Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും | Photo: Reuters
വാഷിംഗ്‌ടൺ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ രാഷ്ട്രത്തിനുമുള്ള നിർദേശങ്ങൾ അടങ്ങിയ 20 ഇന പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ചു. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിയെ പിന്തുണക്കുന്നതായി പറഞ്ഞു. എന്നാൽ പദ്ധതി അംഗീകരിക്കുന്നതുമായി ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ പദ്ധതി ഗസ്സയിൽ ഏകദേശം രണ്ട് വർഷമായി തുടരുന്ന ഇസ്രായേലിന്റെ വംശഹത്യ യുദ്ധം ഉടനടി അവസാനിപ്പിക്കാൻ നിർദേശിക്കുന്നു. അതേസമയം, ഭാവിയിലെ ഭരണപരമായ പങ്കിൽ നിന്ന് ഹമാസിനെ പൂർണമായും ഒഴിവാക്കാനും നിർദേശിക്കുന്നു.
ട്രംപ് മുന്നോട്ട് വെച്ച 20 ഇന പദ്ധതി
1. ഗസ്സ ആകമാനം നിരായുധീകരണം. അയൽപക്കത്തിന് (ഇസ്രയേൽ) ഭീഷണിയാകാത്ത ടെറർ ഫ്രീ സോൺ.
2. ഗസ്സ നിവാസികൾക്ക് ഉപകരിക്കും വിധത്തിൽ പ്രദേശത്തിന്‍റെ പുനർനിർമാണം.
3. ഇരുപക്ഷവും ഈ പദ്ധതി അംഗീകരിക്കാൻ ധാരണയിലെത്തിയാൽ യുദ്ധം ഉടനടി അവസാനിപ്പിക്കും. ഇസ്രയേലി സൈന്യം നടപടികൾ നിർത്തിവെക്കും ക്രമേണ ഗസ്സയിൽ നിന്ന് പിൻവാങ്ങും.
4. ഡീൽ അംഗീകരിക്കുന്ന കാര്യം ഇസ്രയേൽ പ്രഖ്യാപിച്ച് 72 മണിക്കൂറിനുള്ളിൽ ജീവിച്ചിരിക്കുന്ന മുഴുവൻ ബന്ദികളെയും ഹമാസ് വിട്ടയക്കും. മരിച്ചവരുടെ മൃതദേഹവും കൈമാറും.
5. ബന്ദികൾ തിരിച്ചെത്തിയാലുടൻ ഇസ്രയേൽ നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും. മരിച്ച ഫലസ്തീനികളുടെ മൃതദേഹവും വിട്ടുകൊടുക്കും. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 250 തടവുകാരെയും ഒക്ടോബർ 7ന് ശേഷം അറസ്റ്റിലായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1700പേരെയും ഇസ്രായേൽ വിട്ടയക്കും.
6. ബന്ദികൾ മോചിപ്പിക്കപ്പെട്ടുകഴിഞ്ഞാൽ സമാധാനത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ് നൽകും. ഗസ്സ വിടാൻ ആഗ്രഹിക്കുന്നവർക്ക് അവരെ സ്വീകരിക്കാൻ തയാറുള്ള രാജ്യത്തേക്ക് സുരക്ഷിത പാത അനുവദിക്കും.
7. കരാറിൽ തീരുമാനമായാൽ ഭക്ഷ്യ, ആരോഗ്യ സഹായ വിതരണം ഗസ്സയിലേക്ക് ആരംഭിക്കും. പ്രതിദിനം 600 ട്രക്കുകൾ അനുവദിക്കും. വൈദ്യുതി, കുടിവെള്ള, മാലിന്യനിർമാർജന സംവിധാനങ്ങൾ പുന:സ്ഥാപിക്കും.
8. ഇരുവിഭാഗത്തിന്‍റെയും ഇടപെടലില്ലാതെ സഹായങ്ങൾ കൃത്യമായി വിതരണം ചെയ്യും. യുഎന്നും റെഡ് ക്രസന്‍റും അതിന് നേതൃത്വം വഹിക്കും. റഫ അതിർത്തി ഇരു ഭാത്തേക്കും തുറക്കും.
9. ഗസ്സ ഭരണത്തിന് ഫലസ്തീനി ടെക്നോക്രാറ്റുകൾ അടങ്ങുന്ന താൽകാലിക ഇടക്കാല ഭരണ സംവിധാനം. അറബ്, യൂറോപ്യൻ സഖ്യകക്ഷികളുടെ അഭിപ്രായം തേടി യുഎസ് സ്ഥാപിക്കുന്ന പുതിയ അന്താരാഷ്ട്ര ഭരണസംവിധാനം ഇത് നിരീക്ഷിക്കും. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആയിരിക്കും ഇതിന് ന്നേതൃത്വം വഹിക്കുക. മുൻ ബ്രിട്ടീഷ്പ്രധാനന്ത്രി ടോണി ബ്ലെയറും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ അതോറിറ്റി തങ്ങളുടെ പരിഷ്കരണം പൂർത്തീകരിക്കും വരെ അന്താരഷ്ട്ര ഭരണ സംവിധാനം തുടരും.
