'100 ശതമാനം എഥനോളിലേക്ക് മാറിയാല്‍ ഇന്ധനച്ചെലവ് ലിറ്ററിന് വെറും 25 രൂപയായി കുറയും'; നിതിന്‍ ഗഡ്കരി
100 ശതമാനം എഥനോളില്‍ ഓടുന്ന ടൊയോട്ട ഇന്നോവ കാര്‍ ഒക്ടോബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഗഡ്കരി
ന്യൂഡല്‍ഹി: പെട്രോളിന് പകരം 100 ശതമാനം എഥനോള്‍ ഉപയോഗിക്കുന്ന കാറുകളിലേക്ക് മാറിയാല്‍ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 100 ശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കുന്ന കാറിന്റെ ഇന്ധനച്ചെലവ് ലിറ്ററിന് വെറും 25 രൂപയായി കുറയും. പൂര്‍ണമായും എഥനോളില്‍ ഓടുന്ന കാറുകള്‍ ഒക്ടോബറോടെ രാജ്യത്ത് യാഥാര്‍ഥ്യമാകുമെന്നും ഗഡ്കരി ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയ ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ഉയരവേയാണ് പൂര്‍ണമായും എഥനോളിലേക്ക് മാറാനുള്ള മന്ത്രിയുടെ ആഹ്വാനം.
100 ശതമാനം എഥനോളില്‍ ഓടുന്ന ടൊയോട്ട ഇന്നോവ കാര്‍ ഒക്ടോബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും ലോഞ്ചിങ് പരിപാടിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചെന്നും ഗഡ്കരി പറഞ്ഞു. എഥനോള്‍ എന്‍ജിനൊപ്പം ഇലക്ട്രിഫൈഡ് പവര്‍ട്രെയിനും വാഹനത്തിലുണ്ടാകും. ഈ കാര്‍ ഓട്ടത്തിനിടെ 60 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. ഇതിനകം 19 രാജ്യങ്ങളില്‍ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വാഹനങ്ങളില്‍ പരാതികള്‍ കുറയുകയാണെന്നും മന്ത്രി അവകാശപ്പെട്ടു.
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് രാജ്യത്ത് എഥനോള്‍ ഇന്ധനമായി ഉപയോഗിക്കാനുള്ള തീരുമാനം കേന്ദ്രം കൈക്കൊണ്ടതെന്ന് ഗഡ്കരി പറഞ്ഞു. കൃഷിയുമായി എഥനോള്‍ ഉല്‍പ്പാദനത്തെ ബന്ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ചോളം ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള എഥനോള്‍ ഉല്‍പ്പാദനം കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായും ഗഡ്കരി പറഞ്ഞു.
ഇന്ത്യയില്‍ ഇ20 പെട്രോള്‍ ഉപയോഗം 2022 മുതല്‍ ആരംഭിച്ചതായും ഇപ്പോള്‍ ഏകദേശം നാല് കോടി ഇരുചക്ര വാഹനങ്ങളില്‍ ഇ20 ഉപയോഗിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. 100 ശതമാനം എഥനോള്‍ ഉപയോഗിക്കാവുന്ന ഫ്ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങള്‍ക്കൊപ്പം ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങളും ഇന്ത്യയുടെ ഭാവി ഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇ20 പെട്രോള്‍ കാരണം വാഹനങ്ങളില്‍ മൈലേജ് കുറവും എന്‍ജിന്‍ തകരാറുകളും സംഭവിക്കുന്നുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഇ- 20ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ചെയ്തത്. എന്‍ജിന്‍ തകരാര്‍ വ്യപകമായില്ലെന്നും ഇന്ധന ക്ഷമത കുറയുന്നു എന്നതിന് തെളിവില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ശാസ്ത്രീയ പരിശോധനകളുടെ പിന്‍ബലത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു.