ആഡംബരത്തിന്‍റെ അവസാന വാക്കോ? ഒരു സേഫ്റ്റി പിന്നിന്‍റെ വില 69000 രൂപ
ഗോൾഡൻ കളർ ത്രെഡിൽ മനോഹരമായി നെയ്ത് രൂപകൽപ്പന ചെയ്തതാണ് ഈ പിന്ന്
Photo| Google
ലണ്ടൻ: ഒരു സേഫ്റ്റി പിൻ എങ്കിലും ഉണ്ടാകാത്ത വീടുണ്ടാകില്ല. സേഫ്റ്റി പിൻ ഉപയോഗിക്കാത്തവരും ചുരുക്കമായിരിക്കും. ഒരു പായ്ക്കറ്റിന് കൂടി വന്നാൽ പത്തോ ഇരുപതോ ആയിരിക്കും വില. എന്നാൽ ഒരു സേഫ്റ്റി പിന്നിന് അരലക്ഷത്തിലധികം വിലയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
ഇറ്റലിയിലെ ലക്ഷ്വറി ബ്രാൻഡായ പ്രാഡ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ‘ക്രോച്ചെ സേഫ്റ്റി പിൻ ബ്രൂച്ച്’ എന്ന സേഫ്റ്റി പിന്നിന്‍റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. 775 യുഎസ് ഡോളറാണ് (ഏകദേശം 68,758 രൂപ) പിന്നിന്‍റെ വില.
ഗോൾഡൻ കളർ ത്രെഡിൽ മനോഹരമായി നെയ്ത് രൂപകൽപ്പന ചെയ്തതാണ് ഈ പിന്ന്. ഇളം നീല, പിങ്ക്, ഓറഞ്ച് നിറങ്ങളിൽ ലഭ്യമാണ്. ഒരു വശത്ത് പ്രാഡ എന്നെഴുതിയ ചെറിയ ടാഗുമുണ്ട്. നിരവധി പേരാണ് പിന്നിന്‍റെ പൊള്ളുന്ന വിലയിൽ അഭിപ്രായം പങ്കുവച്ചത് . ഫാഷൻപ്രേമികൾ ഇതിനെ 'പീക്ക് ക്യാപിറ്റലിസം'എന്നാണ് വിശേഷിപ്പിച്ചത്. ചിലര്‍ ബ്രാൻഡിങ്ങിലെ മാസ്റ്റര്‍ ക്ലാസ് എന്നും വിളിച്ചു. എന്‍റെ മുത്തശ്ശിക്ക് ഇതിലും നന്നായി സേഫ്റ്റി പിന്നിൽ നൂലുകൾ നെയ്യാൻ കഴിയുമെന്നാണ് ഒരാൾ തമാശയായി കുറിച്ചത്.
പണക്കാര്‍ക്ക് മാത്രം വാങ്ങാൻ കഴിയുന്ന ഒന്നാണെന്നായിരുന്നു ഒരുകൂട്ടരുടെ പ്രതികരണം. ആഡംബര ബ്രാൻഡുകൾ നമ്മളെ ട്രോളുകയാണോ എന്നായിരുന്നു ഒരാളുടെ സംശയം.
അതേസമയം ട്രന്‍ഡിനൊപ്പം നീങ്ങുന്ന നമ്മുടെ മിൽമയും ഇതേറ്റു പിടിച്ചു. അയയിൽ ഇട്ടിരിക്കുന്ന മിൽമ കവറിൽ ആഡംബര സേഫ്റ്റി പിൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. 'ലക്ഷ്വറി ലൈഫെന്നെക്കെ പറഞ്ഞാൽ ഇതാണ് !' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്.