ആരാവും അടുത്ത നേപ്പാൾ പ്രധാനമന്ത്രി?; 'ജെൻ സി' പരിഗണിക്കുന്ന അഞ്ച് പേരുകൾ
വൻ യുവജന പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ശർമ ഒലി രാജിവെച്ച സെപ്റ്റംബർ ഒമ്പതിന് ശേഷം നേപ്പാളിൽ സർക്കാരില്ല. നിലവിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് രാജ്യം
കാഠ്മണ്ഡു: 'ജെൻ സി' പ്രക്ഷോഭത്തെ തുടർന്ന് പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെച്ച നേപ്പാളിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത് അഞ്ച് നേതാക്കളുടെ പേരുകൾ. വൻ യുവജന പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ശർമ ഒലി രാജിവെച്ച സെപ്റ്റംബർ ഒമ്പതിന് ശേഷം രാജ്യത്ത് സർക്കാരില്ല. നിലവിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് രാജ്യം. പുതിയ ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
സുശീല കർക്കി, ബലേന്ദ്ര ഷാ, കുൽമാൻ ഘിസിങ്, ഹർക സംപാങ്, സുമന ശ്രേഷ്ഠ എന്നിവരുടെ പേരുകളാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. പുതിയ പ്രധാനമന്ത്രിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം 5,000ൽ കൂടുതൽ യുവജനങ്ങൾ പങ്കെടുത്ത വെൽച്വൽ മീറ്റിങ് ചേർന്നിരുന്നു.
സുശീല കർക്കി
നേപ്പാൾ സുപ്രിംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആണ് സുശീല കർക്കി. 2016 ജൂലൈ മുതൽ 2017 ജൂൺ വരെയാണ് സുശീല നേപ്പാൾ ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത്. അധികാരത്തിലിരുന്നപ്പോൾ അഴിമതിക്കെതിരെ സ്വീകരിച്ച കർശന നിലപാടുകളാണ് സുശീല കർക്കിയെ ശ്രദ്ധേയയാക്കിയത്.
മുൻ പ്രധാനമന്ത്രി ബി.പി കൊയ്‌രാളയുടെ ബന്ധുവായ സുശീല കർക്കി മഹേന്ദ്ര മൊറാങ് ക്യാമ്പസ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ത്രിഭുവൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് നിയമവിദ്യാഭ്യാസം നേടിയത്. അഴിമതിക്കേസിൽ ഒരു മന്ത്രിയെ ശിക്ഷിച്ചതുൾപ്പെടെയുള്ള സുപ്രധാന വിധികൾ അവരുടെ നീതിന്യായ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 2017ൽ നേപ്പാളിലെ അഴിമതി വിരുദ്ധ സമിതിയുടെ തലവനെ പുറത്താക്കുന്നതിലേക്ക് നയിച്ച ഒരു വിധിയുടെ പേരിൽ പാർലമെന്റ് ഇംപീച്ച്‌മെന്റ് നീക്കം തുടങ്ങിയതിന് പിന്നാലെ സുശീലയെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ബലേന്ദ്ര ഷാ
ബലേൻ എന്നറിയപ്പെടുന്ന ബലന്ദ്ര ഷാ റാപ്പറും സിവിൽ എഞ്ചിനീയറുമാണ്. 2022ൽ സ്വതന്ത്രനായി മത്സരിച്ച് കാഠ്മണ്ഡു മേയറായി. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ബലേൻ 61,000 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബലന്ദ്ര ഷായുടെ വിജയം നേപ്പാളിൽ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജെൻ സി പ്രക്ഷോഭകർ ഏറ്റവും കൂടുതൽ ഉയർത്തിയത് ബലേന്ദ്ര ഷായുടെ പേരായിരുന്നു. എന്നാൽ അദ്ദേഹം പദവി ഏറ്റെടുക്കാൻ താത്പര്യം കാണിച്ചില്ലെന്നാണ് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കുൽമാൻ ഘിസിങ്
നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എംഡി ആയ കുൽമാൻ ഘിസിങ് രാജ്യത്ത് വർഷങ്ങളായി നിലനിന്നിരുന്ന വൈദ്യുതി ക്ഷാമം അവസാനിപ്പിച്ച വ്യക്തിയാണ്. ക്ലീൻ ഇമേജും കഴിവുമുള്ള ടെക്‌നോക്രാറ്റ് ആയാണ് കുൽമാൻ ഘിസിങ് വിലയിരുത്തപ്പെടുന്നത്. ജെൻ സി പ്രക്ഷോഭകാരികളുടെ പ്രതിനിധികളെയടക്കം ഉൾപ്പെടുത്തി രാഷ്ട്രീയക്കാരല്ലാത്ത വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാൻ ഘിസിങ് ആവശ്യപ്പെട്ടിരുന്നു.
ഹർക്ക സംപാങ്
മറ്റൊരു സ്വതന്ത്ര നേതാവായ ധരൺ മേയർ ഹർക്ക സംപാങ്ങിന്റെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ചക്കായി സംപാങ്ങിനെ വിമാനത്തിൽ സൈനിക ആസ്ഥാനത്തേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്. തുടക്കത്തിൽ സുശീല കർക്കിയെ പിന്തുണച്ചിരുന്ന 'ജെൻ സി' പ്രക്ഷോഭകർ പിന്നീട് ഹർക്ക സംപാങ്ങിലേക്ക് നിലപാട് മാറ്റിയെന്നും നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സുമന ശ്രേഷ്ഠ
രാഷ്ട്രീയ സ്വതന്ത്ര പാർട്ടി നേതാവായ സുമന ശ്രേഷ്ഠ നിലവിൽ നേപ്പാൾ പാർലമെന്റ് അംഗമാണ്. മികച്ച പാർലമെന്റ് അംഗമായി ഖ്യാതി നേടിയ സുമന സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കുറച്ചുകാലം വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള സുമന പാർലമെന്ററി കലണ്ടർ, വിദ്യാഭ്യാസ പരിഷ്‌കാരം, നിയമനിർമാണത്തിലെ പൊതുജന പങ്കാളിത്തം തുടങ്ങിയവയെ പിന്തുണയ്ക്കുന്ന ആളാണ്.