സെലാരിയോ, ബലേനോ, സ്വിഫ്റ്റ് കാറുകളുടെ സി.എൻ.ജി വേരിയന്റുമായി മാരുതി; ഇനി ചുരുങ്ങിയ ചെലവിൽ കാർ യാത്ര

നിലവിൽ പുറത്തിറക്കുന്ന 15 മോഡലുകളിൽ ഏഴെണ്ണത്തിലാണ് സി.എൻ.ജിയെന്നും മറ്റു മോഡലുകളിൽ കൂടി സൗകര്യം കൊണ്ടുവരാനാണ് പരിശ്രമമെന്നും മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സിനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ

Update: 2021-11-21 11:26 GMT

ചുരുങ്ങിയ ചെലവിൽ കാർ യാത്ര ഒരുക്കാൻ സെലാരിയോ, ബലേനോ, സ്വിഫ്റ്റ് കാറുകളുടെ സി.എൻ.ജി വേരിയൻറുമായി രാജ്യത്തെ സുപ്രധാന കാർനിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ. പ്രാകൃതി സൗഹൃദപരമായ സി.എൻ.ജി( കംപ്രസ്ഡ് നാച്ചറൽ ഗ്യാസ്) ഉപയോഗിച്ച് ഓടിക്കാവുന്ന തരത്തിൽ മാരുതി സുസുകി സ്വിഫ്റ്റ്, ബലേനോ, വിറ്റാര ബ്രെസ്സ, എക്‌സ് എൽ 6, എസ് ക്രോസ് എന്നിവയാണ് തദ്ദേശീയ കമ്പനിയായ മാരുതി നിർമിക്കുന്നത്. പെട്രോൾ, ഡീസൽ വിലവർധനവും ഡീസൽ കാറുകളുടെ വിൽപ്പന കുറഞ്ഞതും തീരുമാനത്തിന് പിറകിലുണ്ട്. നിലവിൽ സി.എൻ.ജി ഉപയോഗിച്ചുള്ള വാഹനവിപണയിലെ 85 ശതമാനവും മാരുതിയുടേതാണ്. 2020 -21 സാമ്പത്തിക വർഷത്തിൽ കമ്പനി 1.62 ലക്ഷം വാഹനങ്ങളാണ് വിറ്റിരിക്കുന്നത്. അടുത്ത വർഷം വിൽപ്പന ഇരട്ടിയാക്കാനാണ് കമ്പനിയുടെ പദ്ധതി. മൂന്നു ലക്ഷം സി.എൻ.ജി വാഹനങ്ങൾ വിൽക്കണമെന്ന് കരുതുന്ന കമ്പനി ഉൽപ്പന്നങ്ങളുടെ നിരയിലും കൂടുതൽ വൈവിധ്യം കൊണ്ടുവരും.

Advertising
Advertising

''നിലവിൽ പുറത്തിറക്കുന്ന 15 മോഡലുകളിൽ ഏഴെണ്ണത്തിലാണ് സി.എൻ.ജി സൗകര്യം. മറ്റു മോഡലുകളിൽ കൂടി സൗകര്യം കൊണ്ടുവരാനാണ് നമ്മുടെ പരിശ്രമം'' മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സിനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. നിലവിൽ മാരുതി സുസുകിയുടെ ആൾട്ടോ, എക്കോ, എസ് പ്രസ്സോ, വാഗൺആർ, ടൂർസ്, സൂപ്പർ കാരി മോഡലുകളിലാണ് സി.എൻ.ജി സൗകര്യം ലഭ്യമായിട്ടുള്ളത്. കമ്പനി തന്നെ സി.എൻ.ജി സൗകര്യം ലഭ്യമാക്കുന്നത് സുരക്ഷിതവും ചെലവു കുറഞ്ഞതുമാണെന്നും എന്നാൽ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ശ്രീവാസ്തവ വ്യക്തമാക്കി. ഇന്ത്യൻ ഉപഭോക്താക്കൾ ഉപയോഗത്തിൽ വരുന്ന ചിലവുകളെ കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കളാണെന്നും അതുകൊണ്ട് സി.എൻ.ജി വാഹനങ്ങൾക്ക് ഏറെ ആവശ്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തുടനീളം സി.എൻ.ജി സൗകര്യമേർപ്പെടുത്തുന്ന കേന്ദ്രങ്ങൾ തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. നിലവിൽ 293 നഗരങ്ങളിൽ സി.എൻ.ജി ലഭ്യമാണ്. അതുതന്നെ ഒരു വർഷം കൊണ്ട് ഇരട്ടിയായതാണ്. 2022 ഓടെ 330 നഗരങ്ങളിൽ സി.എൻ.ജി ലഭ്യമാകും. 3,300 സി.എൻ.ജി ഫില്ലിംഗ് സ്‌റ്റേഷനുകളാണ് രാജ്യത്തുള്ളത്. 2025 ഓടെ ഇവ മൂന്നു മടങ്ങാകും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News