ബെയ്ജിങ്: ചൈനയിൽ നിലവില്‍ വന്ന 'വംശീയ ഐക്യ നിയമം' ഏറെ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ നിർബന്ധിതമായി ചൈനീസ് വൽക്കരിക്കാനും അവരുടെ സാംസ്കാരിക സ്വത്വം ഇല്ലാതാക്കാനും ഈ നിയമം കാരണമാകുമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ചൈനയിലെ ഭൂരിപക്ഷ സമൂഹമായ ഹാൻ വംശജർക്കൊപ്പം രാജ്യത്തെ മറ്റ് 55 ന്യൂനപക്ഷ വംശങ്ങളെയും ചേർത്ത് ഒരു 'പൊതുവായ ദേശീയ സ്വത്വം' രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ഭരണകൂടം ഈ നിയമം പാസാക്കിയത്. ചൈനയിലെ ന്യൂനപക്ഷങ്ങളിൽ ഏറ്റവും വലിയ ജനവിഭാഗങ്ങളിൽ 11 മില്യണ്‍ (1.1 കോടി) ആളുകളുള്ള ഉയ്ഗൂറുകളും, 7 മില്യണ്‍ (70 ലക്ഷം) ആളുകളുള്ള തിബറ്റുകാരുമാണ് ഉൾപ്പെടുന്നത്. ദേശീയതലത്തിൽ വംശീയ ന്യൂനപക്ഷങ്ങളായ ഈ വിഭാഗങ്ങൾ ആകെ ജനസംഖ്യയുടെ ഭൂരിപക്ഷമായി മാറുന്ന ചൈനയിലെ രണ്ട് പ്രവിശ്യകളാണ് സിൻജിയാംഗും തിബറ്റും.
ന്യൂനപക്ഷങ്ങളോട് മോശമായി പെരുമാറുന്നു എന്ന ആരോപണങ്ങളുടെ പേരിൽ അന്താരാഷ്ട്ര- മനുഷ്യാവകാശ സംഘടനകൾ ഏറെ നാളായി ചൈനയെ വിമര്‍ശിക്കുന്നുണ്ട്. ഇതിനിടയിലാണ് പുതിയ നിയമവും വരുന്നത്.
പുതിയ നിയമത്തിലെ ആർട്ടിക്കിൾ 15 അനുസരിച്ച്, പ്രീ-പ്രൈമറി തലം മുതൽ ഹൈസ്കൂൾ വിദ്യാഭ്യാസം വരെ എല്ലാ കുട്ടികൾക്കും മാൻഡറിൻ (ചൈനീസ് ഔദ്യോഗിക ഭാഷ) പഠനം നിർബന്ധമാക്കിയിട്ടുണ്ട്. ഇതുവഴി പ്രാദേശിക ന്യൂനപക്ഷ ഭാഷകൾക്ക് സ്കൂളുകളിൽ ഉണ്ടായിരുന്ന പ്രാധാന്യം ഇല്ലാതാകും.
സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സാമൂഹിക സംഘടനകൾ എന്നിവരെല്ലാം ഈ നിയമപ്രകാരം 'ചൈനീസ് ദേശീയ ബോധം' വളർത്താൻ ബാധ്യസ്ഥരാണ്. ഉയിഗൂർ , ടിബറ്റൻ , മംഗോളിയൻ വംശജർ ഉൾപ്പെടെയുള്ള ചൈനയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സ്വയംഭരണാവകാശവും സാംസ്കാരിക സ്വാതന്ത്ര്യവും ഈ നിയമത്തോടെ പൂർണ്ണമായും ഇല്ലാതാകുമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കുന്നു.
വ്യത്യസ്തതകളെ അംഗീകരിക്കുന്നതിന് പകരം, ഹാൻ ചൈനീസ് സംസ്കാരത്തിന് പ്രാധാന്യമുള്ള ഒരൊറ്റ ദേശീയ സ്വത്വത്തിലേക്ക് എല്ലാവരെയും മാറ്റാനാണ് ഈ നിയമത്തിലൂടെ ശ്രമിക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ സാറ ബ്രൂക്സ് പറയുന്നു. ഉയിഗൂർ മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള സിൻജിയാങ്ങിലും, ടിബറ്റിലും ചൈന കാലങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അടിച്ചമർത്തലുകൾക്ക് നിയമപരമായ സാധുത നൽകാൻ മാത്രമേ ഇത് ഉപകരിക്കൂ എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
ഈ നിയമത്തിലെ ഏറ്റവും വിവാദപരമായ വശം, ചൈനയുടെ അതിർത്തിക്ക് പുറത്തുള്ള വ്യക്തികൾക്കും സംഘടനകൾക്കും ബാധകമാകും എന്നുള്ളതാണ്. വിദേശത്തിരുന്ന് ചൈനയുടെ വംശീയ നയങ്ങളെ വിമർശിക്കുകയോ 'വംശീയ വിഘടനവാദത്തിന്' ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഈ നിയമം ചൈനയ്ക്ക് അധികാരം നൽകുന്നുണ്ട്. സ്വയംഭരണാധികാരമുള്ള തായ്‌വാനെ ലക്ഷ്യം വെക്കാനും അവിടുത്തെ ജനങ്ങളെ ഭയപ്പെടുത്താനും ചൈന ഈ നിയമം ഉപയോഗിച്ചേക്കുമെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിബറ്റൻ പ്രവാസി ഭരണകൂടവും ഈ നിയമത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്.
എന്നാൽ ഈ വിമർശനങ്ങളെയെല്ലാം ചൈന പൂർണ്ണമായും തള്ളിക്കളയുകയാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തര സമാധാനം നിലനിർത്താനുമാണ് ഈ നിയമമെന്നാണ് ചൈനീസ് സർക്കാരിന്റെ വാദം. വിദേശ മാധ്യമങ്ങൾ ഈ നിയമത്തിലെ വിദേശ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും, രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വിഘടനവാദികളെ നേരിടാൻ ഏതൊരു പരമാധികാര രാജ്യത്തിനുമുള്ള അവകാശം മാത്രമാണ് ചൈന വിനിയോഗിച്ചതെന്നും ചൈനീസ് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.