പുകവലി നിർത്താൻ തല കൂട്ടിലടച്ച് യുവാവ്; താക്കോൽ ഭാര്യയുടെ കൈയിൽ
26 വർഷമായുള്ള തന്റെ പുകവലി ശീലം നിർത്താനാണ് തുർക്കിക്കാരനായ ഇബ്രാഹിം യുസെൽ തല കൂട്ടിലടച്ച് പൂട്ടിയത്
തുർക്കി : പുകവലിശീലം മാറ്റാൻ പലതരം പരിഹാരങ്ങൾ ആളുകൾ സ്വീകരിക്കാറുണ്ട്. എന്നാൽ, വളരെ വ്യത്യസ്‌തമായ ആരും പരീക്ഷിക്കാത്ത ഒരു മാർഗമാണ് തുർക്കി സ്വദേശി ചെയ്തത്. പുകവലി നിർത്താൻ സ്വന്തം തല കമ്പി കൂട്ടിലിട്ടടച്ചിരിക്കുകയാണ് യുവാവ്. കൂടിന്റെ താക്കോൽ ഭാര്യയെ എൽപ്പിക്കുകയും ചെയ്തു.
26 വർഷമായുള്ള തന്റെ പുകവലി ശീലം നിർത്താനാണ് തുർക്കിക്കാരനായ ഇബ്രാഹിം യുസെൽ തല കൂട്ടിലടച്ച് പൂട്ടിയത്. ഒരു ഹെൽമെറ്റ് ആകൃതിയിൽ മെറ്റൽ ബോളിൽ സ്വന്തം അടച്ചുപൂട്ടുകയായിരുന്നു. ഭക്ഷണം കഴിക്കാനും മറ്റും ഭാര്യ പൂട്ട് തുറന്നുകൊടുക്കും, ശേഷം പഴയപടി പൂട്ടിയിടുകയും ചെയ്യും.
രണ്ട് പതിറ്റാണ്ടിലേറെയായി യൂസെൽ പ്രതിദിനം രണ്ട് പാക്കറ്റ് സിഗരറ്റ് വലിക്കുമായിരുന്നു. മക്കളുടെ ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ അവസരങ്ങളിൽ പലതവണ പുകവലി ഉപേക്ഷിക്കാൻ യുസെൽ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഹെൽമെറ്റ് കൂട് എന്ന ആശയത്തിലേക്ക് എത്തിയത്. യുസെലിന്റെ വിഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്