ബഹ്റൈനിൽ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കി
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വ്യായാമ മുറ പരിശീലിപ്പിച്ചയാൾക്ക് ഒരു വര്‍ഷം തടവും 3,000 ദിനാർ പിഴയുമാണ് ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്
ബഹ്റൈനിൽ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങൾക്കെതിരെയുള്ള നടപടികൾ അധികൃതർ കർശനമാക്കി. 653 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വ്യായാമ മുറ പരിശീലിപ്പിച്ചയാൾക്ക് ഒരു വര്‍ഷം തടവും 3,000 ദിനാർ പിഴയുമാണ് ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി വിധിച്ചു. സ്പോര്‍ട്സ് സ്ഥാപന ഡയറക്ടര്‍ക്ക് 3,000 ദിനാര്‍ പിഴ വിധിക്കുകയും ചെയതു. സ്പോര്‍ട്സ് ഹാളുകളുടെ പ്രവര്‍ത്തനത്തിന് നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതായി കണ്ടത്തെിയതിനെത്തുടര്‍ന്നാണ് സ്ഥാപനയുടമക്കും കോര്‍ഡിനേറ്റര്‍ക്കുമെതിരെ കർശന നടപടി സ്വീകരിച്ചത്. ഇവിടെ വ്യായാമ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന 24 പേര്‍ക്ക് കോവിഡ് രോഗബാധ കണ്ടെത്തി.
രാജ്യത്ത് രോഗബാധിതനായ ഒരു പ്രവാസിയിൽ നിന്ന് 23 പേർക്ക് രോഗം പകർന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞ രണ്ട് പേർ കൂടി ഇന്ന് മരിച്ചു. പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട 653 പോസിറ്റീവ് കേസുകളിൽ 203 പേരാണ് പ്രവാസികൾ. 640 പേർക്ക് കൂടി രോഗവിമുക്തി ലഭിച്ചിട്ടുണ്ട്. നിലവിൽ 6187 പേരാണ് വിവിധ ചികിൽസയിൽ കഴിയുന്നത്.