പ്രവർത്തകരുടെ രാജി ഭീഷണി; ഇടുക്കിയിലെ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയില്‍

ഇവർ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നാൽ ജില്ലയിൽ യു.ഡി.എഫിന് അത് തിരിച്ചടിയാകും

Update: 2021-03-13 01:46 GMT

ഒരു വിഭാഗം പ്രവർത്തകർ രാജി ഭീഷണി മുഴക്കിയതോടെ ഇടുക്കിയിലെ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇവർ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നാൽ ജില്ലയിൽ യു.ഡി.എഫിന് അത് തിരിച്ചടിയാകും. മുൻ ഡി.സി.സി പ്രസിഡന്‍റ് റോയ് കെ.പൗലോസിന് സീറ്റ് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം.

കോൺഗ്രസ് കോട്ടയായ ഇടുക്കിയിൽ പതിനഞ്ചു വർഷമായി കോൺഗ്രസിന് എം.എൽ.എ ഇല്ലാത്തതിന് പിന്നിലെ പ്രധാന കാരണം ഉൾപാർട്ടി പ്രശ്നങ്ങളും ഗ്രൂപ്പ് തർക്കങ്ങളുമാണ്. ഇത്തവണയും അതിന് മാറ്റം സംഭവിച്ചിട്ടില്ല. മുൻ ഡി.സി.സി പ്രസിഡന്‍റ് റോയ് കെ. പൗലോസിന് സീറ്റ് നൽകിയില്ലെങ്കിൽ അഞ്ചു മണ്ഡലങ്ങളിലും യു.ഡി.എഫ് തിരിച്ചടി നേരിടുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത്. പരസ്യ പ്രതികരണങ്ങൾ ഗൗരവമായി കാണുന്നുവെന്നും പാർട്ടിയുടെ മേൽഘടകം വിഷയത്തിൽ ഇടപെടുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

നാല്‍പതോളം മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാർ , അഞ്ചു ബ്ലോക്ക് പ്രസിഡന്‍റുമാര്‍ ഡി.സി.സി ,കെ.എസ്‌.യു അംഗങ്ങൾ എന്നിവരും രാജി സന്നദ്ധ അറിയിച്ചിട്ടുണ്ട് . മൂവാറ്റുപുഴയിലേക്കും പീരുമേടിലുമാണ് റോയ് കെ.പൗലോസിന്‍റെ പേര് പരിഗണിച്ചിരുന്നത് . ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാന നേതൃത്വം ഉടൻ ഒരു പരിഹാര ഫോർമുല നിർദ്ദേശിക്കുമെന്നാണ് ഇരു വിഭാഗവും പ്രതീക്ഷിക്കുന്നത്.

Tags:    

Similar News