കോവിഡ് പോസിറ്റീവ് റിസള്‍ട്ട് ഉയര്‍ത്തിക്കാട്ടി കറങ്ങി നടന്ന യുവാക്കളെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു
പോസിറ്റീവ് റിസൾട്ട് ഉയർത്തിക്കാണിക്കുന്ന ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അബൂദബി പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിനെ തുടർന്നാണ് അറസ്റ്റ്
കോവിഡ് പോസിറ്റീവായിട്ടും റിസൾട്ടുമായി കറങ്ങിനടന്ന യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പോസിറ്റീവ് റിസൾട്ട് ഉയർത്തിക്കാണിക്കുന്ന ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അബൂദബി പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിനെ തുടർന്നാണ് അറസ്റ്റ്.
മറ്റുള്ളവരുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുക, കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളതെന്ന് അബൂദബി പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചു. സാമൂഹിക മാധ്യമത്തിലൂടെ പങ്കിട്ട വീഡിയോ ക്ലിപ്പിൽ പ്രതികളിലൊരാൾ മൊബൈൽ ഫോണിൽ ലഭിച്ച കോവിഡ് പോസിറ്റീവ് ടെസ്റ്റ് റിസൽട്ട് ഉയർത്തിക്കാണിക്കുന്നുണ്ട്.
തുടർന്ന് പൊതുസ്ഥലത്ത് അലഞ്ഞുതിരിയുന്നതിന്‍റെ വീഡിയോ രണ്ടാം പ്രതി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു. വീഡിയോ ക്ലിപ്പ് നിരീക്ഷിച്ച ഉദ്യോഗസ്ഥർ പ്രതികളെ തിരിച്ചറിയുകയും വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയതു.
കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നവർ ക്വാറന്‍റൈ നടപടികൾ കർശനമായി പാലിക്കണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. നിയമലംഘകർക്ക് തടവും 10,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും. മനുഷ്യരുടെ ജീവൻ, ആരോഗ്യം എന്നിവ അപകടത്തിലാക്കുന്ന കാര്യങ്ങൾ മനപൂർവ്വം ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.