കാരായി രാജനെ കാണുമ്പോൾ ക്രിസ്‌തുവിനെയാണ് എനിക്ക് ഓർമ വരാറ് : അശോകൻ ചരുവിൽ

ഫസൽ കൊല​ക്കേസിൽ കാരായി രാജൻ ജയിൽവാസം അനുഭവിച്ചിരുന്നു

Update: 2026-04-01 13:50 GMT

കോഴിക്കോട്: ഫസൽ കൊല​ക്കേസിൽ  ജയിൽവാസം അനുഭവിച്ച  സിപിഎം നേതാവും തലശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർഥിയു​മായ കാരായി രാജനെ കാണുമ്പോൾ  ​ക്രിസ്‌തുവിനെയാണ്  ഓർമ വരാറെന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്  അശോകൻ ചരുവിൽ. എനിക്ക് ഏറെ പ്രിയപ്പെട്ട ജനകീയ പൊതുപ്രവർത്തകനാണ് തലശേരിയിൽ മത്സരിക്കുന്ന കാരായി രാജൻ. ചെയ്യാത്ത കുറ്റത്തിന് കള്ളക്കേസിൽ കുടുക്കിയാണ് കാരായി രാജനെ നാടുകടത്തിയതെന്നും ചരുവിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. 

നാടുകടത്തപ്പെട്ട് അലയുന്ന കാലത്ത് അദ്ദേഹത്തെ കാണുമ്പോൾ ക്രിസ്തുവിനെയാണ് എനിക്ക് ഓർമ്മ വന്നിരുന്നത്. ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടവൻ. പക്ഷേ "ഞങ്ങൾക്ക് അവനെ വേണ്ട, ബറാബ്ബസിനെ മതി" എന്ന് തലശേരിയിലെ ജനങ്ങൾ പറഞ്ഞില്ല. കാരണം അവർക്കറിയാം സഹജർക്കായി ജീവിതം സമർപ്പിച്ച ആ മനുഷ്യനെ. "ഒരു പീഡയെറുമ്പിനും" ഉണ്ടാവരുതെന്ന ദൃഡനിശ്ചയത്തോടെ ജീവിക്കുന്നയാളാണെന്ന് അവർ തിരിച്ചറിയുന്നു. സമരസംഘാടകൻ മാത്രമല്ല; ഭാവനാശാലിയായ അഡ്‌മിനിസ്ട്രേറ്ററുമാണ് കാരായി. അടിത്തട്ടിലെ ജീവിതം നൽകുന്ന അനുഭവം വലിയൊരു സമ്പത്താണ്. അതിൻ്റെ ബലത്തിലാണ് തകർച്ചയിലേക്ക് നീങ്ങിയ റബ്കോയെ അദ്ദേഹം രക്ഷിച്ചത്. തലശ്ശേരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരിക്കും സഖാവ് കാരായി രാജൻ വിജയിക്കുക എന്നെനിക്ക് ഉറപ്പു​​ണ്ടെന്നും ​ഫേസ്ബുക്കിൽ വിശദീകരിക്കുന്നു.  

Advertising
Advertising


2006 ഒക്ടോബര്‍ 22ന് പു​ല​ർ​ച്ചെ പ​ത്ര​വി​ത​ര​ണ​ത്തി​നി​ട​യി​ൽ വീടിന്‍റെ പരിസരത്തുവെച്ചാണ് എൻഡിഎഫ്​ പ്രവർത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്.   ഫസലിനെ കൊന്നത് എൽഡിഎഫ് സ്ഥാനാർഥിയായ കാരായി രാജൻ തന്നെയാണെന്ന്  ഫസലിന്‍റെ ഭാര്യ മർയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കൊലക്കേസ് പ്രതിയെ അതേ നാട്ടിൽ സ്ഥാനാർഥിയാക്കിയത് ഇടതുപ‍ക്ഷത്തിന്‍റെ വെല്ലുവിളിയാണെന്നും ഒരു കാരണവശാലും കാരായി രാജൻ ജയിക്കരുതെന്നും മർയം പറഞ്ഞു. കാരായി രാജൻ തന്നെയാണ് ഒന്നാംപ്രതി. അവൻ ജയിക്കരുത്. അവൻ ജയിച്ചാൽ രാജ്യത്തിന് എന്താണ് ഗുണം?, അവന് ആര് വോട്ടുചെയ്യാനാണെന്നും ലോകത്തെ എല്ലാവർക്കും അറിയുന്ന കാര്യമാണ് കാരായി രാജനാണ് ഫസലിനെ കൊന്നതിൽ ഒന്നാം പ്രതി എന്നത്. അവന് ഒരു അർഹതയുമില്ലെന്നും മർയം പറഞ്ഞു..എന്നാൽ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും കേസ് തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെന്നുമാണ് കാരായി രാജൻ മാധ്യമങ്ങളോട് പറഞ്ഞത്.

