പവർ കൂടിയ ആൾട്ടോ വീണ്ടും അവതരിച്ചു; മൂന്നാം തലമുറ ആൾട്ടോ കെ10 പുറത്തിറങ്ങി

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും ആൾട്ടോ കെ 10 അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി.

Update: 2022-08-18 12:42 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ചെറുകാർ ഏതെന്ന് ചോദിച്ചാൽ വർഷങ്ങളായുള്ള ഉത്തരമാണ് മാരുതി സുസുക്കി ആൾട്ടോ. 40 ലക്ഷത്തിലധികം വിറ്റ ആൾട്ടോ തന്നെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ പാസഞ്ചർ കാറും. അതിനിടയിൽ ഇടക്ക് വന്നുപോയ ആൾട്ടോ K10 എന്ന മോഡലും ഇന്ത്യക്കാരുടെ മനം കവർന്നു. ബിഎസ് 6 എമിഷൻ നോമുകൾ വന്നതോടെ ഇടക്കാലത്ത് ആൾട്ടോ കെ 10 മാരുതി അവസാനിപ്പിച്ചു.

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും ആൾട്ടോ കെ 10 അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ലുക്കിലും വർക്കിലും മാറ്റങ്ങളോടെ തന്നെയാണ് പുതിയ ആൾട്ടോ കെ 10 എത്തിയിരിക്കുന്നത്. മൂന്നാം തലമുറ ആൾട്ടോ കെ 10 ആണ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്.

 

മാരുതിയുടെ തന്നെ പുതിയ സെലേറിയോയുമായാണ് ആൾട്ടോ കെ 10 ന് ലുക്കിൽ കൂടുതൽ സാമ്യം. മാരുതിയുടെ ഹേർട്ടാറ്ക്ട് പ്ലാറ്റ്‌ഫോമിലാണ് ആൾട്ടോ കെ 10 നിർമിച്ചിരിക്കുന്നത്. 3,530 എംഎം നീളം, 1,490 എംഎം വീതി, 1,520 എംഎം ഉയരവും ആൾട്ടോ കെ10 നുണ്ട്. നിലവിലെ ആൾട്ടോ 800 നേക്കാളും 85 എംഎം നീളവും 45 എംഎം ഉയരവും കൂടുതലാണ് ആൾട്ടോ കെ10 ന്. വീൽബേസിലേക്ക് വന്നാൽ ആൾട്ടോ 800 നേക്കാൾ 20 എംഎം വർധിപ്പിച്ച് 2,380 എംഎം ആണ്.

 

കൂടുതൽ ഉരുണ്ട രൂപമാണ് ആൾട്ടോ കെ 10 ന് നൽകിയിട്ടുള്ളത്. മുന്നിൽ വലിയ ഹെഡ്‌ലാമ്പ് യൂണിറ്റാണ് നൽകിയിരിക്കുന്നത്. പുതിയ ഹെക്‌സാഗണൽ ഷേപ്പിലുള്ള ഗ്രിൽ ഇന്ത്യയിൽ വിൽപ്പന അവസാനിപ്പിച്ച ഡാറ്റ്‌സൺ റെഡി ഗോയെ അനുസ്മരിപ്പിക്കുന്നുണ്ട്. മുന്നിലെ മെഷ് ഘടകവും കൂടി ചേരുന്നതോടെ ആകെപാടെ ഒരു ചിരിക്കുന്ന മുഖം ആൾട്ടോക്ക് ലഭിക്കുന്നുണ്ട്. അതേസമയം ഫോഗ് ലാമ്പ്, ഡിആർഎൽ എന്നിവ ഉൾപ്പെടുത്താനുള്ള ഓപ്ഷൻ ആൾട്ടോ കെ 10 ൽ ഇല്ല.

 

വശങ്ങളിൽ മുൻ മോഡലിനേക്കാൾ കനപ്പെട്ട ഷോൾഡർ ലൈനും ക്യാരക്റ്റർ ലൈനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഡിക്കേറ്ററുകൾ പഴയത് പോലെ തന്നെ മുൻ ഫെൻഡറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 13 ഇഞ്ച് വീലിന് അലോയ് ഓപ്ഷൻ മാരുതി നൽകുന്നില്ല.

