'അവർ ആദ്യം തീവച്ചത് എന്റെ സ്കൂട്ടർ, രക്ഷപ്പെട്ടത് സമീപത്തെ കെട്ടിടത്തിൽ ഒളിച്ചിരുന്ന്'; നേപ്പാൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗം മൊഹ്‍ന അൻസാരി
'സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ഞങ്ങളുടെ റിട്ട് പെറ്റീഷൻ സുപ്രീം കോടതി ഇന്ന് പരിഗണിക്കുമെന്ന് രാവിലെ എനിക്ക് അറിയിപ്പ് ലഭിച്ചു. ഞാൻ എന്റെ സ്‌കൂട്ടിയിൽ പോയി. വണ്ടി കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്തു. അവിടെ ശക്തമായ പോലീസ് സാന്നിധ്യം അപ്പോൾ തന്നെയുണ്ടായിരുന്നു. ഉച്ചക്ക് ശേഷം ബെഞ്ച് വാദം കേൾക്കുന്നതിനിടെ, സിങ് ദർബാറിനടുത്തും പ്രധാന റോഡിലും പ്രതിഷേധക്കാർ എത്തി. അവർ മുദ്രാവാക്യം വിളിക്കുന്നത് ഞങ്ങൾക്ക് കോടതിയിലിരുന്ന് കേൾക്കാമായിരുന്നു. എങ്കിലും സുപ്രീം കോടതി തന്നെ ലക്ഷ്യമാക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന്, കോടതിക്ക് സമീപമുള്ള അറ്റോർണി ജനറലിന്റെ കെട്ടിടത്തിന് തീയിട്ടു. മിനിറ്റുകൾക്കുള്ളിൽ പ്രതിഷേധക്കാർ കോടതി കോന്പൗണ്ടിലേക്ക് ഇരച്ചുകയറി. എന്റെ സ്‌കൂട്ടി ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് തീവച്ചു. പലതും നശിപ്പിച്ചു.'
കോഴിക്കോട്: അനിയന്ത്രിതമായി ആളിക്കത്തുന്ന ജൻ സി പ്രക്ഷോഭത്തിൽ സുപ്രിംകോടതിയും അഗ്നിക്കിരയായതിന്റെ നടുക്കത്തിലാണ് നേപ്പാൾ. ഭരണ കേന്ദ്രങ്ങളും ഉദ്യോഗസ്ഥ താവളങ്ങളും ആക്രമിക്കപ്പെടുന്നത് സ്വാഭാവികമാണെങ്കിലും സുപ്രിംകോടതിയിലേക്ക് പ്രക്ഷോഭകർ കയറുമെന്ന് നേപ്പാളുകാർ കരുതിയിരുന്നില്ല. സുപ്രിംകോടതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ സ്വന്തം വാഹനമടക്കം തീവക്കുന്നതിന് സാക്ഷിയാകേണ്ടി വന്നതിന്റെ നടുക്കത്തിലാണ് നേപ്പാളിലെ പ്രമുഖ അഭിഭാഷക മൊഹ്‍ന അൻസരി. നേപ്പാളിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റും ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ വനിതാ കമ്മീഷൻ എന്നിവയിലെ മുൻ അംഗവുമാണ് മൊഹ്‍ന അൻസരി.
ജൻ സി പ്രക്ഷോഭത്തിന് കാരണമായ സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ കേസിൽ സുപ്രിംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകയാണ് മൊഹ്‍ന. നിരോധനത്തിനെതിരായ ഹരജിയിൽ പരാതിക്കാർക്കുവേണ്ടി വാദിക്കാനാണ് അവർ ചൊവ്വാഴ്ച സുപ്രിംകോടതിയിലെത്തിയത്. അത് അസാധാരണമായ അനുഭവത്തിനാണ് വഴിയൊരുക്കിയത്. സംഭവത്തെക്കുറിച്ച് മൊഹ്‍ന പറയുന്നു:
'സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ഞങ്ങളുടെ റിട്ട് പെറ്റീഷൻ സുപ്രീം കോടതി ഇന്ന് പരിഗണിക്കുമെന്ന് രാവിലെ എനിക്ക് അറിയിപ്പ് ലഭിച്ചു. ഞാൻ എന്റെ സ്‌കൂട്ടിയിൽ പോയി. വണ്ടി കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്തു. അവിടെ ശക്തമായ പോലീസ് സാന്നിധ്യം അപ്പോൾ തന്നെയുണ്ടായിരുന്നു. ഉച്ചക്ക് ശേഷം ബെഞ്ച് വാദം കേൾക്കുന്നതിനിടെ, സിങ് ദർബാറിനടുത്തും പ്രധാന റോഡിലും പ്രതിഷേധക്കാർ എത്തി. അവർ മുദ്രാവാക്യം വിളിക്കുന്നത് ഞങ്ങൾക്ക് കോടതിയിലിരുന്ന് കേൾക്കാമായിരുന്നു. എങ്കിലും സുപ്രീം കോടതി തന്നെ ലക്ഷ്യമാക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന്, കോടതിക്ക് സമീപമുള്ള അറ്റോർണി ജനറലിന്റെ കെട്ടിടത്തിന് തീയിട്ടു. മിനിറ്റുകൾക്കുള്ളിൽ പ്രതിഷേധക്കാർ കോടതി കോന്പൗണ്ടിലേക്ക് ഇരച്ചുകയറി. എന്റെ സ്‌കൂട്ടി ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് തീവച്ചു. പലതും നശിപ്പിച്ചു.'
