ഇന്ത്യയിലേക്കില്ല; ഇലോൺ മസ്കിന്റെ ടെസ്ല ഇന്തൊനേഷ്യയിലേക്ക്

30 ലക്ഷം രൂപയ്ക്കു മുകളിൽ വിലവരുന്ന വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ 100 ശതമാനം നികുതിയാണ് കേന്ദ്രസർക്കാർ ചുമത്തുന്നത്.

Update: 2022-05-17 11:40 GMT
Editor : André | By : Web Desk
Click the Play button to listen to article

ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള ഉദ്യമങ്ങൾ നിർത്തിവെച്ച് ലോകത്തെ ഒന്നാംനിര ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ല ഇന്തൊനേഷ്യയിലേക്ക്. ഇന്തൊനേഷ്യൻ പ്രസിഡണ്ട് ജോകോ വിദോദോയുടെ ക്ഷണപ്രകാരമാണ് മസ്‌ക് ടെസ്ല കാറുകളുടെ ഉൽപ്പാദനം തുടങ്ങാൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി മസ്‌ക് ഈ വർഷാവസാനം ഇന്തൊനേഷ്യ സന്ദർശിക്കും.

കഴിഞ്ഞ ദിവസം ഇലോൺ മസ്‌ക് യു.എസ്സിലെ ബൊക്കചിക്കയിലുള്ള തന്റെ സ്‌പേസെക്‌സ് ആസ്ഥാനത്തുവെച്ച് ജോകോ വിദോദോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ രാജ്യത്തെ സമ്പന്നമായ നിക്കൽ നിക്ഷേപം ഇലക്ട്രിക് കാറുകൾക്കുള്ള ബാറ്ററികൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ ഉപയോഗിക്കാമെന്ന് വിദോദോ മസ്‌കിനെ ധരിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സംഭാഷണത്തിൽ ഇരുകൂട്ടരും സംതൃപ്തരാണെന്നും ഈ വർഷം നവംബറിൽ മസ്‌ക് ഇന്തൊനേഷ്യ സന്ദർശിക്കുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടെസ്ല നിർമാണ യൂണിറ്റ് ഇന്ത്യയിൽ ആരംഭിക്കാൻ ഇലോൺ മസ്‌ക് ലക്ഷ്യമിട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നടക്കാതെ പോവുകയായിരുന്നു. ആദ്യ ഘട്ടത്തിൽ വിദേശത്തു നിർമിച്ച കാറുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിൽക്കാമെന്നും പിന്നീട് ഫാക്ടറി സ്ഥാപിക്കാമെന്നുമായിരുന്നു ടെസ്ലയുടെ പദ്ധതി. ഇതിനായി ഇറക്കുമതി തീരുവ കുറക്കാൻ മസ്‌ക് കേന്ദ്രസർക്കാറിനോടഭ്യർത്ഥിച്ചു. എന്നാൽ, ആദ്യം ഇന്ത്യയിൽ പ്രവർത്തനം തുടങ്ങൂ, നികുതി കുറക്കുന്ന കാര്യം വഴിയേ ആലോചിക്കാം എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ മറുപടി.

നിലവിൽ 30 ലക്ഷം രൂപയ്ക്കു മുകളിൽ വിലവരുന്ന വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ 100 ശതമാനം നികുതിയാണ് കേന്ദ്രസർക്കാർ ചുമത്തുന്നത്. 30 ലക്ഷത്തിൽ കുറവ് വിലയുള്ളതിന് 60 ശതമാനവും. ടെസ്ലയുടെ ഏറ്റവും വിലകുറഞ്ഞ കാറായ 'മോഡൽ 3'ക്ക് യു.എസ് മാർക്കറ്റിൽ 46,990 ഡോളർ (36.5 ലക്ഷം രൂപ) മുതൽക്കാണ് വില ആരംഭിക്കുന്നത്. നിലവിലെ നികുതിഘടന പ്രകരാം ഇത് ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിൽക്കുമ്പോൾ 70 ലക്ഷത്തോളം വിലയിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് ടെസ്ല കേന്ദ്ര സർക്കാറിനോട് നികുതിയിളവ് ആവശ്യപ്പെട്ടത്. എന്നാൽ, അനുകൂലമായ തീരുമാനം സർക്കാർ കൈക്കൊണ്ടില്ല.

ടെസ്ല കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ഇലോൺ മസ്‌കിനെ സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം റായ്‌സിന ഡയലോഗിനിടെ പറഞ്ഞിരുന്നു. ഇന്ത്യയിൽ കാറുകൾ വിൽക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവ ഇന്ത്യയിൽ തന്നെ നിർമിക്കണമെന്നും ചൈനയിലുണ്ടാക്കിയത് ഇവിടെ വിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്ര, തെലങ്കാന എന്നിവയടക്കം അഞ്ച് സംസ്ഥാനങ്ങൾ ടെസ്ലയെ തങ്ങളുടെ നാട്ടിൽ പ്ലാന്റുണ്ടാക്കാൻ ക്ഷണിച്ചെങ്കിലും അമേരിക്കൻ കമ്പനി അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമം ടെസ്ല നേരത്തെ തന്നെ ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യയിൽ നിയമിച്ച ജീവനക്കാർക്ക് മറ്റ് മാർക്കറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ടെസ്ലയുടെ സൂപ്പർചാർജർ നെറ്റ്‌വർക്ക് സ്ഥാപിക്കാനുള്ള ചുമതലയുണ്ടായിരുന്ന നിശാന്ത് പ്രസാദ് നിലവിൽ കമ്പനിയുടെ ഏഷ്യാ പസഫിക് മേഖലയിലെ ചാർജിങ് ഓപറേഷൻസിന്റെ മേധാവിയാണ്. ഇന്ത്യയിൽ ടെസ്ല ആദ്യമായി ജോലിക്കെടുത്ത മനോജ് ഖുറാനയാകട്ടെ, കഴിഞ്ഞ മാസം മുതൽ കാലിഫോർണിയയിലാണ് ജോലി ചെയ്യുന്നത്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News