ആസ്‌ട്രേലിയയില്‍ മുരിങ്ങ നിരോധിച്ചത് എന്തുകൊണ്ട്?
ആസ്ട്രേലിയയില്‍ പരമ്പരാഗതമായി ആളുകള്‍ കഴിച്ചു ശീലമില്ലാത്ത ഭക്ഷണങ്ങളെ 'നോവല്‍ ഫുഡ്' എന്ന വിഭാഗത്തിലാണ് പെടുത്തുക
പോഷക ഗുണങ്ങളാല്‍ സമ്പന്നമാണല്ലോ മുരിങ്ങ. മലയാളികളുടെ ഭക്ഷണശീലത്തിലെ ഒരു സ്ഥിരം സാന്നിധ്യവുമാണ് മുരിങ്ങ. എന്നാല്‍ മുരിങ്ങയോട് 'നോ' പറഞ്ഞിരിക്കുകയാണ് ആസ്‌ട്രേലിയ. മുരിങ്ങ ഭക്ഷ്യോല്‍പന്നമായോ മറ്റ് പൗഡറുകളായോ വില്‍ക്കുന്നതാണ് ആസ്‌ട്രേലിയയില്‍ നിരോധിച്ചിരിക്കുന്നത്. ഇതോടെ ആസ്‌ട്രേലിയന്‍ വിപണിയില്‍ ഇനി മുരിങ്ങ ഉല്‍പ്പന്നങ്ങള്‍ കിട്ടില്ല. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കായുള്ള മുരിങ്ങാക്കൃഷിയും നിലയ്ക്കും.
എന്തുകൊണ്ടാണ് നിരോധനം?
ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആസ്ട്രേലിയ ന്യൂസിലാന്‍ഡ് (എഫ്എസ്എഎന്‍ഇസെഡ്) നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആസ്ട്രേലിയന്‍ സര്‍ക്കാര്‍ മുരിങ്ങ ഭക്ഷണമായി വില്‍ക്കുന്നത് നിരോധിക്കാന്‍ തീരുമാനിച്ചത്. ഒരു ഭക്ഷ്യ ഉല്‍പ്പന്നമെന്ന നിലയില്‍ മുരിങ്ങയുടെ (മൊറിംഗ ഒലിഫെറ) സുരക്ഷ സ്ഥിരീകരിക്കാന്‍ മതിയായ ഡാറ്റ ഇല്ലെന്നാണ് ഇവരുടെ നിലപാട്. ഇതോടെ ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഒരു ഭക്ഷണമായോ ഭക്ഷ്യ ഘടകമായോ മുരിങ്ങ വില്‍ക്കാന്‍ സാധിക്കില്ല. ഭക്ഷ്യോല്‍പന്നമായി ഇറക്കുമതി ചെയ്യാനും കഴിയില്ല.
ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തില്‍ നിന്ന് മുരിങ്ങയെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. മുരിങ്ങയുടെ ഇല, വിത്ത്, തൊലി എന്നിവയും വില്‍ക്കാന്‍ പാടില്ല. മുരിങ്ങാ കര്‍ഷകര്‍ക്കും മുരിങ്ങയില്‍ നിന്നുള്ള സപ്ലിമെന്റുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കും തീരുമാനം തിരിച്ചടിയാണ്.
