ഉസ്മാൻ ഹാദിക്ക് ജനലക്ഷങ്ങളുടെ വിട; ബംഗ്ലാദേശിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത മയ്യിത്ത് നിസ്‌കാരം

ശൈഖ് ഹസീനക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ മുഖമായിരുന്ന ഉസ്മാൻ ഹാദിക്ക് ഡിസംബർ 12നാണ് വെടിയേറ്റത്. സിം​ഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് ഹാദി മരിച്ചത്

Update: 2025-12-20 16:41 GMT

ധാക്ക: വെടിയേറ്റു മരിച്ച ബംഗ്ലാദേശിലെ വിദ്യാർഥി നേതാവ് ശരീഫ് ഉസ്മാൻ ഹാദിക്ക് വിട നൽകാൻ എത്തിയത് ലക്ഷക്കണക്കിനാളുകൾ. രാവിലെ തന്നെ ജനങ്ങൾ കൂട്ടംകൂട്ടമായി മാണിക് മിയ അവന്യൂവിലേക്ക് എത്തി. പാർലമെന്റ് കോംപ്ലക്‌സിന് പുറത്തുള്ള സ്ഥലം അതിവേഗത്തിലാണ് നിറഞ്ഞത്. ദേശീയ പതാക പുതച്ചാണ് പലരും എത്തിയത്.

ധാക്ക യുണിവേഴ്‌സിറ്റി പള്ളിക്ക് സമീപം ബംഗ്ലാ കവി കാസി നസ്‌റുൽ ഇസ്‌ലാമിന്റെ ഖബറിന് അരികിലാണ് ഉസ്മാൻ ഹാദിയെയും ഖബറടക്കിയത്. അയൽനഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ആളുകൾ ചടങ്ങിനെത്തി. ബംഗ്ലാദേശ് ചരിത്രത്തിലെ വിപ്ലവകാരിയായ കവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നസ്‌റുൽ ഇസ്‌ലാമിന്റെ ഖബറിന്റെ അടുത്ത് തന്നെ ഹാദിയെയും ഖബറടക്കിയത് ഇരുവരുടെയും പോരാട്ടത്തിന്റെ സമാനതയായാണ് കാണിക്കുന്നതെന്നാണ് ആളുകൾ പറയുന്നത്.

Advertising
Advertising

ഹാദിയുടെ ഖബറടക്ക ചടങ്ങിനായി അധികൃതർ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ബോഡി കാമറകളുമായി പൊലീസ് ഉദ്യോഗസ്ഥരെ ധാക്കയിലുടനീളം വിന്യസിച്ചിരുന്നു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു- സ്വകാര്യ സ്ഥാപനങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.

കഴിഞ്ഞ വർഷം ശൈഖ് ഹസീനക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ മുഖമായിരുന്ന വ്യക്തിയാണ് ഉസ്മാൻ ഹാദി. ഈ പ്രക്ഷോഭമാണ് ഹസീനയുടെ 15 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചത്. ഡിസംബർ 12ന് വെടിയേറ്റ ഹാദിയെ വിദഗ്ധ ചികിത്സക്കായി പിന്നീട് സിംഗപ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ ചികിത്സയിലിരിക്കുമ്പോഴാണ് ഹാദി മരിച്ചത്. അടുത്ത വർഷം ഫെബ്രുവരിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് ഹാദി കൊല്ലപ്പെട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News