മാസപ്പടി കേസ്; ഇഡി വീണ്ടും പിണറായിൽ, വില്ലേജ് ഓഫീസിൽ എത്തി രേഖകൾ പരിശോധിച്ചു
ചൊവ്വാഴ്ചയാണ് രണ്ട് ഇഡി ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസിലെത്തി ടി.വീണ വാങ്ങിയ ഭൂമിയുടെ രേഖകൾ പരിശോധിച്ചത്

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ പ്രതിയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി വീണ്ടും പിണറായിയിൽ. ഇന്നലെ എത്തിയ സംഘം വില്ലേജ് ഓഫിസിലെത്തി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. വില്ലേജ് ഓഫീസർക്കൊപ്പമെത്തി ഭൂമി കാണുകയും ചെയ്തു.
മാസപ്പടി കേസിൽ വീണയുടെ കൈയ്യിലുള്ള രേഖകൾ പരിശോധിക്കുകയും കൊണ്ടുപോവുകയും ചെയ്തിരുന്നു. അതിൽ തുടരന്വേഷണങ്ങൾക്കായാണ് ഇഡി സംഘം ചൊവ്വാഴ്ച പിണറായിയിൽ എത്തിയത്. രണ്ട് ഇഡി ഉദ്യോഗസ്ഥരാണ് പരിശോധനകൾക്കായി എത്തിയത്. ഏത് വർഷമാണ് ഭൂമി വാങ്ങിയത്, എത്ര രൂപക്കാണ് ഭൂമി വാങ്ങിയത് എന്നീ കാര്യങ്ങളാണ് അന്വേഷിച്ചത്. ഭൂമിയുടെ നികുതി അടച്ചതിന്റെ രേഖകളും ഇഡി സംഘം കൊണ്ടു പോയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് സമീപത്തുള്ള 80 സെന്റ് ഭൂമിയാണ് ടി. വീണ വാങ്ങിയിരുന്നത്. വില്ലേജ് ഓഫീസർമാരുമായി എത്തി ഭൂമിയിലും ഇഡി സംഘം പരിശോധന നടത്തിയിട്ടുണ്ട്. സ്ഥലത്തിന്റെ രേഖകൾ പരിശോധിച്ചതിന് ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. മാസപ്പടി കേസിൽ മുമ്പ് രണ്ട് തവണ വീണയെ ഇഡി സംഘം ചോദ്യം ചെയ്തിരുന്നു.
Adjust Story Font
16

