'അമേരിക്കക്കാരുടെ മരണം ആഘോഷിക്കുന്നവരെ ആവശ്യമില്ല': ചാർളി കിർക്കിന്റെ മരണത്തിൽ ആറ് പേരുടെ വിസ റദ്ദാക്കി യുഎസ്
ചാർളി കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ച അതേദിവസം തന്നെയാണ് ആഘോഷിച്ചവര്‍ക്കെതിരെ നടപടിയും എടുത്തത്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും തീവ്രവലതുപക്ഷ പ്രചാരകനുമായ ചാർളി കിർക്കിന്റെ മരണം സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചതിന് ആറ് വിദേശികളുടെ വിസ റദ്ദാക്കി യുഎസ്. അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ സ്വീകരിക്കാൻ ഞങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അർജന്റീന, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ബ്രസീൽ, ജർമ്മനി, പരാഗ്വേ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കെതിരെയാണ് നപടി സ്വീകരിച്ചതെന്നും ചാർളി കിർക്കിന്റെ ദാരുണമായ കൊലപാതകം ആഘോഷിച്ച മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതായും സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വ്യക്തമാക്കുന്നു.
ചാർളി കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ച അതേദിവസം തന്നെയാണ് ആഘോഷിച്ചവര്‍ക്കെതിരെ നടപടിയും എടുത്തത്. ഒക്ടോബർ 14, 2025-ന് അദ്ദേഹത്തിന്റെ 32–ാം ജന്മദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ, കർക്കിന്റെ ഭാര്യ എറിക്ക കർക്കിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മെഡൽ കൈമാറിയത്.
യൂട്ടാവാലി യൂണിവേഴ്‌സിറ്റി കാമ്പസിലെ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് ചാർളി കിർക്കിന് വെടിയേല്‍ക്കുന്നത്. ട്രാന്‍സ്ജന്‍ഡേഴ്സുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹത്തിന് വെടിയേല്‍ക്കുന്നതും. ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ട്രംപിന്റെ അടുത്ത അനുയായിയും ടേണിങ് പോയിൻ്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്.