വില 100 കോടി! ഇന്ത്യയിലെ ഏറ്റവും വിലയേറിയ ആ കാര്‍ ഇനി നിത അംബാനിക്ക് സ്വന്തം

മുകേഷ് അംബാനിയുടെ ശേഖരത്തിലുള്ള ഏറ്റവും അത്യാഡംബര കാറിന് നിതയുടെ പുതിയ കാറിന്റെ പത്തിലൊന്നിനടുത്തേ വില വരൂ എന്നതാണ് ഏറ്റവും രസകരമായ കാര്യം

Update: 2025-08-12 13:58 GMT
Editor : Shaheer | By : Web Desk

ഇന്ത്യയിലെ അതിസമ്പന്നരായ അംബാനി ഫാമിലിയുടെ ബിസിനസിനു പുറത്തെ ജീവിതവും വിശേഷങ്ങളുമെല്ലാം എന്നും കൗതുക വാര്‍ത്തകളാകാറുണ്ട്. അനന്ത് അംബാനിയുടെ അത്യാഡംബര കല്യാണം മുതല്‍ ഗുജറാത്തിലെ ജാംനഗറിലുള്ള വന്യജീവി സംരക്ഷണ-പുനരധിവാസ കേന്ദ്രമായ 'വന്‍താര' വരെ.. അങ്ങനെ പലതും ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് ആ കൗതുകത്തിനു പുറത്താണ്.

ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സനുമായ നിത അംബാനിയാണ് കുടുംബത്തിലെ പുതിയ വാര്‍ത്താതാരം. ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറിന്റെ ഉടമയായി മാറിയിരിക്കുകയാണ് നിത. ഔഡി എ9 കമലിയോണ്‍ ആണ് ആ ആഡംബര വാഹനം. ഏകദേശം 90 കോടി മുതല്‍ 100 കോടി രൂപ വരെയാണ് ആ കാറിന്റെ വിപണിവില. അപൂര്‍വമായ സാങ്കേതികവിദ്യയും ഡിസൈനും കൊണ്ട് ലോകമെമ്പാടുമുള്ള വാഹനപ്രേമികളുടെ ഡ്രീം കാറുകളിലൊന്നാണ് ഔഡി കമലിയോണ്‍. ലോകത്തു തന്നെ വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് ആ കാര്‍ സ്വന്തം ഗ്യാരേജില്‍ എത്തിക്കാനായിട്ടുള്ളത്.

Advertising
Advertising

പറഞ്ഞ പോലെ തന്നെ ഔഡി എ9 കമലിയോണ്‍ ഒരു സാധാരണ കാറല്ല. ലോകമെമ്പാടും ആകെ 11 പേര്‍ക്കു മാത്രമാണ് ഈ കാര്‍ സ്വന്തമാക്കാനായിട്ടുള്ളത് എന്ന കാര്യം തന്നെ മതി, ഇത് എന്തുകൊണ്ട് അസാധാരണമാണെന്നു മനസിലാക്കാന്‍. സ്പാനിഷ് ഡിസൈനര്‍ ഡാനിയല്‍ ഗാര്‍സിയാണ് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ശരിക്കുമൊരു സാങ്കേതിക വിസ്മയമാണത്. ടെക്‌നോളജി കൊണ്ട് വിസ്മയിപ്പിക്കുന്ന നിരവധി ഫീച്ചറുകള്‍ ഈ കാറിനുണ്ട്. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ വാഹനത്തിന്റെ നിറം മാറ്റാന്‍ കഴിയുന്ന ഇലക്ട്രോണിക് പെയിന്റ് സിസ്റ്റമാണ് ഇതിനുള്ളത്. ഈ ഡൈനാമിക് പെയിന്റ് ടെക്‌നോളജി ഉപയോഗിച്ച്, ഡ്രൈവര്‍ക്ക് തന്റെ ഇഷ്ടത്തിനനുസരിച്ച് കാറിന്റെ ബോഡിയുടെ നിറം മാറ്റാം. ലോകത്ത് അധികം കാറുകള്‍ക്കൊന്നുമില്ലാത്ത ഫീച്ചറാണിത്. അഞ്ച് മീറ്റര്‍ നീളമുള്ള ഈ ടു-ഡോര്‍ കൂപ്പിന്റെ ഡിസൈന്‍, ഒറ്റപ്പീസ് വിന്‍ഡ്ഷീല്‍ഡും റൂഫുമെല്ലാം കാറിന്റെ ആധുനികതയും ആഡംബരവും എടുത്തുകാണിക്കുന്നു.

