വായിൽ കല്ല് നിറച്ച്, ചുണ്ടിൽ പശ തേച്ച നിലയിൽ നവജാത ശിശുവിനെ കാട്ടിലുപേക്ഷിച്ചു; യുവതിയും പിതാവും അറസ്റ്റിൽ
അവിവാഹിതയായ യുവതിക്ക് കുട്ടി ജനിച്ചതിനെ അപമാനം ഭയന്നായിരുന്നു ജനിച്ച് 20 ദിവസം മാത്രമായ കുട്ടിയെ യുവതിയും പിതാവും ചേർന്ന് ഉപേക്ഷിച്ചത്

ഭിൽവാര: വായിൽ കല്ലുനിറച്ച് ചുണ്ടിൽ പശ തേച്ച നിലയിൽ നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച യുവതിയേയും യുവതിയുടെ പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതയായ യുവതിക്ക് കുട്ടി ജനിച്ചതിനെ അപമാനം ഭയന്നായിരുന്നു ജനിച്ച് 20 ദിവസം മാത്രമായ കുട്ടിയെ അമ്മയും മുത്തച്ഛനും ചേർന്ന് ഉപേക്ഷിച്ചത്. ചൊവ്വാഴ്ചയാണ് വനമേഖലയിൽ ആടുമേക്കാനെത്തിയ യുവാവ് നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് യുവാവ് അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
ചുണ്ടുകളും തുടയും പശ തേച്ച് ഒട്ടിച്ച നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് 22കാരിയായ യുവതിയേയും അച്ഛനേയും പിടികൂടുന്നത്. ചിറ്റോർഗഡ് ജില്ലയിലെ മണ്ഡൽഗാവ് എന്ന സ്ഥലത്ത് നിന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഭിൽവാര ജില്ലയിലെ ബിജോലിയയിലെ കാട്ടിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഭിൽവാരയിലെ മഹാത്മാ ഗാന്ധി ആശുപത്രിയിലെ എൻഐസിയുവിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരമാണ് ആടുകളെ മേയ്ക്കാൻ പോയ യുവാവ് കുഞ്ഞിനെ കണ്ടെത്തിയത്. സമീപ മേഖലയിലെ സിസിടിവി കേന്ദ്രീകരിച്ചും പരിസരങ്ങളിൽ അടുത്ത കാലത്ത് നടന്ന പ്രസവങ്ങളെക്കുറിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കെത്തുന്നത്. സീതാ കുണ്ഡ് ക്ഷേത്രത്തിലേക്ക് പോവുന്ന റോഡിന് സമീപത്തെ കാട്ടിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹേതര ബന്ധത്തിൽ ജനിച്ച കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് ഉപേക്ഷിച്ചതെന്നാണ് യുവതിയും പിതാവും മൊഴി നൽകിയത്. വായിൽ കല്ലുകൾ നിറച്ച ശേഷമാണ് ഫെവിക്വിക്ക് ഉപയോഗിച്ച് ഇരു ചുണ്ടുകളും ചേർത്ത് ഒട്ടിച്ചത്. കുഞ്ഞ് കരയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.
Adjust Story Font
16

