കാത്തിരിപ്പ് മതിയാക്കാം; പുതിയ ബ്രസ എന്ന് വരുമെന്ന് വ്യക്തമാക്കി മാരുതി

പുതിയ ബ്രസയുടെ ഏറ്റവും വലിയമാറ്റം അതിന്റെ പേരിൽ തന്നെയാണ്. ഇത്രയും നാളും കൊമ്പന് നെറ്റിപ്പട്ടം പോലെ കൂടെയുണ്ടായിരുന്ന വിറ്റാര എന്ന പേര് ഇനിയുണ്ടാകില്ല

Update: 2021-12-09 12:18 GMT
Editor : Nidhin | By : Web Desk
Advertising

കഴിഞ്ഞ കുറച്ചു നാളുകളായി മാരുതി ഷോറൂമുകളിൽ വരുന്ന അന്വേഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് അവരുടെ ജനപ്രിയ എസ്.യു.വിയായ ബ്രസയുടെ പുതിയ മോഡൽ എന്ന് വരും എന്നത്. ഇപ്പോൾ അതിന് ഉത്തരമായിരിക്കുകയാണ്. മാത്രമല്ല വാഹനത്തിന്റെ കൂടുതൽ ചിത്രങ്ങളും പുറത്തുവന്നു.

2016 ൽ പുറത്തിറങ്ങിയത് മുതൽ 2020 ൽ നൽകിയ ഫേസ് ലിഫ്റ്റ് ഒഴിച്ചുനിർത്തിയാൽ വലിയ മാറ്റങ്ങളൊന്നും കമ്പനി ബ്രസ നൽകിയിട്ടില്ല. എന്നിരുന്നാലും ഇന്ന് മാസ വിൽപ്പന കണക്കിൽ മുൻനിരയിൽ തന്നെ വിറ്റാര ബ്രസയുണ്ട്.

വാഹനത്തിന് വലിയൊരു അപ്ഡേറ്റ് നൽകുമെന്ന് മാരുതി നേരത്തെ അറിയിച്ചിരുന്നു.

പുതിയ ബ്രസയുടെ ഏറ്റവും വലിയമാറ്റം അതിന്റെ പേരിൽ തന്നെയാണ്. ഇത്രയും നാളും കൊമ്പന് നെറ്റിപ്പട്ടം പോലെ കൂടെയുണ്ടായിരുന്ന വിറ്റാര എന്ന പേര് ഇനിയുണ്ടാകില്ല- അത് മാഞ്ഞുപോകും. ഇനി ബ്രസ എന്നു മാത്രമായിരുക്കും പുതിയ വാഹനത്തിന്റെ പേര്.

ലുക്കിൽ കാര്യമായ മാറ്റം പുതിയ മാരുതി ബ്രസയിലുണ്ടാകും. പുതിയ ഫെൻഡറും ബോണറ്റുമായിരിക്കും പുതിയ ബ്രസക്ക്. ബോണറ്റ് കൂടുതൽ ഫ്ലാറ്റാകും. ഹെഡ്ലൈറ്റ്, ഗ്രിൽ എന്നിവയിൽ മാറ്റമുണ്ടാകും. നിലവിലുള്ള ബ്രസയിലുള്ള ഗ്രില്ലിലെ ക്രോം ലൈനുകൾ പുതിയ മോഡലിലും തുടരും.

അതേസമയം വശങ്ങളിൽ നിന്ന് നോക്കിയാൽ മനസിലാകുന്ന കാര്യം വാഹനത്തിന്റെ നിലവിലെ സ്ട്രക്ച്ചറിൽ മാറ്റമില്ല എന്നതാണ്. അതേസമയം പുതിയ ഡിസൈനിലുള്ള ബോഡി ക്ലാഡിങ് വാഹനത്തിനുണ്ടാകും. പിന്നെ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ ഫാക്ടർ ഇത്രയും നാളും ആരാധകർ ആവശ്യപ്പെട്ടിരുന്ന സൺ റൂഫ് പുതിയ ബ്രസയിലുണ്ടാകും. എന്നാൽ ഇത് ഉയർന്ന മോഡലുകളിൽ മാത്രമായിരിക്കും.

ടെയിൽ ലാമ്പ് ഡിസൈനിലും മാറ്റം വന്നതോടെ വാഹനത്തിന്റെ പിറകിൽ നിന്ന ലുക്കിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. പുതിയ ടെയിൽ ലാമ്പ് ടെയിൽ ഗേറ്റിന്റെ പകുതിയോളം അപഹരിക്കുന്നുണ്ട്. പിറകിൽ ബ്രസ് എന്ന വലിയ ബ്രാൻഡിങ് ഈ മോഡലിലും തുടരുന്നുണ്ട്. ഫേക്കായ ഒരു സ്‌കിഡ് പ്ലേറ്റും നൽകിയിട്ടുണ്ട്.

പുതിയ ബ്രസയും അതിന് മുമ്പ് പുറത്തിറങ്ങാൻ പോകുന്ന ബലേനോയും തമ്മിൽ ഇന്റീരിയറിലെ നിരവധി കാര്യങ്ങൾ പങ്കുവെക്കുന്നുണ്ട്. പുതിയ ഡാഷ് ബോർഡ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിങ് വീൽ, കൺട്രോൾ സ്റ്റാക്കുകൾ, പുതിയ പോപ്പ് അപ്പ് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ മാരുതിയുടെ പുതിയ ഡിജിറ്റൽ ആർക്കിടെക്കച്ചറിന്റെ ഉത്പന്നമായിരിക്കും പുതിയ ബ്രസയുടെ ഇന്റീരിയർ.

അതേസമയം വാഹനത്തിന്റെ പ്ലാറ്റ്ഫോമിൽ മാറ്റമുണ്ടാകില്ല. നിലവിലെ സുസുക്കി ഗ്ലോബൽ സി എന്ന പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും ബ്രസ നിർമിക്കുന്നത്. എസ്-ക്രോസും ഇതേ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്.

നിലവിൽ ബ്രസയിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിന്റെ കൂടുതൽ എഫിഷ്യന്റായ വേരിയന്റായിരിക്കും പുതിയ മോഡലിന് കരുത്ത് പകരുക.

അടുത്തവർഷം പകുതിയോടെ മോഡൽ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 8 ലക്ഷത്തിനും 12.5 ലക്ഷത്തിനുമിടയിലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News