'മരുമകന് ഭാവി തെളിയിക്കുന്ന കുടുംബനാഥനായ പിണറായി, മറ്റാര്‍ക്കും അഭിപ്രായം പറയാന്‍ അവസരമില്ലാതാകുന്ന പാര്‍ട്ടി'; രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിവൈഎഫ്‌ഐ നേതാവ്
സിപിഎമ്മില്‍ ഇപ്പോള്‍ 'ഒരേ ഒരു രാജാവ്, തിരുത്തിക്കാന്‍ പേടിയുള്ള കമ്മറ്റികള്‍' എന്ന അവസ്ഥയാണെന്ന് മനു തോമസ്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎമ്മില്‍ സമ്പൂര്‍ണ അധികാര കേന്ദ്രമായി മാറുകയാണെന്നും മറ്റാര്‍ക്കും അഭിപ്രായം പറയാനുള്ള അവസരമില്ലാതാകുകയാണെന്നുമുള്ള വിമര്‍ശനവുമായി കണ്ണൂരിലെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ്. മരുമകന് ഭാവി തെളിയിക്കുന്ന കുടുംബനാഥനായി പിണറായി മാറി. പിണറായി ചെയ്യുന്നതെന്തോ അത് ഞങ്ങള്‍ക്കും ചെയ്യാം എന്നതാണ് ഇപ്പോഴത്തെ പാര്‍ട്ടിയിലെ മറ്റുള്ളവരുടെ സ്ഥിതി. മരുമകന്റെ ആളാണെന്ന് തെളിയിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ യുവജന-വിദ്യാര്‍ഥി സംഘടനകളിലെ സ്ഥാനമോഹികളായ മുഴുവന്‍ നേതാക്കളുടെയും പ്രധാന സമരസംഘടനാ പ്രവര്‍ത്തനം എന്നാണ് കേള്‍ക്കുന്നതെന്നും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ല മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന മനു തോമസ് സമൂഹമാധ്യമ പോസ്റ്റില്‍ വിമര്‍ശിച്ചു.
പൊതുവെ കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ ഭാര്യ, മക്കള്‍, ബന്ധുമിത്രാദികള്‍ എന്നിവരെ തങ്ങളുടെ പൊതുജീവിവിതത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രദശിപ്പിക്കുന്ന രീതി മുമ്പുണ്ടാകാത്തതായിരുന്നുവെന്ന് മനു തോമസ് പറയുന്നു. പണ്ട് പാര്‍ട്ടിയില്‍ ഉള്ള ആരെങ്കിലും ഒരാള്‍ ഇതിന് മാറ്റം വരുത്തിയാല്‍ ആദ്യം നെറ്റിചുളിക്കുക പിണറായി ആയിരിക്കും എന്നതുകൊണ്ട് ആരും അതിന് മുതിര്‍ന്നിട്ടുമില്ല. എന്നാല്‍ മുമ്പ് കാണാത്ത പിണറായി എന്ന നേതാവിനെ കഴിഞ്ഞ നാളുകളില്‍ കേരളം കണ്ടു. താന്‍ പോകുന്ന പ്രധാനയിടങ്ങളില്‍ എല്ലാം ഔദ്യോഗിക വാഹനത്തിലും അല്ലാതെയും പാര്‍ട്ടി സമ്മേളനങ്ങളിലും സര്‍ക്കാര്‍ പരിപാടികളിലും സന്ദര്‍ശനങ്ങളിലും ഭാര്യയും മകളും പേരമകനും നിത്യകാഴ്ചയായി. പിണറായി ചെയ്യുന്നതെന്തോ അത് ഞങ്ങള്‍ക്കും ചെയ്യാം എന്നതാണ് ഇപ്പോഴത്തെ പാര്‍ട്ടിയിലെ സ്ഥിതി. അങ്ങനെ മുഖ്യമന്ത്രിക്ക് പുറകെ മറ്റു ചില മന്ത്രിമാരും യുവനേതാക്കളും ഇപ്പോള്‍ ഭാര്യമാരെ കൂടെകൂട്ടാന്‍ തുടങ്ങുന്നു.
കേന്ദ്ര കമ്മറ്റിയിലെ അംഗങ്ങളെ സംസ്ഥാന കമ്മറ്റി, സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കുകയും പിണറായി മാത്രം തുടരുകയും ചെയ്തു. അതെന്തെ അങ്ങനെ എന്ന് ആര്‍ക്കും ചോദിക്കാന്‍ നാവ് ഉയര്‍ന്നില്ല. പ്രായവും വ്യവസ്ഥയും എന്തുകൊണ്ട് ബാധകമായില്ല എന്നും ആരും ചോദിച്ചില്ല. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന സിപിഎം ഹൈക്കമാന്‍ഡായി പ്രവര്‍ത്തിക്കുന്നത് വരെ പിണറായിയാണെന്ന് മനു പറയുന്നു.
