പ്രകാശ് രാജിന്റെ ആര്‍ജ്ജവമൊന്നും കാണിക്കണ്ട, പക്ഷേ സത്യം പുറത്തുവരാന്‍ അവള്‍ക്കൊപ്പം നിന്നേ പറ്റൂ

Update: 2018-06-05 03:35 GMT
Editor : Jaisy
പ്രകാശ് രാജിന്റെ ആര്‍ജ്ജവമൊന്നും കാണിക്കണ്ട, പക്ഷേ സത്യം പുറത്തുവരാന്‍ അവള്‍ക്കൊപ്പം നിന്നേ പറ്റൂ

കണ്‍മുന്നിലുള്ള സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ആൺ സിനിമാ ലോകം ചെയ്യുന്നത്

കണ്‍മുന്നിലുള്ള സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ഈ ആൺ സിനിമാ ലോകം ചെയ്യുന്നതെന്ന് നടി സജിതാ മഠത്തില്‍. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആർജ്ജവമൊന്നും ഞാൻ നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷെ കേസ് തെളിയിക്കാനും സത്യം പുറത്തു കൊണ്ടുവരാനും നിങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അവൾക്കൊപ്പം നിന്നേ പറ്റൂ എന്നും സജിത ഫേസ്ബുക്കില്‍ കുറിച്ചു.

സജിതയുടെ ഫേസ്ബുക്ക് പോസ്റ്റ്

Advertising
Advertising

ചിലത് പറയാതിരിക്കാനാവില്ല.

ഞാൻ അവൾക്ക് ഒപ്പമാണ് എന്നതിന്റെ അർത്ഥം ഞാൻ ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നതല്ല. അത് പോലീസും കോടതിയുമാണ് തീരുമാനിക്കേണ്ടത്. ചിലർ കുറ്റ ആരോപിതരായി നമ്മുടെ മുമ്പിലുണ്ട്. കോടതിയും, പോലീസും, പണത്തിന്റയും പ്രശസ്തിയുടെയും സ്വാധീനത്തിൽ പെടാതെ കാക്കാൻ നമുക്ക് ഒരു ഗവൺമെന്റും അവൾക്ക് ഒപ്പം നിൽക്കുന്നവരും ജാഗ്രത പുലർത്തുന്നുമുണ്ട്.
സിനിമയുടെ ഭൂരിപക്ഷ ആൺലോകം കരുതുന്നതു പോലെ കുറ്റ ആരോപിതർ നിഷ്കളങ്കരായിരിക്കാം, അല്ലെങ്കിൽ ഔദാര്യം പറ്റിയതു കൊണ്ടും ബിസിനസ്സ് ബന്ധങ്ങൾ ഉള്ളതുകൊണ്ടും സൗഹൃദം ഉള്ളതുകൊണ്ടും അങ്ങിനെയാവണമെ എന്നു നിങ്ങൾക്ക് പ്രാർത്ഥിക്കാം.അതാണു സത്യമെന്ന് വിശ്വസിക്കാം.

എനിക്ക് കൺമുമ്പിൽ സത്യമായി ഉള്ളത് ഒന്നു മാത്രം, അത് അവൾ പീഡിപ്പിക്കപ്പെട്ടു എന്നതു മാത്രമാണ്. ആ സത്യത്തെ കാണാതെ മറ്റൊന്നിനു പുറകെയും പോകാൻ ആവില്ല. അസുഖകരമായ ഓർമ്മകളെ നെഞ്ചിൽ നിന്നു തള്ളിമാറ്റി പതുക്കെ മുന്നോട്ടു നീങ്ങാൻ അവൾ നടത്തുന്ന കൈകാലിട്ടടിക്കൽ കാണാൻ നിങ്ങൾക്ക് ഒരു നന്മയുള്ള ഹൃദയമുണ്ടായാൽ മാത്രം മതി. എളുപ്പമല്ല ഒരു സ്ത്രീക്ക് ഈ ധൈര്യം കാണിക്കാൻ എന്നു മനസ്സിലാക്കാൻ തങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളോട് ചോദിച്ചാൽ മാത്രം മതി.

അവളാണ് നമ്മുടെ മുമ്പിലുള്ള സത്യം, ആ സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ഈ ആൺ സിനിമാ ലോകം ചെയ്യുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആർജ്ജവമൊന്നും ഞാൻ നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷെ കേസ് തെളിയിക്കാനും സത്യം പുറത്തു കൊണ്ടുവരാനും നിങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അവൾക്കൊപ്പം നിന്നേ പറ്റൂ. കാരണം പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു സത്യമാണ് എന്നതുകൊണ്ട് ! ഒരു പെണ്ണിനും താങ്ങാനാത്ത സത്യം.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News