ഗൾഫ് പുനരൈക്യം; ഇറാൻ വിരുദ്ധനീക്കത്തിന് ശക്തി ലഭിക്കുമെന്ന പ്രതീക്ഷയിൽ അമേരിക്ക

പ്രസിഡന്‍റ് പദം ഒഴിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഡോണൾഡ് ട്രംപിന്‍റെ രാഷ്ട്രീയ വിജയം കൂടിയായി ജി.സി.സി ഐക്യതീരുമാനം മാറുകയാണ്.

Update: 2021-01-06 01:40 GMT

ഗൾഫ് പുനരൈക്യം ഉറപ്പായതോടെ പശ്ചിമേഷ്യയിൽ ഇറാൻ വിരുദ്ധനീക്കത്തിന് കൂടുതൽ ശക്തി ലഭിക്കുമെന്ന പ്രതീക്ഷയിൽ അമേരിക്ക. പ്രസിഡന്‍റ് പദം ഒഴിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഡോണൾഡ് ട്രംപിന്‍റെ രാഷ്ട്രീയ വിജയം കൂടിയായി ജി.സി.സി ഐക്യതീരുമാനം മാറുകയാണ്.

പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളാണ് ഗൾഫ് രാജ്യങ്ങൾ. അതുകൊണ്ടുതന്നെ ഖത്തറും ചതുർ രാജ്യങ്ങളും തമ്മിൽ രൂപപ്പെട്ട ഭിന്നത യു.എസ് നേതൃത്വത്തിന്‍റെ കൂടി തലവേദനയായിരുന്നു. അൽ ഉല ഉച്ചകോടിയിൽ ഐക്യദാർഢ്യ ഉടമ്പടിയിൽ നേതാക്കൾ ഒപ്പുവെക്കുന്ന വേളയിൽ ട്രംപിന്‍റെ മുഖ്യ ഉപദേശകൻ ജറദ് കുഷ്നറുടെ സജീവ സാന്നിധ്യം ഉണ്ടായതും യാദൃച്ഛികമല്ല. മേഖലയിൽ യു.എസിന്‍റെ ഏറ്റവും വലിയ സൈനിക താവളം സ്ഥിതി ചെയ്യുന്നത് ഖത്തറിൽ. അമേരിക്കയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനം ബഹ്റൈനും.

Advertising
Advertising

അകൽച്ചയുടെ വർഷങ്ങളിൽ ഇറാനും തുർക്കിയും ഖത്തറുമായി കൂടുതൽ അടുത്തതും യു.എസിന് ക്ഷീണമായി. ഇസ്രായേലുമായി നയതന്ത്ര ബന്ധം രൂപപ്പെടുത്താൻ രണ്ട് ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചത് ട്രംപിന്‍റെ കൂടി നേട്ടമാണ്. വിഘടിത ഗൾഫിൽ സമവായം കൊണ്ടുവരാനുള്ള നീക്കം ഒടുവിൽ വിജയിച്ചതോടെ ഇറാൻ ഉയർത്തുന്ന ഭീഷണി ചെറുക്കാൻ എളുപ്പമാകുമെന്നാണ് യു.എസ് കണക്കുകൂട്ടൽ. ഇറാന്‍റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കെതിരെ ശക്തമായ എതിർപ്പാണ് ഗൾഫ് രാജ്യങ്ങൾക്കും. ജി.സി.സി ഉച്ചകോടിയിൽ സൗദി കിരീടാവകാശി അക്കാര്യം വ്യക്തമാക്കാനും മറന്നില്ല.

യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനമായി ഇറാൻ ഉയർത്തിയതും ഗൾഫ് സംഘർഷത്തിന് ആക്കം കൂട്ടിയിരിക്കെ, ജി.സി.സിയുമായി ചേർന്നാകും പുതിയ തന്ത്രങ്ങൾക്ക് അമേരിക്ക രൂപം നൽകുക. യെമൻ, സിറിയ, ഇറാഖ്, ലബനാൻ വീഷയങ്ങളിലും യു.എസ്, ജി.സി.സി തലത്തിൽ സംയുക്ത തന്ത്രങ്ങളാകും ആവിഷ്കരിക്കുക.

Full View
Tags:    

Similar News