'30 കൊല്ലത്തിനിടെ അച്ഛൻ 70 പേരെ കൊന്നു'; വെളിപ്പെടുത്തലുമായി യു.എസ് യുവതി

കൊല്ലപ്പെട്ടവരുടെ മൃതദേഹം തന്റെയും സഹോദരന്റെയും സഹായത്തോടെയാണ് പിതാവ് അടയ്ക്കം ചെയ്തതെന്നും അത് എവിടെയാണെന്ന് തനിക്ക് അറിയാമെന്നും മകൾ ലൂസി

Update: 2022-10-26 14:05 GMT

പത്തു കൊല്ലം മുമ്പ് അന്തരിച്ച പിതാവ് മുമ്പ് നടത്തിയ കൊലപാതക പരമ്പര വെളിപ്പെടുത്തി യു.എസ് യുവതി. 30 കൊല്ലത്തിനിടയിൽ പിതാവായ ഡൊണാൾഡ് ഡീൻ സ്റ്റുഡി 50 മുതൽ 70 വരെ സ്ത്രീകളെ കൊന്നൊടുക്കിയതായാണ് മകൾ ലൂസി സ്റ്റുഡി പറയുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം തന്റെയും സഹോദരന്റെയും സഹായത്തോടെയാണ് പിതാവ് അടയ്ക്കം ചെയ്തതെന്നും അത് എവിടെയാണെന്ന് തനിക്ക് അറിയാമെന്നും അവർ പറഞ്ഞു. ആദ്യം അവരുടെ അവകാശ വാദം ആരും വിശ്വസിച്ചിരുന്നില്ലെന്നും എന്നാൽ പൊലീസ് നായകൾ മൃതദേഹം അടക്കം ചെയ്തയിടങ്ങളിൽ നിന്ന് മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി അന്വേഷണ സംഘം പറഞ്ഞിരിക്കുകയാണെന്നും ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു. യു.എസ്സിലെ വെസ്‌റ്റേൺ ലോവയാണ് സംഭവ സ്ഥലം.

Advertising
Advertising

ഡീനിന്റെ മകൾ ലൂസി ഡോഗ് സംഘത്തിനൊപ്പം

 

തങ്ങളുടെ സ്ഥലത്തുള്ള കിണറിനടുത്തായാണ് മൃതദേഹം കുഴിച്ചിട്ടതെന്നും ഇടയ്ക്ക് പിതാവ് നമുക്ക് കിണറിന്റെ അടുത്തേക്ക് പോകണമെന്നും പറയുമെന്നും അതെന്താണെന്ന് തങ്ങൾ അറിയുമായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

ഒരോ തവണ കിണറിനരികിലേക്കോ കുന്നിൻ മുകളിലേക്കോ പോകുമ്പോൾ താൻ തിരിച്ചുവരുമെന്ന് കരുതിയിരുന്നില്ലെന്നും തനിക്ക് വായയടക്കി നിൽക്കാൻ കഴിയാത്തതിനാൽ തന്നെ പിതാവ് കൊന്നുകളയുമെന്ന് കരുതിയെന്നും ലൂസി പറഞ്ഞു. ആഭരണവും വസ്ത്രവുമണിഞ്ഞ നിരവധി പേരെ കിണറിനടുത്തായി അടയ്ക്കം ചെയ്തിട്ടുണ്ടെന്നും ചിലരുടെ സ്വർണ പല്ലുകൾ പിതാവ് ട്രോഫി പോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

സംഭവ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് നായകൾ മനുഷ്യശരീരം ഉള്ളതായി കണ്ടെത്തിയതായി ഫ്രീമോണ്ട് കൗണ്ടി ഷെരിഫ് കെവിൻ ഐസ്‌ട്രേപ് ഒരു മാധ്യമത്തോട് പറഞ്ഞു. കൂടുതൽ തെളിവുകൾ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. 2021 മുതലാണ് ഷെരിഫ് കേസിൽ ഇടപെട്ടത്. 2013ൽ 75ാം വയസ്സിലാണ് ലൂസിയുടെ പിതാവ് ഡൊണാൾഡ് ഡീൻ മരിച്ചത്.

ഡീനിന്റെ ഇരകളിലധികവും ഒമാഹ, നബ്രാസ്‌കയിലെ ലൈംഗിക തൊഴിലാളികളായിരിക്കാനാണ് സാധ്യതയെന്നും അഞ്ചു ഏക്കർ വരുന്ന ഇവരെ കൊന്ന് ഫാം ലാൻഡിൽ കുഴിച്ചിട്ടുവെന്നും അന്വേഷണ സംഘം കരുതുന്നതായാണ് ന്യൂസ്‌വീക്ക് റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിരം മദ്യപാനിയായ സ്റ്റഡി തങ്ങൾ താമസിക്കുന്ന ഇടത്ത് വെച്ച് ഇരകളുടെ തല തല്ലിത്തകർത്തതായും മകൾ ലൂസി ന്യൂസ്‌വീക്കിനോട് പറഞ്ഞു.

സംഭവം തെളിഞ്ഞാൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധ പരമ്പരക്കൊലയാളിയായി ഡൊണാൾഡ് ഡീൻ അടയാളപ്പെടുത്തപ്പെടും. സീരിയൽ കില്ലറും നരഭോജിയുമായ ജെഫ്രി ഡാഹ്‌മെർ 17 പേരെയാണ് കൊന്നത്. ടെഡ് ബുണ്ടി 36 പേരുടെ ജീവനെടുത്തതായാണ് സംശയിക്കപ്പെടുന്നത്.

US Woman Reveals Her Late Father's Past Murder Series

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News