'ആദ്യം തീവച്ചത് എന്റെ സ്കൂട്ടറിനായിരുന്നു. അത് യാദൃശ്ചികമാകാം. എന്റെ സ്കൂട്ടിയാണെന്ന് അവർക്ക് അറിയാനിടയില്ല. സ്ഥിരമായി പാർക്ക് ചെയ്യുന്ന സ്ഥലത്തുതന്നെയാണ് വണ്ടി വച്ചിരുന്നത്. പെട്ടെന്ന് സ്ഥിതിഗതികൾ ഭയാനകമായി. പൊലീസും അഭിഭാഷകരും ജീവനക്കാരും സന്ദർശകരും എല്ലാം കോടതിയുടെ പിൻവശത്തേക്ക് ഓടി. അവിടെ നിർമാണത്തിലിരുന്ന ഒരു കെട്ടിടത്തിലാണ് ഞാൻ അഭയം തേടിയത്. വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി പൊട്ടിത്തെറിച്ചു. കോടതി കാന്റീനിലെ ഗ്യാസ് സിലിണ്ടറുകൾ കൂടി പൊട്ടിത്തെറിച്ചതോടെ സ്ഥിതി കൈവിട്ടു. എങ്ങും ആളിപ്പടരുന്ന തീ. പ്രദേശം കനത്ത പുകയിൽ മൂടി. നീതിയുടെ ക്ഷേത്രമായ സുപ്രീം കോടതി ആക്രമിക്കപ്പെട്ടു. ഇതുവരെ കാണാത്ത ഹൃദയഭേദകമായ കാഴ്ചയായിരുന്നു അവിടെ. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം കെട്ടിടത്തിൽ നിന്നിറങ്ങി. തെക്കേ ഗേറ്റിലൂടെ ഞാൻ പുറത്തിറങ്ങി. പ്രതിഷേധക്കാരും കത്തുന്ന സർക്കാർ ഓഫീസുകളും നിറഞ്ഞ തെരുവുകളിലൂടെ കാൽനടയായി വീട്ടിലേക്ക് നടന്നു. ഭാഗ്യവശാൽ, ഞാൻ സുരക്ഷിതമായി വീട്ടിലെത്തി.' കോടതി മുറികൾക്കുള്ളിലും വ്യാപകമായി തീവച്ചതിനാൽ വിലപിടിച്ച നിരവധി രേഖകൾ കത്തിനശിച്ചിട്ടുണ്ടെന്നും മൊഹ്‍ന പറയുന്നു.
നേപ്പാളിലെ അറിയപ്പെടുന്ന അഭിഭാഷകയായ മൊഹ്‍ന 2010 മുതൽ 2014 വരെ നേപ്പാൾ ദേശീയ വനിതാ കമ്മീഷൻ അംഗമായിരുന്നു. 2014-2020 കാലയളവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി പ്രവർത്തിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വിഷയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൊഹ്‍ന മാധ്യമ പ്രവർത്തകയായി പൊതുപ്രവർത്തനം തുടങ്ങിയത്. പിന്നീട് അഭിഭാഷക ജോലിയിലേക്ക് മാറി. ആംനസ്റ്റി പോലുള്ള സംഘടനകളുമായും യു എന്നിന്റെ വിവിധ പദ്ധതികളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന മൊഹ്‍ന മനുഷ്യവാകശാവുമായി ബന്ധപ്പെട്ട നിരവധി അന്താരാഷ്ട്ര പരിപാടികളിൽ പങ്കാളിയാണ്.