വിറ്റത് 10 ലക്ഷം യൂനിറ്റ്; കുതിച്ചോടി മാരുതി ബ്രെസ്സ

Update: 2023-12-27 15:49 GMT
Advertising

ജനപ്രിയ എസ്‍യുവിയായ ബ്രെസ്സയുടെ 10 യൂനിറ്റുകൾ വിൽപന നടത്തി മാരുതി സുസുക്കി. ഏഴ് വർഷവും എട്ട് മാസവും കൊണ്ടാണ് ​ഇത്രയുമധികം വാഹനങ്ങൾ മാരുതിക്ക് വിൽക്കാനായത്.

2016 മാർച്ചിൽ വിറ്റാര ബ്രെസ്സ എന്ന പേരിലാണ് വാഹനം ആദ്യമായി വിപണിയിലെത്തുന്നത്. 2022ൽ പേര് ബ്രെസ്സ എന്ന് മാത്രമാക്കി, അടിമുടി മാറ്റിയാണ് മാരുതി വാഹനത്തെ പുറത്തിറക്കിയത്.

ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെ 1,11,371 യൂനിറ്റുകൾ മാരുതിക്ക് വിൽക്കാൻ സാധിച്ചു. ഓരോ മാസവും ശരാശരി 13,000 യൂനിറ്റുകളാണ് വിറ്റത്.

2023 മാർച്ചിൽ ​ബ്രെസ്സയുടെ സിഎൻജി വേരിയന്റ് കമ്പനി പുറത്തിറക്കിയിരുന്നു. ഇത് വിൽപ്പന കൂട്ടാൻ സഹായിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ ഏറ്റവുമധികം വിൽപ്പന നേടിയ എസ്‍യുവിയും ബ്രെസ്സയാണ്. രണ്ടാം സ്ഥാനത്തുള്ള ടാറ്റ നെക്സോൺ 1,10,778 വാഹനങ്ങളാണ് വിറ്റത്. 1,08,584 യൂനിറ്റ് വിറ്റ ഹ്യുണ്ടായ് ക്രേറ്റയും 1,02,326 യൂനിറ്റ് വിൽപ്പന നടത്തിയ ടാറ്റ പഞ്ചുമാണ് മത്സരത്തിൽ മൂന്നും നാലും സ്ഥാനത്ത്.

അതേസമയം 2022, 2023 സാമ്പത്തിക വർഷങ്ങളിൽ ടാറ്റ നെക്സോൺ ആയിരുന്നു ഏറ്റവുമധികം വിൽപ്പന നടത്തിയ എസ്‍യുവി. ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ശക്തമായ ഓട്ടത്തിലാണ് ബ്രെസ്സ. 2019 സാമ്പത്തിക വർഷം വിൽപ്പന നടത്തിയ 1,57,880 യൂനിറ്റാണ് ബ്രെസ്സയുടെ ഏറ്റവും വലിയ നേട്ടം.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News