10. ആധുനിക മിഡിലീസ്റ്റ് നഗരങ്ങൾ നിർമിച്ചു പരിചയമുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ ഗസ്സ പുനർനിർമിക്കാൻ ഒരു സാമ്പത്തിക പ്ലാൻ തയാറാക്കും. നിക്ഷേപവും തൊഴിലും ഉറപ്പാക്കുന്ന തരത്തിലാകുമിത്.
11. കുറഞ്ഞ താരിഫും നിരക്കുമുള്ള പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.
12. ആരെയും ഗസ്സയിൽ നിന്ന് നിർബന്ധിച്ചു പുറത്താക്കില്ല. ആർക്കെങ്കിലും പുറത്തുപോകാൻ താൽപര്യമുണ്ടെങ്കിൽ മടങ്ങിവരാനും അനുവദിക്കും. ഗസ്സയിൽ തന്നെ തുടരാൻ ഗസ്സക്കാരെ പ്രോത്സാഹിപ്പിക്കും.
13. ഗസ്സ ഭരണത്തിൽ ഹമാസിന് ഒരു റോളുമുണ്ടാകില്ല. ടണലുകൾ ഉൾപ്പെടെ പുതിയ സായുധ സംവിധാനങ്ങൾ സൃഷ്ടിക്കാനും അനുവദിക്കില്ല. നിരായുധീകരണ പ്രക്രിയ ഉറപ്പാക്കാൻ സ്വതന്ത്ര നിരീക്ഷകരെ നിയോഗിക്കും
14. ഹമാസും മറ്റ് ഗസ്സ ഗ്രൂപ്പുകളും ഉറപ്പുകൾ പാലിക്കുന്നുവെന്നും ഇസ്രയേലിന് ഭീഷണിയാകില്ലെന്നും വിലയിരുത്താൻ മേഖലയിലെ സഖ്യരാഷ്ട്രങ്ങളുടെ സുരക്ഷ ഗ്യാരന്‍റി.
15. അറബ്, മറ്റ് രാജ്യാന്തര സംവിധാനങ്ങൾ എന്നിവയുമായി സഹകരിച്ച് യുഎസ് ഒരു ഇന്‍റർനാഷനൽ സ്റ്റബിലൈസേഷൻ ഫോഴ്സ് വികസിപ്പിക്കും. ഉടനടി തന്നെ ഈ സേനയെ ഗസ്സയിൽ വിന്യസിക്കും. സേന ദീർഘകാല ആഭ്യന്തര സുരക്ഷക്കായി ഫലസ്തീൻ പൊലീസ് സേനയെ പരിശീലിപ്പിക്കും.
16. ഇസ്രയേൽ ഗസ്സ കൈയേറുകയോ അനക്സ് ചെയ്യുകയോ ചെയ്യില്ല. ക്രമേണ മറ്റ് സുരക്ഷ സേനകൾക്ക് പ്രദേശം കൈമാറി ഐഡിഎഫ് പിൻവാങ്ങും. അയൽ രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും ഗസ്സ ഒരു വെല്ലുവിളിയും ഉയർത്തില്ല.
17. ഈ നിർദേശങ്ങൾ ഹമാസ് നിരസിക്കുകയോ താമസിപ്പിക്കുകയോ ചെയ്താൽ മേൽപറഞ്ഞ പോയിന്‍റുകൾ ടെറർ ഫ്രീ മേഖലകളിൽ നടപ്പാക്കും. അവിടം ഇൻറർനാഷണൽ സ്റ്റബിലൈസേഷൻ ഫോഴ്സിന് ക്രമേണ ഐ.ഡി.എഫ് കൈമാറും. (ഹമാസ് അംഗീകരിച്ചില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചന കൂടിയാണിത്)
18.ഗസ്സ ജനതയെ ‘തീവ്രവാദ മനോഭാവ മുക്തമാക്കാനുള്ള’ പദ്ധതി തുടങ്ങും. ഇതിനായി വിവിധ മത സംവാദവും മറ്റും സംഘടിപ്പിക്കും.
19 ഗസ്സ പുനർനിർമാണം പുരോഗമിക്കുമ്പോൾ ഫലസ്തീൻ അതോറിറ്റിയുടെ നവീകരണ പ്രവർത്തനങ്ങളും നടക്കും. ഇതിനൊപ്പം ഫലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള വിശ്വാസ യോഗ്യമായ മാർഗരേഖ നിലവിൽ വരും.
20. സമാധാനപരമായ സഹവർത്തിത്വത്തിന് ഇസ്രയേലിനെയും ഫലസ്തീനികളെയും പ്രാപ്തരാക്കുന്നതിന് യു.എസിന്‍റെ നേതൃത്വത്തിൽ സംഭാഷണം.
എന്നാൽ ഒരു ഫലസ്തീൻ രാഷ്ട്രം എന്നത് ഒരു അവ്യക്തമായ സാധ്യതയായി മാത്രമേ ഉയർത്തിക്കാട്ടപ്പെടുന്നുള്ളൂ എന്ന് ദി ഗാർഡിയൻ നിരീക്ഷിക്കുന്നു. ഗസ്സയിലെ ചർച്ചകളിൽ ഖത്തർ ഒരു നിർണായക പങ്കാളിയായി തുടരും. ഏറ്റവും പുതിയ സമാധാന പദ്ധതി അംഗീകരിക്കാൻ ഹമാസിനെ പ്രേരിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് വാഷിംഗ്ടൺ പ്രതീക്ഷിക്കുന്നു.