ഇലക്ട്രിക് വാഹന നിർമാണം; ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി സുസുക്കി

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും നിർമിക്കുന്നതിനായി 1.26 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനാണ് ജപ്പാൻ കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

Update: 2022-03-19 13:46 GMT
Editor : abs | By : Web Desk
Advertising

ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാണത്തിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി സുസുകി മോട്ടോർ. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും നിർമിക്കുന്നതിനായി 1.26 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനാണ് ജപ്പാൻ കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.  2025ൽ തന്നെ പ്രവർത്തനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ഒരു പുതിയ ഇലക്ട്രിക് വാഹന ഉൽപ്പാദന ലൈൻ നിർമിക്കുന്നതിന് സുസുകി തീരുമാനിച്ചതായും വാർത്തകളുണ്ട്. എന്നാൽ നിക്ഷേപം സംബന്ധിച്ച് കമ്പനിയിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

നിലവിൽ, സുസുകി ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ തോഷിബ, ഗുജറാത്തിലെ ഡെസ്നോ എന്നിവയുമായി ചേർന്ന് ഒരു സംയുക്ത സംരംഭ ബാറ്ററി ഫാക്ടറി പ്രവർത്തിപ്പിക്കുന്നുണ്ട്. പ്ലാന്റിൽ നിർമിക്കുന്ന ബാറ്ററികൾ ഹൈബ്രിഡ് കാറുകളിലാണ് ഉപയോഗിക്കുന്നത്. പുതിയ ഇവി ബാറ്ററി പ്ലാന്റ് കൂടി വരുന്നതോടെ, ഇന്ത്യയുടെ ഇവി വിപണിയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് സുസുക്കിയുടെ പ്രതീക്ഷ. മാരുതി സുസുക്കി വാഗൺആർ ഇലക്ട്രിക് മോഡൽ പരീക്ഷിക്കുന്നതിനെക്കുറിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ കെനിച്ചി അയുകാവ, ഗുജറാത്തിലെ സുസുക്കി പ്ലാന്റ് ഒരു ഇവി ഹബ്ബായി വികസിപ്പിക്കാൻ കഴിയുമെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള പതിനാലാമത് ഉച്ചകോടി ഇന്ന് ഡല്‍ഹിയില്‍ ആരംഭിച്ചു. അധികാരമേറ്റതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കുന്നത്. രണ്ടു ദിവസത്തേക്കാണ് സന്ദര്‍ശനം.വരുന്ന അഞ്ച് വര്‍ഷങ്ങളിലായി 5 ട്രില്യണ്‍ യെന്‍ (42 ബില്യണ്‍ യുഎസ് ഡോളര്‍) ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിനായി ഫുമിയോ മുന്‍കൈയെടുക്കുമെന്ന് ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേ അവസരത്തിലാണ് സുസുക്കി നിക്ഷേപം നടത്തുമെന്ന റിപ്പോര്‍ട്ടും വന്നിരിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News