Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വാഷിങ്ടൺ: യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് വൈറ്റ് ഹൗസിൽ നടക്കും. റഷ്യ-യുക്രൈൻ സമാധാനക്കരാറാണ് ലക്ഷ്യം. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തിയതിന് പിന്നാെയാണ് ട്രംപ് സെലൻസികിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
യൂറോപ്യൻ നേതാക്കളും ചർച്ചയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക് മെര്‍ത്സ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല ഫൊണ്ടെ ലെയ്ന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാന്‍ഡര്‍ സ്റ്റബ്‌സ് തുടങ്ങിയവരാണ് സെലെന്‍സ്‌കിയും ട്രംപും തമ്മിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ട്.
യുക്രൈൻ ഒറ്റപെടില്ലെന്ന് ഉറപ്പാക്കാനാണ് നേതാക്കളും ചർച്ചയുടെ ഭാഗമാകുന്നത്. വൈറ്റ് ഹൗസ് ചർച്ച വിജയകരമാണെങ്കിൽ ട്രംപ്-പുട്ടിൻ-സെലൻസ്കി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങിയേക്കും.
വെള്ളിയാഴ്ച പുടിനുമായി ട്രംപ് നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഉടന്‍ വെടിനിര്‍ത്തല്‍ എന്നതിനുപകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്‌കയില്‍നിന്ന് വാഷിങ്ടണിലേക്ക് മടങ്ങവെ ട്രംപ് പറഞ്ഞിരുന്നു. അന്തിമ ഉടമ്പടിയില്‍ എത്തുംമുന്‍പ് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പുടിനും ആവശ്യപ്പെട്ടിരുന്നു.