'നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകിട്ടണോ, ടിവികെയുമായി സഖ്യമുണ്ടാക്കൂ'; കോൺഗ്രസിനോട് വിജയ്‌യുടെ പിതാവ്; മറുപടിയിങ്ങനെ...
വിജയ്ക്ക് മികച്ച സാധ്യതകളുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചാൽ വിജയം ഉറപ്പാണെന്നും പിതാവ്

- Published:
30 Jan 2026 12:57 PM IST

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്നാട്ടിൽ പുതിയ സഖ്യസാധ്യത മുന്നോട്ടുവച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ പിതാവ്. കോൺഗ്രസിന് അവരുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകിട്ടണമെങ്കിൽ ടിവികെയുമായി സഖ്യമുണ്ടാക്കൂ എന്നാണ് നടന്റെ പിതാവ് എസ്.എ ചന്ദ്രശേഖറിന്റെ അഭിപ്രായം. വരാനിക്കുന്ന തെരഞ്ഞെടുപ്പിൽ ടിവികെ കോൺഗ്രസിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും തിരുവാരൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
'കോൺഗ്രസിന് ശക്തമായൊരു ചരിത്രവും പാരമ്പര്യവുമുണ്ട്. സ്വാതന്ത്ര്യത്തിനായി പോരാടിയ അവർ ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു പാർട്ടിയാണ്. അവർ മറ്റ് പാർട്ടികൾക്ക് പിന്തുണ നൽകുകയും എന്നാൽ അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുകയുമാണ്. വിജയ് അവർക്ക് പിന്തുണ നൽകാനും അവരെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനും തയ്യാറാണ്. ഈ അവസരം ഉപയോഗപ്പെടുത്തേണ്ടത് കോൺഗ്രസാണ്'- അദ്ദേഹം പറഞ്ഞു.
വിജയ്ക്ക് മികച്ച സാധ്യതകളുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചാൽ വിജയം ഉറപ്പാണെന്നും ഒറ്റയ്ക്ക് മത്സരിക്കാൻ ആളുകൾ തന്റെ മകനോട് ആവശ്യപ്പെടുന്നുണ്ടെന്നും ചലച്ചിത്ര നിർമാതാവ് കൂടിയായ ചന്ദ്രശേഖർ അവകാശപ്പെട്ടു.
അതേസമയം, ചന്ദ്രശേഖറിന്റെ ആവശ്യം തമിഴ്നാട് കോൺഗ്രസ് മേധാവി കെ. സെൽവപെരുന്തഗൈ തള്ളി. കോൺഗ്രസിന് ടിവികെ പിന്തുണ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും രാഹുൽ ഗാന്ധി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങളുടെ കേഡർമാരെ നോക്കൂ, അവർക്ക് ഇതിനകം തന്നെ ഉത്തേജനം ലഭിച്ചിട്ടുണ്ടെന്ന് മനസിലാവും. രാഹുൽ ഗാന്ധി ഞങ്ങൾക്ക് ആവശ്യമായ ബൂസ്റ്റും ഹോർലിക്സും ബോൺവിറ്റയും നൽകുന്നു. എന്തായാലും, ഈ ഓഫറിന് ഞാൻ ചന്ദ്രശേഖറിനോട് നന്ദി പറയുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ കൂടെ ആരുമില്ലെങ്കിലും ഒറ്റയ്ക്കു മത്സരിച്ചു ജയിക്കാനുള്ള ശക്തി ടിവികെയ്ക്കുണ്ടെന്ന് കഴിഞ്ഞദിവസം വിജയ് പറഞ്ഞിരുന്നു. എല്ലാവരും ഒരു മനസോടെ ഒന്നിച്ചുനിൽക്കണമെന്നും വിജയ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ യുദ്ധമാണെന്നും പ്രവർത്തകർ ആ യുദ്ധത്തിൽ പോരാടാനുള്ള തന്റെ കമാൻഡോകളാണെന്നും മഹാബലിപുരത്ത് നടന്ന ടിവികെ ഭാരവാഹികളുടെ യോഗത്തിൽ വിജയ് പറഞ്ഞിരുന്നു.
അഴിമതിക്ക് തരിമ്പും ഇടമില്ലാത്ത ഒരു ഭരണസംവിധാനമാണ് തന്റെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. പാർട്ടി ചിഹ്നമായ വിസിൽ അവതരിപ്പിച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം. നിലവിൽ സംസ്ഥാനത്ത് ഭരണകക്ഷിയായ ഡിഎംകെയുടെ കൂടെയാണ് കോൺഗ്രസുള്ളത്. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾക്കായി കോൺഗ്രസ് കഴിഞ്ഞ വർഷം തന്നെ അഞ്ചംഗ സമിതിയെ നിയമിച്ചിരുന്നു.
Adjust Story Font
16
