ബഹ്റൈനിൽ ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവക്ക് മാർച്ച് 14 വരെ നിയന്ത്രണം
സാമൂഹിക അകലം പാലിക്കൽ, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ എന്നീ നിയന്ത്രണങ്ങൾ മെയ് 31 വരെ തുടരും.
ബഹ്റൈനിൽ ഇൻഡോർ ഡൈനിംഗിനും ജിംനേഷ്യങ്ങൾ, സ്വിമ്മിങ് പൂളുകൾ എന്നിവക്കുമുള്ള നിയന്ത്രണങ്ങൾ മാർച്ച് 14 വരെ മാത്രം. അതേസമയം സാമൂഹിക അകലം പാലിക്കൽ, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ എന്നീ നിയന്ത്രണങ്ങൾ മെയ് 31 വരെ തുടരും.
ഡൈനിംഗ് സൗകര്യങ്ങൾക്കും ജിംനേഷ്യങ്ങൾ, സ്വിമ്മിംഗ് പൂൾ എന്നിവക്കുമുള്ള നിയന്ത്രണങ്ങൾ നിലവില്‍ മാർച്ച് 14 വരെയുള്ള കാലയളവിലേക്ക് മാത്രമായിരിക്കും. എന്നാൽ ഇവക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 14ന് ശേഷവും തുടരണമോ എന്ന് പിന്നീടാണ് തീരുമാനിക്കുക. മൂന്ന് മാസം വരെ നീട്ടിയ നിയന്ത്രണങ്ങളിൽ ഇവ ഉൾപ്പെടുമോ എന്ന സംശയമകറ്റിയാണ് ആരോഗ്യ മന്ത്രാലയം കോവിഡ് പ്രതിരോധ നടപടികൾ വ്യക്തമാക്കിയത്.
രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞവരില്‍ ഒരാൾ കൂടി ഇന്നലെ മരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ച 617 പേരിൽ 229 പേരാണ് പ്രവാസികൾ. 374 പേർക്ക് സമ്പർക്കത്തിലൂടെയും 14 പേർക്ക് വിദേശ യാത്രയിൽ നിന്നും രോഗം പകർന്നു. നിലവിൽ ചികിൽസയിൽ കഴിയുന്ന 6856 പേരിൽ 66 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 617 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.