ചരിത്രപരമായി ആസ്‌ട്രേലിയയില്‍ ഇല്ലാത്ത ഒരു സസ്യമാണ് മുരിങ്ങ. ഇത് പിന്നീട് മറ്റിടങ്ങളില്‍ നിന്ന് വന്‍കരയിലേക്ക് എത്തുകയും പ്രചാരം നേടുകയുമായിരുന്നു. ആസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും പരമ്പരാഗതമായി ആളുകള്‍ കഴിച്ചു ശീലമില്ലാത്ത ഭക്ഷണങ്ങളെ 'നോവല്‍ ഫുഡ്' എന്ന വിഭാഗത്തിലാണ് പെടുത്തുക. ഇത്തരം ഭക്ഷണങ്ങള്‍ പൊതുവിപണിയില്‍ വില്‍ക്കണമെങ്കില്‍ അവ സുരക്ഷിതമാണെന്ന് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ രേഖകള്‍ ഗവണ്‍മെന്റിന് സമര്‍പ്പിക്കേണ്ടതുണ്ട്. നോവല്‍ ഫുഡ് (പുതിയ ഭക്ഷണം) ആയി അനുമതി നല്‍കിയാല്‍ മാത്രമേ ഇതിന് അംഗീകാരം ലഭ്യമാകൂ. ഈ അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. ഭക്ഷ്യയോഗ്യമായ വസ്തുവാണെന്ന് ശാസ്ത്രീയമായി തെളിയിക്കുവാന്‍ കഴിയാത്തതിനാലാണ് തീരുമാനം.
മുരിങ്ങ നട്ടാല്‍ പൊലീസ് പിടിക്കുമോ?
രാജ്യത്ത് നിരോധനമുള്ളതിനാല്‍ ഓസ്‌ട്രേലിയയില്‍ മുരിങ്ങ നട്ടാല്‍ പൊലീസ് പിടിക്കുമോ? ഇല്ലെന്ന് ഓസ്‌ട്രേലിയയിലെ മലയാളികള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കുന്നു. മുരിങ്ങ ഭക്ഷോല്‍പ്പന്നമായി വിപണിയിലിറക്കുന്നതിന് മാത്രമാണ് നിരോധനം. സ്വാഭാവികമായും ഈ സാഹചര്യത്തില്‍ വന്‍തോതിലുള്ള മുരിങ്ങാ കൃഷി നിലയ്ക്കും. എന്നാല്‍, വീട്ടുവളപ്പിലോ പറമ്പിലോ മുരിങ്ങ നട്ടുവളര്‍ത്തുന്നതിന് നിരോധനമില്ല. ആസ്‌ട്രേലിയയില്‍ മുമ്പ് പ്രചാരത്തിലില്ലാതിരുന്ന മുരിങ്ങയുടെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് മതിയായ വിവരം ഇല്ലെന്ന് മാത്രമാണ് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തി വ്യക്തമാക്കിയത്. ഇലകള്‍, പൊടികള്‍, എണ്ണകള്‍, കാപ്സ്യൂളുകള്‍ എന്നിവയുള്‍പ്പെടെ സസ്യത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്. ഉപഭോക്തൃ സുരക്ഷയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഉറപ്പാക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നിരോധനം.
മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങള്‍
ആസ്‌ട്രേലിയയില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ നാട്ടില്‍ മുരിങ്ങ ഭക്ഷ്യവസ്തുക്കളിലെ സ്റ്റാറാണ്. പ്രോട്ടീന്‍, കാല്‍സ്യം, അവശ്യ അമിനോ ആസിഡുകള്‍, ഇരുമ്പ്, വിറ്റാമിന്‍ സി, എ ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ആന്റിഫംഗല്‍, ആന്റി വൈറല്‍, ആന്റീഡിപ്രസന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി സവിശേഷതകള്‍ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുരിങ്ങയില.
മുരിങ്ങയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല.
- മുരിങ്ങയില ശരീരത്തിന്റെ ഊര്‍ജ്ജ നില വര്‍ധിപ്പിക്കും.
- തളര്‍ച്ച, ക്ഷീണം എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു.
- മുരിങ്ങ ഇലകളില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാന്‍ സഹായിക്കുന്നു.
- മുരിങ്ങയിലകളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ മുരിങ്ങയില സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം ഇതില്‍ അടങ്ങിയിട്ടുണ്ട്.
- ഹൃദയത്തെ സംരക്ഷിക്കാന്‍ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
- അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇല സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു. ഇത് എല്ലുകളെ ശക്തമാക്കി നിര്‍ത്തുന്നു.