'ഇനി ബിജെപിയുമായി സഖ്യമില്ല'; അസമില്‍ ബിപിഎഫ് കോണ്‍ഗ്രസിനൊപ്പം
എൻഡിഎയിലെ പ്രമുഖ പാര്‍ട്ടിയായിരുന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) കോൺഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അസമിൽ എൻഡിഎ സഖ്യത്തിൽ വിള്ളൽ. എൻഡിഎയിലെ പ്രമുഖ പാര്‍ട്ടിയായിരുന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) കോൺഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നു.
സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും സുസ്ഥിര സര്‍ക്കാരിനും വേണ്ടി ബി.പി.എഫ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാജത്ത് സഖ്യത്തിനൊപ്പം കൈകോർക്കും. ഇനി മുതൽ ബി.ജെ.പിയുമായി യാതൊരു സൗഹൃദമോ സഖ്യമോ ഉണ്ടാകില്ലബി.പി.എഫ് പ്രസിഡന്‍റ് ഹഗ്രാമ മൊഹിലാരി
2005ലാണ് ബിപിഎഫ് രൂപീകരിക്കപ്പെട്ടത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിപിഎഫ് 12 സീറ്റില്‍ വിജയിച്ചു. തുടര്‍ന്ന് ബിജെപി സഖ്യത്തിനൊപ്പം ചേര്‍ന്നു. അസം സർക്കാറിൽ മൂന്ന് മന്ത്രിമാരാണ് ബി.പി.എഫിനുണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൌണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40ല്‍ 17 സീറ്റ് നേടാന്‍ ബിപിഎഫിന് കഴിഞ്ഞു.
To work for Peace, Unity and Development the Bodoland People’s Front (BPF) has decided to join hands with MAHAJATH in the forthcoming Assam Assembly Election. We shall no longer maintain friendship or alliance with BJP.
— Hagrama Mohilary (@HagramaOnline) February 27, 2021
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 126 അംഗ നിയമസഭയില്‍ 60 സീറ്റിലാണ് ബിജെപി വിജയിച്ചത്. ബിപിഎഫിനൊപ്പം അസം ഗണപരിഷത്തും എന്‍ഡിഎയുടെ ഭാഗമായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.പി.എഫുമായി ചേർന്ന് പ്രവർത്തിക്കാൻ ബി.ജെ.പിക്ക് താൽപര്യമില്ലെന്ന് അസം ധനമന്ത്രി ഡോ. ഹിമന്ത ബിശ്വശർമ വ്യക്തമാക്കി. അതേസമയം ബി.പി.എഫിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സഖ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നാണ് അവകാശവാദം.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 6 വരെ മൂന്ന് ഘട്ടമായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എഐയുഡിഎഫ്, എജിഎം, ഇടത് പാര്‍ട്ടികള്‍ എന്നിവരുമായി കോണ്‍ഗ്രസ് ഇത്തവണ സഖ്യമുണ്ടാക്കിയിട്ടുണ്ട്.