ഫലസ്തീൻ വംശജനായ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ യുഎസ് പൗരന് 53 വർഷം തടവ്

ഇല്ലിനോയ്‌സ് സ്വദേശിയായ ജോസഫ് സൂബ (73) ആണ് ശിക്ഷിക്കപ്പെട്ടത്.

Update: 2025-05-03 05:02 GMT

വാഷിങ്ടൺ: ഫലസ്തീൻ വംശജനായ ആറു വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുഎസ് പൗരന് 53 വർഷം തടവ്. ഇല്ലിനോയ്‌സ് സ്വദേശിയായ ജോസഫ് സൂബ (73) ആണ് ശിക്ഷിക്കപ്പെട്ടത്. ഗസ്സയിലെ ഇസ്രായേൽ വംശഹത്യ തുടങ്ങിയതിന് പിന്നാലെ 2023 ഒക്ടോബർ 14ന് ആയിരുന്നു സംഭവം. തന്റെ വാടകക്കാരായ ഹനാൻ ഷഹീൻ മകൻ വാദി അൽഫയൗമി എന്നിവരെയാണ് സൂബ ആക്രമിച്ചത്.

ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സൂബ യുദ്ധത്തെക്കുറിച്ച് ക്ഷുഭിതനായി സംസാരിക്കുകയും ഷഹീനെയും മകനെയും ആക്രമിക്കുകയുമായിരുന്നു. സൂബയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹീൻ ബാത്ത് റൂമിൽ കയറി ഒളിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും സൂബ അൽഫയൗമിയെ കൊലപ്പെടുത്തിയിരുന്നു. അൽഫയൗമിയുടെ ശരീരത്തിൽ 26 കുത്തേറ്റിരുന്നു.

Advertising
Advertising

ഷഹീൻ പൊലീസിനെ വിവരമറിയിച്ചതിന്റെ ഓഡിയോ അടക്കം പരിശോധിച്ചാണ് കോടതി വിചാരണ നടത്തിയത്. ഗസ്സയിൽ യുദ്ധം ശക്തമായതോടെ ചിത്തഭ്രമം ബാധിച്ചതുപോലെയാണ് സൂബ പെരുമാറിയതെന്ന് ഷഹീൻ മൊഴി നൽകി. ആക്രമണം നടക്കുന്നതിന്റെ രണ്ട് വർഷം മുമ്പാണ് ഷഹീന്റെ കുടുംബം സൂബയുടെ വീട്ടിൽ വാടകക്കാരായി എത്തിയത്.

ഒക്ടോബർ ഏഴിന് ആക്രമണം തുടങ്ങിയതോടെ മുസ്‌ലിംകളോട് താത്പര്യമില്ലെന്നും വീട് ഒഴിയണമെന്നും സൂബ ആവശ്യപ്പെട്ടു. തന്നെ ആക്രമിക്കുന്നതിനിടെ മുസ്‌ലിം ആയതിനാൽ നീ മരിക്കണമെന്ന് സൂബ പറഞ്ഞുവെന്നും ഷഹീൻ കോടതിയെ അറിയിച്ചു.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് ശേഷം യുഎസിൽ നടന്ന ഫലസ്തീൻ വിരുദ്ധ അറബ് വിരുദ്ധ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളിൽ ഏറ്റവും നിഷ്ഠൂരമായ സംഭവമായിരുന്നു അൽഫയൗമിയുടെ കൊലപാതകം. പൊലീസ് എത്തുമ്പോൾ ആക്രമണത്തിന് ശേഷം വീടിന് പുറത്ത് ഇരിക്കുകയായിരുന്നു സൂബ. അയാളുടെ കൈകളിലും ശരീരത്തിലും രക്തം പുരണ്ടിരുന്നു. എന്നാൽ കുറ്റം സമ്മതിക്കാൻ സൂബ തയ്യാറിയിരുന്നില്ല.

അൽഫയൗമിയുടെ അന്ത്യ നിമിഷങ്ങൾ ഭീകരമായിരുന്നുവെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. അവന് രക്ഷപ്പെടാൻ കഴിഞ്ഞില്ല, കൊലപ്പെടുത്തിയതിന് ശേഷം കത്തി കുട്ടിയുടെ ശരീരത്തിൽ കുത്തിവെച്ച നിലയിലായിരുന്നുവെന്നും അറ്റോർണിയായ മൈക്കൽ ഫിറ്റ്‌സ്ജറാൾ കോടതിയിൽ പറഞ്ഞു.

സൂബ ശിക്ഷിക്കപ്പെട്ടതുകൊണ്ട് കുടുംബത്തിനുണ്ടായ നഷ്ടം നികത്തപ്പെടില്ലെന്ന് അൽഫയൗമിയുടെ അമ്മാവൻ മഹ്മൂദ് യൂസുഫ് പറഞ്ഞു. സൂബയെ മുത്തശ്ശനെപ്പോലെയാണ് അൽഫയൗമി കണ്ടിരുന്നത്. ഗസ്സ യുദ്ധത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണമെന്നും യൂസുഫ് പറഞ്ഞു.

കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (സിഎഐആർ) മാർച്ചിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാത്രം അറബ് വിരുദ്ധ, മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾ സംബന്ധിച്ച് 8,658 പരാതികളാണ് ലഭിച്ചത്. 1996ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News