ഇസ്രായേല്‍ തടങ്കലിലുള്ള ഡോ.ഹുസാം അബു സഫിയയുടെ തടങ്കല്‍ ആറ് മാസത്തേക്ക് കൂടി നീട്ടി; വ്യാപക പ്രതിഷേധം
ഇസ്രായേലി സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ചെയ്യാതെയാണ് ഡോ.അബു സഫിയയെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു
ഗസ്സ സിറ്റി: ഇസ്രായേൽ അധികൃതർ തടവിലാക്കിയിരിക്കുന്ന 95 ഫലസ്തീൻ ആരോഗ്യ പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഇസ്രായേലിൽ തടവിലാക്കപ്പെട്ട എല്ലാ ആരോഗ്യ പ്രവർത്തകരെയും ഉടനടി നിരുപാധികം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. ഹെൽത്ത്‌കെയർ വർക്കേഴ്‌സ് വാച്ച് (എച്ച്ഡബ്ല്യുഡബ്ല്യു), ആംനസ്റ്റി ഇന്റർനാഷണൽ യുകെ എന്നിവ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇസ്രായേൽ തടവിലുള്ള വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാന്‍ ആശുപത്രിയുടെ ഡയറക്ടറായ ഡോ.ഹുസാം അബു സഫിയയെ തടങ്കൽ ആറ് മാസത്തേക്ക് കൂടി ഇസ്രായേലി കോടതി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധം. 2024 ഡിസംബർ 27 നാണ് ഇസ്രായേൽ സൈന്യം ആശുപത്രി റെയ്ഡ് ചെയ്ത് ഡോ.ഹുസാം അബു സഫിയയെ അറസ്റ്റ് ചെയ്യുന്നത്.
ഇസ്രായേലി സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ചെയ്യാതെയാണ് ഡോ.ഹുസാം അബു സഫിയയെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു. വ്യോമാക്രമണത്തിൽ സ്വന്തം മകന്റെ ദാരുണമായ മരണത്തിൽ പോലും തളരാതെയായിരുന്നു അബു സഫിയ ഡ്യൂട്ടിയിൽ തുടർന്നത്. രോഗികളെ പരിചരിക്കുകയും അത്രയും ദുസ്സഹമായ സാഹചര്യത്തിലും തന്റെ ടീമിനെ അവർ മുന്നിൽ നിന്ന് നയിക്കുകയും ചെയ്തു. അദ്ദേഹത്തെ തടവിലാക്കിയതിന് പിന്നാലെയാണ് ഇസ്രായേൽ കസ്റ്റഡിയിലെ പീഡനത്തിന്റെയും ശാരീരിക ചൂഷണത്തിന്റെയും ക്രൂരമായ പെരുമാറ്റത്തെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. മതിയായ ചികിത്സ കിട്ടാതെ ശരീരഭാരം കുറയുകയും നിയമോപദേശം നിഷേധിക്കപ്പെടുകയുമടക്കമുള്ള അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രായേലി തടങ്കലിൽ വെച്ച് അഞ്ച് ആരോഗ്യ പ്രവർത്തകർ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. അഞ്ച് പേരെ കാണാതായിട്ടുണ്ട്. അവർ എവിടെയാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. മൂന്ന് മുതിർന്ന ഡോക്ടർമാർ, ഒരു യുഎൻആർഡബ്ല്യുഎ ഫാർമസിസ്റ്റ്, ഒരു സീനിയർ ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരെയാണ് കാണാതായിട്ടുള്ളത്.
ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 1,722 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. മിക്ക ആരോഗ്യ പ്രവർത്തകരെയും ഇസ്രായേൽ സൈന്യം അവരുടെ ആശുപത്രികളിൽ നിന്നോ ആംബുലൻസുകളിൽ നിന്നോ ഡ്യൂട്ടിയിലായിരിക്കെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
'നൂറോളം ആരോഗ്യ പ്രവർത്തകരെ ഇസ്രായേൽ തുടർച്ചയായി തടങ്കലിൽ വയ്ക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ വ്യക്തമായ ലംഘനമാണ്' എന്ന് എച്ച്ഡബ്ല്യുഡബ്ല്യുവിലെ ഡോ. റെബേക്ക ഇംഗ്ലിസ് പറയുന്നു. ഇസ്രായേൽ തടങ്കലിൽ ഫലസ്തീൻ തടവുകാർ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നതിന്റെ തെളിവുകൾ കണക്കിലെടുക്കുമ്പോൾ അവരുടെ കാര്യത്തിൽ വളരെയധികം ആശങ്കയുണ്ടെന്നും ഡോ. റെബേക്ക പറഞ്ഞു.
ഗസ്സയിലെ 94 ശതമാനം ആശുപത്രികളെങ്കിലും ഇസ്രായേൽ ആക്രമണത്തിൽ തകരാറിലാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, വൈദഗ്ധ്യമുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത 431 ആരോഗ്യ പ്രവർത്തകരിൽ 309 പേരെ ഇപ്പോൾ വിട്ടയച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 67 പേരെ ഒക്ടോബർ 13 ന് നടന്ന ബന്ദികൈമാറ്റ കരാറിന്റെ ഭാഗമായി വിട്ടയച്ചു.
ഇസ്രായേലി തടങ്കലിൽ അഞ്ച് എച്ച്സിഡബ്ല്യുമാർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തതായി റിപ്പോർട്ടുണ്ട്.എന്നാൽ അവരുടെ മൃതദേഹങ്ങൾ പോലും ഇതുവരെ കുടുംബങ്ങൾക്ക് തിരികെ നൽകിയിട്ടില്ല.
കസ്റ്റഡിയിലെടുത്ത മറ്റ് ആരോഗ്യ പ്രവർത്തകർ
ഇസ്രായേൽ ഇപ്പോഴും തടങ്കലിൽ വച്ചിരിക്കുന്ന ആരോഗ്യ പ്രവർത്തകർ ശരാശരി 511 ദിവസം തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്, ചിലരെ യുദ്ധത്തിന്റെ ആദ്യ ആഴ്ചകൾ മുതൽ തടങ്കലിൽ വച്ചിട്ടുണ്ട്. തടവിലാക്കപ്പെട്ട 95 പേരിൽ 80 പേർ ഗസ്സയിൽ നിന്നുള്ളവരും ബാക്കി 15 പേർ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നുള്ളവരുമാണ്. ഗസ്സയിൽ നിന്ന് മാത്രം 31 നഴ്സുമാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 17 ഫിസിഷ്യൻമാർ, 15 ആശുപത്രി സപ്പോർട്ട് ആൻഡ് മാനേജ്മെന്റ് സ്റ്റാഫ്, 14 പാരാമെഡിക്കുകൾ, രണ്ട് ഫാർമസിസ്റ്റുകൾ, ഒരു മെഡിക്കൽ ടെക്നീഷ്യൻ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 25 പേർ സീനിയർ തസ്തികകളിലും 50 പേർ മിഡ് ലെവൽ തസ്തികകളിലും അഞ്ച് പേർ ജൂനിയർ ഹെൽത്ത് കെയർ ജീവനക്കാരുമാണ്. ഒരാൾ ഒഴികെ എല്ലാവരും പുരുഷന്മാരാണ്. ആരോഗ്യ പ്രവർത്തകരിൽ 36 പേർ വടക്കൻ ഗസ്സയിലാണ് താമസിച്ചിരുന്നത്. 24 പേർ ഖാൻ യൂനിസിൽ നിന്നും 18 പേർ ഗസ്സ സിറ്റിയിൽ നിന്നും മൂന്ന് പേർ റഫയിൽ നിന്നുള്ളവരുമാണ്.