്യം പാലിക്കേണ്ട മിനിമം മര്യാദകൾ പോലും പാലിക്കാൻ തയ്യാറാകാത്ത ഇസ്രായേലിന്റെ ക്രൂരതയ്ക്ക് തടയിടാൻ ഒരു ചെറുവിരലനക്കാൻ പോലും യു.എൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ തയ്യാറാകുന്നില്ല.


 



കേവലം പത്ത് കിലോമീറ്ററുകൾക്കപ്പുറം ഗസ്സയിലെ ജീവനുകൾക്കായി ഭക്ഷണവും മരുന്നുകളുമായി കാത്തു കിടക്കുന്ന ട്രക്കുകൾ പോലും കടത്തിവിടാൻ ഇതുവരെ ഒരു മനുഷ്യാവകാശ സംഘടനകൾക്കുമായില്ല. കൺമുന്നിൽ ചിതറിത്തെറിച്ചുപോയ കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങൾ പെറുക്കിയെടുത്ത് ഒന്ന് മയ്യിത്ത് നിസ്‌ക്കരിക്കാൻ പോലും ഭാഗ്യമില്ലാതായിപ്പോയ പതിനായിരക്കണക്കിന് ഉപ്പമാരുണ്ട് ഗസ്സയിൽ. പെറ്റുപോറ്റിയ പൊന്നോമനകളെ അവസാനമായെന്ന് ഒന്നമർത്തി ചുംബിക്കാൻ പോലും അവസരം നിഷേധിക്കപ്പെട്ട ഉമ്മമാരുണ്ട് ഗസ്സയിൽ. ഇന്നലെവരെ ഒന്നിച്ചുറങ്ങിയ കുഞ്ഞനുജത്തിയെ ഇനിയൊന്ന് ചേർത്തുപിടിക്കാൻ കഴിയാത്ത ഒട്ടേറെ കുഞ്ഞാങ്ങളമാരുണ്ട് ഗസ്സയിൽ. തങ്ങൾക്കുവേണ്ടി പറയാൻ ഇനിയാരും വരാനില്ലെന്ന് പണ്ടേ തിരിച്ചറിഞ്ഞതുകൊണ്ടാകാം ഇസ്രായേലിന്റെ ബോംബർ വിമാനങ്ങൾക്കുനേരെ കയ്യിൽ കിട്ടിയ കല്ലുകളും മരക്കമ്പുകളുമെടുത്ത് അവർ തിരിച്ചടിക്കുകയാണ്. തോൽക്കുമെന്നുറപ്പിച്ച് അവർ ജയിക്കാനായി പോരാടുകയാണ്.




 


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - അലി തുറക്കല്‍

Media Person

Similar News