ഗസ്സയെ പിടിച്ചെടുക്കുമെന്ന പരാമർശം; ട്രംപിനെതിരെ വിമർശനവുമായി ലോകരാജ്യങ്ങൾ

ഫലസ്തീനികൾ തങ്ങളുടെ ഭൂമിയും അവകാശങ്ങളും പുണ്യസ്ഥലങ്ങളും ഉപേക്ഷിക്കില്ലെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്

Update: 2025-02-05 12:42 GMT
Editor : സനു ഹദീബ | By : Web Desk

വാഷിംഗ്‌ടൺ: ട്രംപിന്റെ ഫലസ്തീൻ പരാമർശത്തിൽ വിമർശനവുമായി ലോകരാജ്യങ്ങൾ. റഷ്യ, ചൈന, തുർക്കി, ഫ്രാൻസ്, യുകെ, ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വിവിധ സംഘടനകളും വിമർശനവുമായി രംഗത്തെത്തി. ഗസ്സയെ പിടിച്ചടക്കാനും ഫലസ്തീനികളെ അയൽരാജ്യങ്ങളിലേക്ക് മാറ്റിപാർപ്പിക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയെ ഫലസ്തീനിലെയും റഷ്യയിലെയും യുഎൻ അംബാസഡർമാർ തള്ളി.

ഫലസ്തീനികൾ തങ്ങളുടെ ഭൂമിയും അവകാശങ്ങളും പുണ്യസ്ഥലങ്ങളും ഉപേക്ഷിക്കില്ലെന്നും, വെസ്റ്റ് ബാങ്കിനും, കിഴക്കൻ ജറുസലേമിനുമൊപ്പം ഗസ്സ മുനമ്പ്, ഫലസ്തീൻ ഭൂമിയുടെ അവിഭാജ്യ ഘടകമാണെന്നും ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വ്യക്തമാക്കി.

Advertising
Advertising

അധിനിവേശ വെസ്റ്റ് ബാങ്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനും, ഗസ്സ മുനമ്പിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കാനും ഉള്ള ഇസ്രായേലി പദ്ധതിക്ക് തങ്ങൾ എതിരാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ മധ്യപൂർവദേശത്ത് ഒരു ഒത്തുതീർപ്പ് സാധ്യമാകൂ എന്ന് റഷ്യ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീനികൾക്ക് അവരുടെ മാതൃരാജ്യത്ത് ഒരു ഭാവിയുണ്ടെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരം തന്നെയാണ് തങ്ങൾ തേടുന്നതെന്നും, ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾ ജീവിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നത് കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ്സയെ സംബന്ധിച്ചുള്ള ട്രംപിന്റെ പദ്ധതികൾ അർത്ഥശൂന്യമാണെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു. ഗസ്സയെ പരിപാലിക്കേണ്ടത് ഫലസ്തീനികൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാൻ കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ സർക്കാർ പിന്തുണക്കുന്നുവെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു. എന്നാൽ ട്രംപിന്റെ പരാമർശത്തെക്കുറിച്ച് നേരിട്ട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ഗസ്സയിലെ ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നതിനോടുള്ള എതിർപ്പ് ആവർത്തിക്കുന്നുവെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രാലയ വക്താവ് ക്രിസ്റ്റോഫ് ലെമോയിൻ വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും, ദ്വിരാഷ്ട്ര പരിഹാരം തടസപ്പെടുത്താനുള്ള നീക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗസ്സ ഫലസ്തീനികളുടെ നാടാണ്. അവർ ഗസ്സയിൽ തന്നെ തുടരണമെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബാരെസ് പറഞ്ഞു. ഗസ്സയിലെ ജനങ്ങളെ മറ്റെവിടെയെങ്കിലും മാറ്റിപ്പാർപ്പിക്കുക എന്ന ഏതൊരു ആശയവും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്ക് വിരുദ്ധമായിരിക്കുമെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസ് ചൂണ്ടിക്കാട്ടി. ദ്വിരാഷ്ട്ര പരിഹാരം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികളുടെ ഒരു തരത്തിലുള്ള കുടിയിറക്കലിനോടും ഇറാൻ യോജിക്കുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കി.

ഗാസയിലെ ഫലസ്തീനികളെ അവരുടെ വീടുകൾ തിരിച്ചുപിടിക്കാൻ അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലേക്കുള്ള ഫലസ്തീൻ പ്രതിനിധി സംഘത്തിന്റെ നേതാവ് റിയാദ് മൻസൂർ പറഞ്ഞു. വിവിധ യുഎസ് സെനറ്റർമാരും വിഷയത്തിൽ ട്രംപിനെ വിമർശിച്ചിട്ടുണ്ട്.

ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും മറ്റ് ഫലസ്തീൻ അനുകൂല സംഘടനകളും ട്രംപിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഫലസ്തീൻ വിഷയത്തിൽ തീരുമാനമാകാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്ന് സൗദി നേരത്തെ പ്രതികരിച്ചിരുന്നു. ഗസ്സ പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശം പരിഹാസ്യവും അസംബന്ധവുമാണെനന്നായിരുന്നു ഹമാസിന്റെ പ്രതികരണം. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News