കരുത്തുറ്റ എഞ്ചിനും പെര്‍ഫോമന്‍സുമാണ് എടുത്തുപറയേണ്ട മറ്റൊരു ഫീച്ചര്‍. 4.0 ലിറ്റര്‍ വി 8 എഞ്ചിനാണ് ഔഡി എ9 കമലിയോണില്‍ ഉപയോഗിക്കുന്നത്. ഏകദേശം 600 കുതിരശക്തിയില്‍ പറക്കാന്‍ ഇതു സഹായിക്കുന്നു. എഞ്ചിന്‍ അത്രയും സ്‌ട്രോങ് ആയതു കാരണം വിവരിക്കാവുന്നതിനും അപ്പുറത്താണ് കാറിന്റെ ഡ്രൈവിങ് അനുഭവം. ഔഡിയുടെ ഏറ്റവും പുതിയ എംഎല്‍ബി ആര്‍ക്കിടെക്ചറും അലുമിനിയം സ്‌പേസ് ഫ്രെയിമും ഉപയോഗിച്ചാണ് ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഭാരം കുറയ്ക്കുമ്പോഴും, കരുത്തുറ്റ ബോഡിയുള്ളതിനാല്‍ അതീവ സുരക്ഷയും ഉറപ്പുനല്‍കുന്നു ഇത്.

ഇതി നിത അംബാനിയുടെ ആഡംബര വാഹന ശേഖരത്തിലേക്കു വരാം.. നിതയുടെ ഗാരേജില്‍ ഔഡി കമലിയോണ്‍ മാത്രമല്ല, വേറെയും നിരവധി ആഡംബര വാഹനങ്ങളുണ്ട്. റോള്‍സ് റോയ്സ് ഫാന്റം ഇഡബ്ല്യുബി, മെഴ്‌സിഡസ്-മെയ്ബാക് എസ് 600 ഗാര്‍ഡ്, ഫെറാറി 812 സൂപ്പര്‍ഫാസ്റ്റ്, ബെന്റ്ലി കോണ്ടിനെന്റല്‍.. അങ്ങനെ പോകുന്ന ആ അത്യാഡംബര കലക്ഷന്‍.

മുകേഷ് അംബാനിയുടെ ശേഖരത്തിലുള്ള ഏറ്റവും അത്യാഡംബര കാറിന് നിതയുടെ ഏറ്റവും പുതിയ കാറിന്റെ പത്തിലൊന്നിനടുത്തൊക്കെയേ വില വരൂ എന്നതാണ് ഏറ്റവും രസകരമായ കാര്യം. ബിഎംഡബ്ല്യു 760 എല്‍ഐ ആര്‍മേഡ് വാഹനമാണ് മുകേഷിന്റെ കലക്ഷനിലെ എക്‌സ്‌പെന്‍സീവ് വാഹനം. ബിഎംഡബ്ല്യുവിനു പുറമെ, മെഴ്സിഡസ്, റോള്‍സ് റോയ്സ് എന്നിങ്ങനെ 170ഓളം വാഹനങ്ങള്‍ അദ്ദേഹത്തിന്റെ ഗാരേജിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും വില കൂടിയ കാറുകള്‍ക്ക് പരമാവധി 15-20 കോടിയുടെ അടുത്തൊക്കെയോ വില വരൂ.

നിത അംബാനിയുടെ ആഡംബരപ്രിയത എപ്പോഴും വാര്‍ത്തയാകാറുണ്ട്. 500 കോടി രൂപ മൂല്യമുള്ള മരതക ആഭരണങ്ങളും 40 ലക്ഷം രൂപയുടെ സാരിയും 1.5 കോടി രൂപയുടെ ജാപ്പനീസ് ടീ സെറ്റുമെല്ലാം അക്കൂട്ടത്തില്‍ പറഞ്ഞുകേള്‍ക്കുന്ന ചിലതു മാത്രമാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News