ടെയിൽ ലൈറ്റിലെ ചെറിയ മാറ്റം ഒഴിച്ചുനിർത്തിയാൽ പുതിയ സെലേറിയോയുടെ അതേ ഡിസൈൻ തന്നെയാണ് ആൾട്ടോ കെ 10 ന് നൽകിയിരിക്കുന്നത്. പിറകിൽ വൈപ്പർ പോലുള്ള ആഡംബരങ്ങളൊന്നുമില്ല.

ഇന്റീരിയറിലും സമൂലമായ മാറ്റമാണ് പുതിയ മാരുതി സുസുക്കി ആൾട്ടോ കെ 10 ന് നൽകിയിരിക്കുന്നത്. കൂടുതൽ ഉയർന്ന പൊസിഷനിലുള്ള ഇരട്ട നിറത്തിലുള്ള ഡാഷ് ബോർഡ് പഴയ കറുപ്പ് നിറത്തിലുള്ള ഡാഷ് ബോർഡിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. സെലേറിയോയിലും എസ് പ്രസോയിലും ഉപയോഗിച്ചിരിക്കുന്ന 7.0 ഇഞ്ച് സ്മാർട്ട് പ്ലേ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവ ഇത് പിന്തുണക്കും.

 

മിഡിൽ എസി വെന്റുകൾ പുതിയ ആൾട്ടോ 800 ൽ നിന്നെടുത്തതാണ്. സ്റ്റിയറിങ് വീൽ, കൺട്രോൾ സ്റ്റാക്കുകൾ, ഇന്റീരിയർ ഡോർ ഹാൻഡിലുകൾ, സൈഡി എസി വെന്റുകൾ എന്നിവയെല്ലാം പുതിയ സെലേറിയോയിൽ നിന്നെടുത്തതാണ്. പവർ വിൻഡോ ബട്ടണുകൾ എസ് പ്രസോയിലേത് പോലെ സെന്റർ കൺസോളിൽ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെയാണ് നൽകിയിരിക്കുന്നത്. സ്റ്റിയറിങ് വീലിൽ ഓഡിയോ കൺട്രോളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയിലേക്ക് വന്നാൽ എബിഎസ്, മുന്നിൽ ഇരട്ട എയർബാഗുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

പുതിയ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ കെ10സി എഞ്ചിനാണ് ആൾട്ടോ കെ10 ന് കരുത്ത് പകരുന്നത്. 67 എച്ച്പി പവറും 89 എൻഎം ടോർക്കും ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ് ഈ എഞ്ചിൻ. എസ് പ്രസോക്കും സെലേറിയോക്കും സമാനമാണിത്. 5 സ്പീഡ് മാനുവൽ ഗിയർ ബോക്‌സിലും 5 സ്പീഡ് എഎംടി ഗിയർ ബോക്‌സിലും വാഹനം ലഭിക്കും.

മാരുതി പുതിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഡ്യൂവൽ ജെറ്റ് സാങ്കേതികവിദ്യ ഇതിലും പിന്തുടരുന്നുണ്ട്. കൂടാതെ ഐഡിൽ സ്റ്റാർട്ട്/ സ്റ്റോപ്പ് ബട്ടണുമുണ്ട്. അതുകൊണ്ട് തന്നെ ലിറ്ററിന് 24.39 കിലോമീറ്ററാണ് മാനുവൽ മോഡലിന്റെ ഇന്ധനക്ഷമത. ഓട്ടോമാറ്റിക്കിന് 24.90 കിലോമീറ്ററും ലഭിക്കും.

നിലവിലെ ആൾട്ടോ 800 നിലനിർത്തി കൊണ്ടുതന്നെയാണ് പുതിയ ആൾട്ടോ കെ 10 അവതരിപ്പിച്ചിരിക്കുന്നത്. റെനോ ക്വിഡ് മാത്രമാണ് നിലവിൽ ആൾട്ടോ കെ 10 ന് നേരിട്ടുള്ള എതിരാളി.

3.99 ലക്ഷം മുതൽ 5.84 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News