അശോകൻ ചരുവിൽ ഫേസ്ബുക്കി​ലെഴുതിയ കുറിപ്പിന്റെ പൂർണരൂപം

എനിക്ക് ഏറെ പ്രിയപ്പെട്ട ജനകീയ പൊതുപ്രവർത്തകനാണ് തലശേരിയിൽ മത്സരിക്കുന്ന കാരായി രാജൻ. ടി.പത്മനാഭനും, എം.മുകുന്ദനും ഉൾപ്പെടെ അടുത്തറിയാൻ കഴിഞ്ഞവർക്കെല്ലാം അദ്ദേഹം പ്രിയപ്പെട്ടവനാണ്. ഓരോ പ്രഭാതത്തിലും താൻ വായിച്ച കവിതകൾ പകർത്തി വാട്സാപ്പിൽ അയച്ചുതരുന്ന കാരായിയെക്കുറിച്ച് മുകുന്ദൻ പറയാറുണ്ട്. എഴുത്തുകാർക്ക് മാത്രമല്ല; തലശേരി മേഖലയിലെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം അത്രമേൽ പ്രിയപ്പെട്ടവനാണ്.

നെറ്റിയിലെ വിയർപ്പിൻ്റെ ഫലംകൊണ്ട് മാത്രം ഭക്ഷണം കഴിക്കുന്ന വർഗ്ഗത്തിൽനിന്നും വംശത്തിൽനിന്നും ഒരാൾ നേതൃത്വത്തിലേക്ക് ഉയർന്നു വരുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതകളെപ്പറ്റി ഈ പംക്തിയിൽ പലവട്ടം എഴുതിയിട്ടുള്ളതാണ്. സഖാവ് അഴിക്കോടൻ രാഘവനെ അവർ കൊലപ്പെടുത്തുകയാണുണ്ടായത്. വി.എസിനും പിണറായിക്കും ഏറ്റുവാങ്ങേണ്ടി വന്ന ആക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും കണക്കില്ല. കാരായിയെ ചെയ്യാത്ത കുറ്റത്തിന് കള്ളക്കേസിൻ കുടുക്കി നാടുകടത്തുകയാണ് ചെയ്തത്.

നാടുകടത്തപ്പെട്ട് അലയുന്ന കാലത്ത് അദ്ദേഹത്തെ കാണുമ്പോൾ ക്രിസ്തുവിനെയാണ് എനിക്ക് ഓർമ്മ വന്നിരുന്നത്. ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടവൻ. പക്ഷേ "ഞങ്ങൾക്ക് അവനെ വേണ്ട, ബറാബ്ബസിനെ മതി" എന്ന് തലശേരിയിലെ ജനങ്ങൾ പറഞ്ഞില്ല. കാരണം അവർക്കറിയാം സഹജർക്കായി ജീവിതം സമർപ്പിച്ച ആ മനുഷ്യനെ. "ഒരു പീഡയെറുമ്പിനും" ഉണ്ടാവരുതെന്ന ദൃഡനിശ്ചയത്തോടെ ജീവിക്കുന്നയാളാണെന്ന് അവർ തിരിച്ചറിയുന്നു. സമരസംഘാടകൻ മാത്രമല്ല; ഭാവനാശാലിയായ അഡ്‌മിനിസ്ട്രേറ്ററുമാണ് കാരായി. അടിത്തട്ടിലെ ജീവിതം നൽകുന്ന അനുഭവം വലിയൊരു സമ്പത്താണ്. അതിൻ്റെ ബലത്തിലാണ് തകർച്ചയിലേക്ക് നീങ്ങിയ റബ്കോയെ അദ്ദേഹം രക്ഷിച്ചത്. തലശ്ശേരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരിക്കും സഖാവ് കാരായി രാജൻ വിജയിക്കുക എന്നെനിക്ക് ഉറപ്പുണ്ട്.

അശോകൻ ചരുവിൽ





 


Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - അനസ് അസീന്‍

Chief Web Journalist

Similar News