മലപ്പുറം ഉപതെരഞ്ഞെടുപ്പ്; എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥി

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എ.പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥിയാകും

Update: 2021-03-08 10:53 GMT

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എ.പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥിയാകും. നിയമസഭയിലേക്ക് മത്സരിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് ലോക്സഭാ ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്‍റാണ് അബ്ദുള്ളക്കുട്ടി. ലക്ഷദ്വീപിന്‍റെ ചുമതല നല്‍കിയിരിക്കുകയായിരുന്ന അബ്ദുള്ളക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് ലോക്സഭാ സ്ഥാനാര്‍ഥിത്വം.

എല്‍.ഡി.എഫിനായി വിപി സാനുവാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും വിപി സാനു തന്നെയായിരുന്നു ഇടതുപക്ഷത്തിനായി മത്സരിച്ചത്. 2019ൽ നടന്ന തെരഞ്ഞെെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയോട് 2,60,153 വോട്ടിന് തോറ്റെങ്കിലും ശക്തമായ പ്രചരണത്തിലൂടെ സാനു മണ്ഡലത്തിലെ പുതിയവോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞാലിക്കുട്ടി 5,89,873 വോട്ട് സ്വന്തമാക്കിയപ്പോൾ സാനു 3,29,720 വോട്ട് നേടി. 2014-ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ സൈനബ നേടിയതിനേക്കാൾ 86,736 വോട്ട് അധികം നേടാൻ 2019-ൽ സാനുവിന് കഴിഞ്ഞിരുന്നു.

മലപ്പുറത്ത് മുസ്‍ലിം ലീഗ് ഇതുവരെ ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലിം ലീഗിന്‍റെ ഉറച്ച കോട്ടയായ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനായി അബ്ദുസമദ് സമദാനിയെ ലീഗ് പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

Tags:    

Similar News