തെഹ്റാൻ: യുദ്ധവിരാമം സംബന്ധിച്ച് ഇറാനും അമേരിക്കയും ധാരണാപത്രം ഒപ്പുവെക്കുന്നതില്‍ അനിശ്ചിതത്വം. ലബനാന്‍ വെടിനിർത്തലും മരവിപ്പിച്ച സ്വത്തുക്കളുടെ കൈമാറ്റവും ധാരണാപത്രത്തിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ച് അമേരിക്ക. പുതിയ ഭേദഗതികൾ അംഗീകരിക്കില്ലെന്ന് ഇറാനും മറുപടി നൽകിയതോടെയാണ് കരാർ രൂപീകരിക്കുന്നതിൽ വീണ്ടും പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഇറാനുമായി അധികം വൈകാതെ മികച്ച കരാർ ഉണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അതേസമയം, പശ്ചിമേഷ്യൻ സമാധാന ചർച്ചകൾക്കിടെ ഹോർമുസ് കടലിടുക്ക് തുറന്നേക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.
ഇറാനുമായുള്ള കരാർ ധൃതിപിടിച്ച് പൂർത്തിയാക്കരുതെന്ന് ട്രംപ് പ്രതിനിധിസംഘത്തിന് നിർദേശം നൽകിയതായാണ് വിവരം. നിലവിലെ ചർച്ചകളിൽ ഇറാന് കൂടുതൽ മുൻതൂക്കം ലഭിക്കുന്നുണ്ടെന്ന ഡെമോക്രാറ്റിക് വിഭാഗത്തിന്റെ വിമർശനത്തെ തുടർന്നാണ് ട്രംപിന്റെ ഈ നിലപാട് മാറ്റം. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും കരാർ ഒപ്പുവെക്കുന്നതുവരെ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
നേരത്തെ, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ സന്ദർശനത്തിനിടെ ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ഒരു സമാധാന കരാറിലേക്കുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് റൂബിയോ സൂചിപ്പിച്ചു. 'അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന് ചില നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു,' അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ കരാർ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൂബിയോ ഇന്നലെ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ കരാറിലെ ചില വ്യവസ്ഥകളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. കരാറിലെ രണ്ട് പ്രധാന വ്യവസ്ഥകളിലാണ് ഇസ്രായേലിന് വിയോജിപ്പുള്ളത്. ലെബനനിലെ താല്ക്കാലിക വെടിനിർത്തലുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തെ വ്യവസ്ഥ. ഇറാനിൻ്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ നീട്ടിവെക്കുന്നതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ വ്യവസ്ഥ. ഈ രണ്ട് കാര്യങ്ങളും തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നെതന്യാഹു അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായി ഇസ്രായേലി പൊതു പ്രക്ഷേപകരായ 'കാൻ' ആണ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇറാൻ സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. ഇതേത്തുടർന്ന് അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനവില വർധനവും ഉണ്ടായിരുന്നു. പുതിയ കരാർ എത്രയും വേഗം പ്രാബല്യത്തിലെത്തുന്നതിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ലോകം.