ലക്ഷം രൂപക്ക് കിട്ടും ഏഥര്‍; കാത്തിരിപ്പിന് വിരാമമിട്ട് കൊണാര്‍ക്ക് വിപണിയിലിറങ്ങി
കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകളുമായാണ് ഏഥര്‍ കൊണാര്‍ക്കിനെ അവതരിപ്പിച്ചിരിക്കുന്നത്
വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകളുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഏഥര്‍. കൊണാര്‍ക്ക് മോഡലാണ് ഏഥര്‍ അവതരിപ്പിച്ചത്. കൊണാര്‍ക്ക് എസ് വേരിയന്റിലാണ് വാഹനം ഇപ്പോള്‍ ലഭ്യമാകുക. ഒരു ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
100 കി.മീ, 125 കി.മീ 161 കി.മീ, 200 കി.മീ എന്നീ ഐഡിസി റേഞ്ചിലാണ് സ്‌കൂട്ടര്‍ എത്തുന്നത്. ഇതില്‍ റേഞ്ച് കുറഞ്ഞ 100 കി.മീ മോഡലിനാണ് ലക്ഷം രൂപ എക്സ് ഷോറൂം വില. മണിക്കൂറില്‍ 70 കി.മീറ്ററാണ് പരമാവധി വേഗം. 80 കി.മീറ്ററാണ് ട്രൂ റേഞ്ച് പറയുന്നത്. അഞ്ച് സെക്കന്‍ഡില്‍ 40 കി.മീറ്റര്‍ വരെ വേഗം കൈവരിക്കാനാകും. 2.1 kWh ബാറ്ററിയാണ് 100 കി.മീ റേഞ്ച് മോഡലില്‍. 125 കി.മീ മോഡലില്‍ 2.7 kWh ബാറ്ററിയും 161 കി.മീ മോഡലില്‍ 3.5 kWh ബാറ്ററിയുമാണുള്ളത്. ഐപി67 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് സുരക്ഷയുണ്ട്. അലൂമിനിയം ബാറ്ററി കേസിംഗാണ്.
നാല് മണിക്കൂര്‍, 4.30 മണിക്കൂര്‍, 5.40 മണിക്കൂര്‍ എന്നിങ്ങനെയാണ് മൂന്ന് മോഡലുകളില്‍ യഥാക്രമം ബാറ്ററി 80 ശതമാനം ചാര്‍ജാകാന്‍ എടുക്കുന്ന സമയം. ഏഥര്‍ ഗ്രിഡില്‍ 10 മിനിറ്റില്‍ 13 കിലോമീറ്റര്‍ ഓടാനാവശ്യമായ ചാര്‍ജ് ലഭിക്കും.
ഏഥറിന്റെ ഏറ്റവും പുതിയ ഇഎല്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഡിസൈന്‍ ചെയ്ത ആദ്യ മോഡലാണ് കൊണാര്‍ക്ക്. ഹാന്‍ഡില്‍ബാര്‍ മൗണ്ടഡ് ഹെഡ്ലൈറ്റ്, വലിയ എല്‍ഇഡി ഡിആര്‍എല്‍, അലോയ് വീലുകള്‍ എന്നിവയുണ്ട്. വലിയ സിംഗിള്‍ പീസ് സീറ്റ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, സ്ലിം എല്‍ഇഡി ടെയില്‍ ലാംപ് എന്നിവയും പുതിയ മോഡലിന്റെ ഡിസൈന്‍ സവിശേഷതകളാണ്.
ബേസ് വേരിയന്റായ S 100 ന് ഡ്രം ബ്രേക്കും S 125, S 161 എന്നിവയ്ക്ക് ഡിസ്‌ക് ബ്രേക്കുകളുമാണുള്ളത്. AeBS എന്ന് പേര് നല്‍കിയിട്ടുള്ള ഏഥറിന്റെ അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റമാണ് മറ്റൊരു സവിശേഷത. ബ്രേക്കിങ്ങ് 20 ശതമാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതാണ് ഇതെന്ന് കമ്പനി പറയുന്നു.
മൂന്ന് വര്‍ഷം അല്ലെങ്കില്‍ 30,000 കി.മീ കിലോമീറ്ററാണ് വാഹനത്തിനും ബാറ്ററിക്കും വാറന്റി നല്‍കുന്നത്. ഏഥര്‍സ്റ്റാക്ക്‌പ്രൊ വഴി അഞ്ച് വര്‍ഷം അല്ലെങ്കില്‍ 60,000 കി.മീ വരെ ദീര്‍ഘിപ്പിക്കാം. എട്ട് വര്‍ഷം വരെ എക്സ്റ്റന്‍ഡഡ് വാറന്റിയും ലഭിക്കും. എസ് 100ന് 99,999 രൂപയും എസ് 125ന് 1,21,999 രൂപയും എസ് 161ന് 1,44,999 രൂപയുമാണ് എക്സ് ഷോറൂം വില.