ബഹ് റൈനിൽ പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങൾ ഏരിയാ തലങ്ങളിലേക്ക്
റിഫ ഏരിയയിൽ കൺവെൻഷൻ സംഘടിപ്പിച്ചു
ബഹ്റൈനിൽ പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങൾ ഏരിയാ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി റിഫ ഏരിയയിൽ കൺവെൻഷൻ സംഘടിപ്പിച്ചു. കെ.എം. സി.സി ഹാളിൽ നടന്ന കൺവെൻഷൻ ഡോ: ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ടി.എം. രാജൻ തുടങ്ങിയവർ സംസാരിച്ചു. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പലിശ സംഘത്തിൻ്റെ ചൂഷണത്തിനിരയായവരും യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. പലിശയുടെ പേരിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഏരിയാ കൺവെൻഷനുകൾ വിളിച്ചു ചേർക്കാൻ പലിശ വിരുദ്ധ സമിതി നിർവാഹക സമിതി യോഗം തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ആദ്യ ഏരിയാ തല കൺ വെൻഷൻ വിളിച്ചു ചേർത്തത്. റിഫയിൽ നിന്നും നിരവധി പരാതികളാണ് സമിതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. റിഫയിൽ പലിശമുടങ്ങിയതിന്റെ പേരിൽ ഒരാളെ ഈയിടെ മലയാളികളായ പലിശ സംഘം തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച സംഭവത്തിൽ സമിതിയുടെ ഇടപെടൽ മൂലമാണ് പരിഹാരമുണ്ടായത്. തൊഴിൽ തേടി പ്രവാസ ലോകത്തെത്തുന്നവരിൽ ചിലർ തന്നെയാണ് പലിശസംഘങ്ങളായി മാറുന്നത്. രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്ന പലിശ സംഘത്തെ സമൂഹത്തിന്റെയും നിയമത്തിന്റെയും മുൻപിൽ കൊണ്ടുവരേണ്ടതുണ്ട്. പലിശ കെണിയിൽപെട്ട് ജീവിതം പ്രതിസന്ധിയിലായിപ്പോവുന്ന പ്രവാസികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്ന പ്രവർത്തന രീതിയാണ് സംഘടനയുടെതെന്ന് അദ്ദേഹം പറഞ്ഞു. പാർലിമെന്റ് മെമ്പർമാരുടെയും മറ്റ് ഉന്നത അധികാരികളുടെയും ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സമിതി ഭാരവാഹികൾ. പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങളുമായി എല്ലാ പ്രവാസികളും സഹകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.കൂടുതൽ വിവരങ്ങൾക്ക് 38459422, 33882835, 35576164 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.