വാങ്ങിയ മൂന്നാം ദിവസം തീഗോളമായി ടെസ്‌ല എസ് പ്ലെയ്ഡ്; കത്തിനശിച്ചത് ഒരു കോടിയുടെ സൂപ്പർ കാർ

പോർഷെയേക്കാൾ വേഗത, വോൾവോയേക്കാൾ സുരക്ഷിതം എന്നാണ് കാറിനെ പരിചയപ്പടുത്തവെ ഇലോൺ മസ്‌ക് പറഞ്ഞിരുന്നത്

Update: 2021-07-09 13:11 GMT
Editor : abs | By : Web Desk
Advertising

കൊടുക്കുന്ന പണത്തിന്റെ മൂല്യം എല്ലാ അർത്ഥത്തിലും തിരിച്ചുനൽകുന്ന കമ്പനിയാണ് ടെസ്‌ല. സുരക്ഷയിലും സൗകര്യങ്ങളിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്നതാണ് ഇലോൺ മസ്‌കിന്റെ കമ്പനിയുടെ പ്രത്യേകത. ഈ പെരുമയ്ക്കിടെയാണ് യുഎസിലെ പെൻസിൽവാനിയയിൽ ജൂൺ 29നുണ്ടായ അപകടം കമ്പനി അധികൃതരെ ഞെട്ടിച്ചിരിക്കുന്നത്. നിരത്തിലിറക്കിയ മൂന്നാം ദിനം തന്നെ സൂപ്പർകാറായ എസ് പ്ലെയ്ഡ് കത്തിനശിച്ചതാണ് ടെസ്‌ലക്ക് തലവേദന സൃഷ്ടിച്ചത്.

129,990 ഡോളറാണ് ടെസ്‌ല എസ് പ്ലെയ്ഡിന്റെ വിപണി വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 97 ലക്ഷം രൂപ വില വരും. ഇത്രയും വില പിടിപ്പുള്ള വാഹനമാണ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത്. പുക ഉയർന്ന ഉടൻ പുറത്തിറങ്ങിയതിനാൽ ഉടമ പരിക്കില്ലാതെ രക്ഷപ്പെട്ടു.

പൂജ്യത്തിൽ നിന്ന് 96 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 1.99 സെക്കൻഡ് മാത്രമെടുക്കുന്ന അതിവേഗ കാറാണ് എസ് പ്ലയ്ഡ്. മണിക്കൂറിൽ 200 മൈൽ അഥവാ 321 കിലോമീറ്ററാണ് പരമാവധി വേഗം. ഇത്രയും വേഗത്തിൽ പറപറന്നാലും ബാറ്ററി തീർന്നു പോകുമെന്ന് കരുതേണ്ട. ഒറ്റച്ചാർജിൽ 627 കിലോമീറ്ററാണ് ടെസ്‌ല വാഗ്ദാനം ചെയ്യുന്നത്. പോർഷെയേക്കാൾ വേഗത, വോൾവോയേക്കാൾ സുരക്ഷിതം എന്നാണ് കാറിനെ പരിചയപ്പടുത്തവെ ഇലോൺ മസ്‌ക് പറഞ്ഞിരുന്നത്. 


തീപിടിത്തതിന് പിന്നാലെ, എല്ലാ എസ് പ്ലെയ്ഡ് കാറുകളെയും അടിയന്തരമായി തിരിച്ചുവിളിക്കണമെന്ന് ഉടമ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ് എന്നും അതു പൂർത്തിയായാൽ മാത്രമേ എന്തെങ്കിലും നടപടിയെടുക്കാനാകൂ എന്നും ടെസ്‌ല അധികൃതർ അറിയിച്ചു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News