പുതിയ കുടുംബബാന്ധവം പിണറായിയുടെ ശൈലിയെ മാറ്റിമറിച്ചുവെന്നാണ് മനു തോമസിന്റെ വിമര്‍ശനം. ഇത് തികച്ചും പ്രൊഫഷണലി ഫ്രെയിംവര്‍ക്ക് ചെയ്ത ബന്ധമായി സിപിഎമ്മിന്റെ അകത്തങ്ങളില്‍ വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ ഭയം നിമിത്തം പലരും പറയാന്‍മടിച്ചു. യഥാര്‍ഥത്തില്‍ പിണറായി വിജയന്‍ എന്ന ഉറച്ച നിലപാടുകാരനിലെ കൗണ്ട് ഡൗണ്‍ ആരംഭിച്ചത് ഇവിടെയാണ്. സംസ്ഥാന സെക്രട്ടറിയേറ്റിലും മന്ത്രിസഭയിലും അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ ഈ കുടുംബ താല്‍പര്യം മുമ്പിലേക്ക് വന്നു. മറ്റാര്‍ക്കും മനസിലാകാത്ത തരത്തില്‍ മരുമകന് ഭാവിയില്‍ ഉണ്ടാകാവുന്ന തടസങ്ങളെ മുമ്പില്‍ കണ്ടുകൊണ്ടുള്ള റിക്രൂട്ട്‌മെന്റാണ് രണ്ടു കാര്യത്തിലും സംഭവിച്ചത്. കഴിവും പ്രാപ്തിയുമുള്ളവര്‍ മാറ്റിനിര്‍ത്തപ്പെട്ടു. പിണറായിയുടെ ചുറ്റും ഉറ്റ സ്‌നേഹിതരായി കണക്കാക്കപ്പെട്ടിരുന്ന പലരും മാനസികമായി അകന്നു തുടങ്ങിയെന്നും മനു തോമസ് സമൂഹമാധ്യമത്തിലെ ദീര്‍ഘമായ കുറിപ്പില്‍ വിമര്‍ശിച്ചു.
സിപിഎമ്മില്‍ ഇപ്പോള്‍ 'ഒരേ ഒരു രാജാവ്, തിരുത്തിക്കാന്‍ പേടിയുള്ള കമ്മറ്റികള്‍' എന്ന അവസ്ഥയാണെന്ന് മറ്റൊരു പോസ്റ്റില്‍ ഇദ്ദേഹം വിമര്‍ശിക്കുന്നു. മലപ്പുറം സമ്മേളനത്തിന് ശേഷം കേരളത്തിലെ പാര്‍ട്ടിയില്‍ തിരുവായ്ക്ക് എതിര്‍വായില്ലാതെ പിണറായി വിജയന്‍ എന്ന ഒറ്റ നേതാവ് അദ്ദേഹത്തിന്റെ മാനിഫെസ്റ്റോ മാത്രം നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ഇതില്‍ പരിഭവവും എതിര്‍പ്പും പ്രകടിപ്പിച്ചവരെ അദ്ദേഹം നല്ലനടപ്പിന് വിധേയമാക്കി. വഴങ്ങാത്തവരെ രാഷ്ട്രീയ വനവാസത്തിനയച്ചു. ചിലരെ പാടെ ഉന്‍മൂലനം ചെയ്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലം കേരള പാര്‍ട്ടി പിണറായി സ്തുതിയുടേതായിരുന്നു. വി.എസിന്റെ ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍ ഒഴിച്ചാല്‍ സമ്പൂര്‍ണമായി പിണറായിക്കു വേണ്ടിയുള്ള നിശബ്ദത നടമാടിയ പാര്‍ട്ടിഫോറങ്ങളായിരുന്നു. പിണറായിയുടെ ഇഷ്ടങ്ങള്‍ പിന്‍നിരക്കാരായ നേതാക്കളുടെ ഇഷ്ടങ്ങളായി. പിണറായിയുടെ അനിഷ്ടങ്ങളെയും പിണറായി ഇഷ്ടപ്പെടാത്തവരെയും ഈ പിന്‍നിര നേതാക്കളും വെറുത്തു. പിണറായിയുടെ ചില വാക്ക്, ഉപയോഗങ്ങള്‍, നോട്ടം, ചിരി, ബോഡിലാംഗേജ് എന്നിവയെല്ലാം താഴെ തട്ടുവരെ അനുകരിക്കപ്പെട്ടു. പിണറായി തള്ളിപ്പറഞ്ഞവരെ മനസില്ലാ മനസോടെ പാര്‍ട്ടിക്കാരും തള്ളിപറഞ്ഞു. രാഷ്ട്രീയത്തില്‍, സാഹിത്യമേഖലയില്‍, സാംസ്‌കാരികമേഖലയില്‍, സിനിമയില്‍, മാധ്യമരംഗത്ത്, ആദ്ധ്യാത്മിക രംഗത്ത് ഉള്‍പ്പെടെ എല്ലാം ഇത് വ്യക്തമായി നടപ്പിലാക്കപ്പെട്ടു -മനു തോമസ് പറയുന്നു.