'കിഴക്കൻ ജെറുസലേം ഉൾപ്പെടെ 1967 മുതൽ കൈവശപ്പെടുത്തിയ ഫലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഇസ്രായേൽ പിന്മാറണം'; പ്രമേയം പാസാക്കി യുഎൻ
'ഫലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം' എന്ന തലക്കെട്ടിലുള്ള പ്രമേയത്തിന് വൻ പിന്തുണയാണ് ലഭിച്ചത്
ന്യൂയോര്‍ക്ക്: 1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും ഇസ്രായേൽ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി.
'ഫലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം' എന്ന തലക്കെട്ടിലുള്ള പ്രമേയത്തിന് വൻ പിന്തുണയാണ് ലഭിച്ചത്. 151 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 11 രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തു, മറ്റ് 11 രാജ്യങ്ങൾ വിട്ടുനിന്നു.
ജെറുസലേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ അതിര്‍ത്തികളില്‍ 1967ന് ശേഷം വന്ന മാറ്റങ്ങള്‍ അംഗീകരിക്കരുതെന്നും നിയമവിരുദ്ധമായി നടത്തിയ ഒരു കുടിയേറ്റങ്ങള്‍ക്കും സഹായങ്ങളും പിന്തുണയും നല്‍കരുതെന്നും യു.എന്‍ പ്രമേയം ആവശ്യപ്പെടുന്നു. ഖത്തര്‍, ഫലസ്തീന്‍, സെനഗല്‍, ജോര്‍ദാന്‍, ജിബൂട്ടി, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയം തയ്യാറാക്കിയത്.
അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ തന്നെ പ്രമേയങ്ങൾക്കും അനുസൃതമായി ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതുവരെ ഐക്യരാഷ്ട്രസഭയ്ക്ക് ഉത്തരവാദിത്തം ഉണ്ടാകണമെന്നും പ്രമേയം വ്യക്തമാക്കുന്നു. ഫലസ്തീനിന്റെ പ്രദേശങ്ങളില്‍ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും എത്രയും പെട്ടെന്ന് അധിനിവേശം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ജൂലൈയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ അക്രമണം തുടരുകയാണ്. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനം വന്ന് 50 ദിവസം പിന്നിടുമ്പോൾ ഇസ്രായേൽ കൊലപ്പെടുത്തിയവരുടെ എണ്ണം 357 ആയി. ഖാൻ യൂനുസിൽ ഇന്നലെ കൊല്ലപ്പെട്ടവരിൽ മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. ഫോട്ടോ ജേണലിസ്റ്റ് മഹ്മൂദ് വാദിയെയാണ് ഇസ്രായേൽ വധിച്ചത്. വെസ്റ്റ് ബാങ്കിൽ രണ്ട് കുട്ടികളെയും ഇസ്രായേൽ കൊലപ്പെടുത്തി.