ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്‌; ഗസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്ക

വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ പ്രതിനിധി സംഘം ദോഹയിലെത്തി

Update: 2025-07-07 02:43 GMT
Editor : നബിൽ ഐ.വി | By : Web Desk

​ഗസ്സ സിറ്റി: ഗസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്ക. വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ പ്രതിനിധി സംഘം ദോഹയിലെത്തി. അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിലെ കൂടിക്കാഴ്ച ഇന്ന്​ നടക്കും.

യുദ്ധാനന്തര ഗസ്സയുടെ ഭാവി സംബന്ധിച്ച്​ വ്യക്തമായ തീർപ്പിൽ ഇസ്രായേലും അമേരിക്കയും എത്തിയിട്ടില്ല. ട്രംപ് മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിർത്തൽ നിർദേശത്തിൽ രാവിലെ ചർച്ച ആരംഭിക്കും. മിക്കവാറും ഇന്നുതന്നെ ചർച്ച പൂർത്തിയാക്കാനാണ്​ തീരുമാനം. താത്ക്കാലിക വെടിനിർത്തൽ കാലയളവിൽ സ്ഥിരമായ യുദ്ധവിരാമം ചർച്ച ചെയ്യാമെന്ന്​ ട്രംപ് നിർദേശിച്ചിട്ടുണ്ട്​.

Advertising
Advertising

അതേസമയം ഗസ്സയിൽ ഹമാസിനെ നിലനിർത്തിയുള്ള യുദ്ധവിരാമം അംഗീകരിക്കില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. വൈറ്റ്​ ഹൗസിൽ ട്രംപും നെതന്യാഹുവും തമ്മിൽ ഇന്നു നടക്കുന്ന ചർച്ചയിൽ യുദ്ധാനന്തര ഗസ്സയുടെ ഭാവി തന്നെയാകും പ്രധാനം. കാര്യങ്ങൾ ശരിയായ ദിശയിലാണ്​ നീങ്ങുന്നതെന്നും വെടിനിർത്തൽ വൈകില്ലെന്നും അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ പറഞ്ഞു.

ഇന്നലെ ചേർന്ന സുരക്ഷാ മന്ത്രി സഭയുടെ യോഗത്തിൽ നെതന്യാഹുവും സൈനിക മേധാവിയും തമ്മിൽ രൂക്ഷമായ വാഗ്വാദം ഉണ്ടായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. 21 ലക്ഷത്തോളം വരുന്ന ഗസ്സ നിവാസികളെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരിക പ്രായോഗികമല്ലെന്ന​ സൈനിക മേധാവിയുടെ പ്രതികരണമാണ്​ നെതന്യാഹുവിനെ ചൊടിപ്പിച്ചത്​. എങ്കിൽ ഇറാൻ എന്ന ശത്രുരാജ്യത്തിനെതിരെ നിലയുറപ്പിക്കാൻ ഇസ്രായേലിന്​ എങ്ങനെ കഴിയുമെന്ന്​ നെതന്യാഹു ​രോഷത്തോടെ ചോദിച്ചതായാണ്​ റിപ്പോർട്ട്​.

അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ഇന്നലെ നൂറോളം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. 24 മണിക്കൂറിനിടെ 81 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഗസ്സയിൽ ഒരു ഇസ്രായേൽ സൈനികൻ കൂടി ആത്മഹത്യ ചെയ്തു. ഇതോടെ 21 മാസത്തിനിടെ ഗസ്സയിൽ ആത്മഹത്യ ചെയ്ത സൈനികരുടെ എണ്ണം 46 ആയി. തെക്കൻ ഗസ്സയിൽ നിന്ന്​ ഇസ്രായേലിന്​ നേർക്ക്​ ഹമാസ്​ റോക്കറ്റാ​ക്രമണം നടന്നു. ചെങ്കടലിൽ ഒരു ഇസ്രായേൽ കപ്പലിനെ യെമനിലെ​ ഹൂതികളും ആക്രമിച്ചു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News